ജാനകി

ഈ ബസ് ഇതെന്ത ഇത്ര ലേറ്റ്. സന്ധ്യ ആകാറായി വീട്ടിൽ ചെല്ലുമ്പോ ഇരുട്ടൂല്ലോ..? ജാനകിയാണേൽ വീട്ടിൽ ഒറ്റയ്ക്കാണ്. കൂടെ വേറെ ആരുമില്ല. നേരത്തെ ചെന്നില്ലെൽ അവൾക്ക് പേടിയാകും. അവൾക്കാണേൽ ഈയിടെയായി ശരീരത്തിന് തീരെ വയ്യെന്നു പറഞ്ഞു, വേഗം വീട്ടിൽ ചെല്ലണം. ശോ.. ഇന്ന് ബസ് ഇല്ലേ..? ഏതേലും വണ്ടിയ്ക്കു കൈകാട്ടി കേറാം. ദൂരേന്ന് ഒര് ബൈക്ക് വരുന്നുണ്ടല്ലോ.. ഞാനതിനെ കൈകാണിച്ചു നിർത്തി. ” ഹലോ..ചെമ്പകശ്ശേരി വഴിയാണോ പോകുന്നത്..? ” “അതെ..വാ.. “ഞാൻ ഓടിച്ചെന്നു ബൈക്കിൽ കേറിയിരുന്നു. ബൈക്ക് കുറെ ദൂരം ചെന്നു.ആ പയ്യനോട് ഞാൻ ഒന്നും തന്നെ മിണ്ടിയിരുന്നില്ല. ഞങ്ങൾ ചെമ്പകശ്ശേരി എത്താറായി. “മോനെ.., വണ്ടി ഇവിടെ നിർത്തിക്കോ.. ഇതാ ചെമ്പകശ്ശേരി.. !! മോനെങ്ങോട്ടേയ്ക്ക ഇനി..? “”ആണോ..! ഞാൻ ചെമ്പകശ്ശേരിയിൽ ഒരാളെ തിരക്കി വന്നതാ.. “”ആരാ..? “” ഇവിടെ മുകുന്ദൻ എന്ന് പേരുള്ള ഒരാളെ കാണണം. “”മുകുന്ദനെയോ..? ഇവിടെ ഒരുപാട് മുകുന്ദൻ ഉണ്ട്..വീട്ടുപേര് പറയാമോ..? “”പുത്തൻ വീട്. “ഇതാരാ.. ഈ നേരം എന്നെ തിരക്കി. ഏതായാലും കാര്യം മൊത്തത്തിൽ തിരക്കാം, എന്നിട്ട് പറയാം. “മോൻ മുകുന്ദനെ കണ്ടിട്ടുണ്ടോ..? മുകുന്ദന്റെ വീട് അറിയാമോ..? “”ഇല്ല..പോയി കണ്ട് പിടിക്കണം. “”ഞാനേതായാലും വഴി പറഞ്ഞു തരാം.എന്നാലും, മുകുന്ദനെ എന്തിനാ തിരക്കി പോകുന്നത്..? ” “എനിക്ക് ഒന്ന് അയാളെ കാണണം.””കാര്യം എന്താ..? “”ചേട്ടാ.. എനിക്ക് അവരുടെ വീട്ടിലേക്കു പോകുന്ന വഴി പറഞ്ഞു തന്നാൽ മതി. ബാക്കി അവരോട് പറയാൻ ഉള്ളതാണ്. “പയ്യന്റെ ആ മറുപടി എന്റെ മുഖത്തു അടിച്ചപോലെ ആയിപോയി. ഞാനാണ് മുകുന്ദൻ എന്ന് ഇനി പറഞ്ഞാൽ ഈ പയ്യൻ വിശ്വസിക്കുമോ..? എന്നാലും പറഞ്ഞു നോക്കാം.. “മോനെ.. ! മോൻ അന്വേഷിക്കുന്ന മുകുന്ദൻ ഞാനാ..””നിങ്ങളോ..? എങ്കിൽ നേരത്തെ എന്താ പറയാത്തെ..? “”അതുപിന്നെ.. “”ശരി.. നിങ്ങളുടെ പക്കൽ മുകുന്ദൻ ആണെന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടോ..? “”തെളിവോ..? മോനെ.. ഞാനാ മുകുന്ദൻ..! ഇപ്പോ തരാം തെളിവ്. “എന്റെ പേഴ്സിൽ നിന്നും ഞാൻ പാൻകാർഡ് എടുത്ത് കാണിച്ചു. “ഇപ്പോ..വിശ്വാസം വന്നോ..? ഞാനാണ് മുകുന്ദൻ..! ഇനി കാര്യം പറഞ്ഞോളൂ.. “ആ പയ്യന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എനിക്ക് ഒന്നും മനസിലായില്ല. അവൻ ബൈക്കിൽ നിന്നും ഇറങ്ങി. കണ്ണുകൾ തുടച്ചുകൊണ്ട് എന്റെ അടുക്കലേക്ക് വനെന്നെ കെട്ടിപിടിച്ചു.”അച്ഛാ..! ” “അച്ഛനോ.? ഞാനോ.? “”അതെ..! എന്റെ അച്ഛൻ..! മുകുന്ദൻ..! “”മോനെന്താ ഈ പറയുന്നത്..? എനിക്ക് കുട്ടികളില്ല..! പിന്നെ എങ്ങനെ ഞാൻ മോന്റെ അച്ഛനാകും..? “”അറിയാം..! എന്റെ അമ്മ അവസാന നിമിഷങ്ങളിലാണ് എല്ലാം എന്നോട് പറഞ്ഞത്. “”എന്ത്..? മോന്റെ അമ്മയുടെ പേരെന്താ..? “”എന്റെ അമ്മ സുഭദ്ര..! “”സുഭദ്രയോ.. !!”” അതെ..!, “” എവിടെയാണ് സുഭദ്ര ഇപ്പോൾ..? “”അമ്മ മരിച്ചു..”എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എനിക്ക് സങ്കടം സഹിക്കാൻ ആയില്ല. “അമ്മ മരിക്കുന്നതിന്റെ അവസാന നിമിഷങ്ങളിലാണ് അച്ഛന്റെ കാര്യങ്ങൾ പറഞ്ഞത്. അമ്മയുടെ മരണശേഷം അച്ഛന്റെ അടുക്കൽ പോണമെന്നും പറഞ്ഞു. “”മോനെ..! “ഞാനവനെ വാരി പുണർന്നു. എനിക്ക് സങ്കടവും അതിലുപരി സന്തോഷവും മനസ്സിൽ വന്നു നിറഞ്ഞു. സുഭദ്രയുടെ വിയോഗം എന്നെ സങ്കടത്തിൽ ആഴ്ത്തിയെങ്കിലും, എനിക്കൊരു മകനുണ്ട് എന്നതിൽ പതിമടങ്ങു സന്തോഷം വന്നു നിറഞ്ഞു.”മോനെ..സുഭദ്ര എങ്ങനെയാണ് മരിച്ചത്..? “”അമ്മക്ക് ഹൃദയാഘാദം ആയിരുന്നു, പെട്ടന്നായിരുന്നു മരണം. “”നിങ്ങൾ എവിടെ ആയിരുന്നു ഇത്രെയും നാൾ..? സുഭദ്രയെ തിരക്കി ഞാനും ജാനകിയും ഒരുപാട് നടന്നു, കണ്ടില്ല.””ഞങ്ങൾ അങ്ങ് വടക്കായിരുന്നു. മലപ്പുറം..! അമ്മ എന്റെ കൈയിൽ ഒര് കത്ത് തന്നിരുന്നു അച്ഛന്റെ കൈയിൽ കൊടുക്കാനായി. “അവൻ ബാഗിൽ നിന്നും ഒര് കത്തെടുത്തു എനിക്കു നീട്ടി. ഞാനാ കത്ത് വായിച്ചു. “പ്രിയപ്പെട്ട മുകുന്ദേട്ടാ., ഈ കത്ത് കൊണ്ട് വരുന്നത് നമ്മുടെ മകനാണ് അനിരുദ്ധ്..!അവനെ ഇനി ഏട്ടനും, ജാനകിയും നോക്കണം. എന്റെ ആരോഗ്യ സ്ഥിതി മോശമായി വരുകയാണ്, ഇനി അധികകാലം ഞാൻ ജീവിച്ചിരിക്കില്ല. ഇവനിനി ആരുമില്ല..ഇനി മുതൽ നിങ്ങളാണ് ഇവനു അച്ഛനും, അമ്മയും. അന്ന് മുകുന്ദേട്ടൻ എന്റെ വീട് വിട്ട് പോയപ്പോൾ എല്ലാം കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്. നമ്മളുടെ ഓർമകളെ ഞാൻ മറക്കാൻ ശ്രമിച്ചെങ്കിലും എനിക്കുള്ളിൽ ഇവൻ വളരുന്നത് പിന്നിടാണ് ഞാൻ അറിഞ്ഞത്. അവനെ ഇല്ലാതാക്കാൻ എനിക്കായില്ല. കാരണം, ഇനിയൊരു ജീവിതം എനിക്കില്ലായെന്നു കരുതിയ ഞാൻ അനിരുദ്ധിനു വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. പിന്നെ എനിക്ക് ഇവിടെ അധികകാലം തുടരനായില്ല. ഈ നാടുവിട്ടു പോകേണ്ടി വന്നു. തുടക്കത്തിൽ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. പിന്നെ എങ്ങനെയൊക്കെയോ ഇവനെ വളർത്തി വലുതാക്കി. ഏട്ടന്റെ പക്കൽ ഇവൻ എത്തിയെന്നു വിശ്വസിക്കുന്നു. ഇവന് ഇനി ഏട്ടനും, ജാനകിയും മാത്രേ ഉള്ളു.. ഇവനെ നോക്കണം.. ” വിശ്വാസത്തോടെ.. സുഭദ്ര,..കത്ത് വായിച്ചതും എന്റെ മനസ്സ് തകർന്നടിഞ്ഞു.. ഞാനാകെ ജീവനറ്റു പോയതായി തോന്നി..ഞാനിത് എങ്ങനെ ജാനകിയോട് പറയും.വയ്യാത്ത അവൾക്ക് ഇത് ഉൾകൊള്ളാൻ ആകുമോ..? അനിരുദ്ധിനെ കണ്ടതും അവൾക്ക് ഏതെങ്കിലും പറ്റിയാൽ..? നാളെ ഈ സമൂഹത്തിൽ ഞാൻ ഇവനെ എങ്ങനെ പരിചയപ്പെടുത്തും..?എനിക്ക് മറ്റൊരു സ്ത്രീയിൽ പിറന്നവനെന്നോ..? എനിക്ക് ഒന്നും മനസിലാകുന്നില്ല.ഒരായിരം ചോദ്യങ്ങൾക്ക് നടുവിൽ ഞാൻ ഒറ്റപെട്ടു നിന്നു..എന്റെ ഫോണിൽ ഒര് കോൾ വന്നു..ഞാനതെടുത്തു നോക്കി. ജാനകി..!പേടിയോടെയും, പരിഭ്രമത്തോടെയും ഞാനാ ഫോണെടുത്തു. “ഹലോ..! ഏട്ടാ.. എവിടെത്തി..? “”ഹലോ..! ഞാൻ വഴിവരെ ആയി, ഇപ്പോ വരും.. ! “”എങ്കിൽ ശരി.. “”മ്മ്..”ഞാൻ രണ്ടും കല്പിച്ചു അനിരുദ്ധിനെയും കൂട്ടി വീട്ടിലേക്കു തിരിച്ചു. ഇനി നടക്കാൻ പോകുന്ന ഭൂകമ്പത്തെ ഓർത്ത് എന്റെ ചങ്കിൽ തീയായിരുന്നു. സുഭദ്രയെ പറ്റി വർഷങ്ങൾക്ക് മുൻപ് ഞാനെല്ലാം തുറന്നു പറഞ്ഞപ്പോൾ തകർന്നു പോയതാണ് ജാനകി. പിന്നെ എല്ലാം ശരിയായി വരാൻ വർഷങ്ങളെടുത്തു. ഇനിയിപ്പോൾ അനിരുദ്..! ഞങ്ങൾ വീടിന്റെ മുറ്റത്ത്‌ എത്തി ബൈക്ക് നിർത്തി ഇറങ്ങി. തിണ്ണയിലെ കസേരയിൽ ഇരിക്കുകയായിരുന്നു ജാനകി, ഞങ്ങളെ കണ്ടതും എഴുന്നേറ്റു. അനിരുദ്ധിനോട് ഞാൻ പറഞ്ഞു. “മോനെ..! അകത്തേക്ക് വാ.. “”ഇതാരാ.. ഏട്ടാ..! ഈ പയ്യൻ.. ! “”പറയാം ജാനകി, നീ അകത്തേക്ക് വാ..,മടിച്ചുനിൽക്കതെ കേറിവാ മോനെ, നമ്മുടെ വീടാ..”തുറിച്ച കണ്ണുകളോടെ ജാനകിയേന്നെ നോക്കി, ഞാൻ വീടിന്റെ വാതിലടച്ചു. അനിരുദ്ധിനു നേരെ കസേര ഇട്ടു കൊടുത്തു. “മോനെ ഇരിക്ക്..,ജാനകി ഞങ്ങൾക്കു കാപ്പി എടുക്ക്..? “അവൾ അടുക്കളയിൽ പോയി, കാപ്പിയുണ്ടാക്കി. എങ്കിലും അവളുടെ ശ്രദ്ധ എന്റെയും അനിരുദ്ധിന്റെയും മുഖത്തേക്ക് തന്നെയായിരുന്നു. എനിക്ക് ചങ്കിടിപ്പ് പതിയെ കൂടിത്തുടങ്ങി. അവൾ വേഗം കാപ്പി തയാറാക്കി ഞങ്ങളുടെ അടുക്കലേക്ക് കൊണ്ടു വന്നു. മേശമേൽ വച്ചു. “ഏട്ടാ..ഇതാരാ ഈ പയ്യൻ..? “ഞാനാകെ പരിഭ്രമിച്ചു ഉത്തരം പറയാതെ നിന്നു. എന്റെ വാക്കുകൾ പുറത്തേക്ക് വരാതെയായി.എന്റെ മുഖമാകെ വിയർത്തൊലിച്ചു. കാപ്പി കുടി ഞാൻ നിർത്തി, കാപ്പി മേശമേൽ വച്ചു. ഉടനെ.. അനിരുദ്ധ് എഴുന്നേറ്റു പറഞ്ഞു. “അമ്മേ..ഞാൻ അനിരുദ്ധ്…! എന്റെ അമ്മയുടെ പേര് സുഭദ്ര.., ഈ അച്ഛന്റെ മകനാണ് ഞാൻ..അച്ഛന്റെ മുഖത്തെ പരിഭ്രമം കണ്ടാൽ ഉടനെ ഒന്നും പറയില്ല.. അതാ ഞാൻ തന്നെ പറഞ്ഞത്. “അനിരുദ്ധിന്റെ വാക്കുകൾ കേട്ടയുടൻ ജാനകി കുഴഞ്ഞുവീണു. എന്റെ ചങ്കിന്റെ താളം ഒര് നിമിഷം നിലച്ചുപോയി. ഞാനവളെ താങ്ങി പിടിച്ചു. ജാനകിയെ എടുത്ത് കട്ടിലിൽ കിടത്തി. ഓടിപോയി മേശമേൽ ഇരുന്ന വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തളിച്ച്. വെള്ളത്താൽ മുഖമൊന്നു തുടച്ചു. അവളുടെ കവിളിൽ തട്ടി വിളിച്ചു.. “ജാനകി… ജാനകി.. എഴുന്നേൽക്കു.. ! “അവൾ പതിയെ കണ്ണുകൾ തുറന്നു. എന്നെ നോക്കി, കൂടെ അനിരുദ്ധിനെയും..അവളുടെ തല എന്റെ മടിയിൽ വച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ എന്തോ പറയാൻ വരുന്നതായി എനിക്ക് മനസിലായി. ഞാനവളെ എഴുന്നേൽപ്പിച്ചു ഇരുത്തി. കൈയ്യിൽ ഉണ്ടായിരുന്ന വെള്ളം അവൾക്ക് കൊടുത്തു. അതീവ ദാഹത്തോടെ അവളതു കുടിച്ചു. കട്ടിലിൽ നിന്നും അവളെഴുന്നേറ്റു അനിരുദ്ധിനെ നോക്കി. എന്നിട്ട്, അനിരുദ്ധിന്റെ തലയിൽ ചുംബിച്ചു കെട്ടിപിടിച്ചു. അവൾ എനിക്ക് നേരെ തിരിഞ്ഞു.”എന്താ ഏട്ടാ ഇത്..? നമ്മുടെ മകനല്ലേ ഇവൻ..? അതാണോ ഏട്ടന് പറയാൻ ഇത്ര പ്രയാസം..? “എന്റെ ചങ്കിലേക്കു അപ്പോഴാണ് എവിടെ നിന്നോക്കെയോ പ്രാണവായു കടന്നുവന്നത്. ഞാനങ്ങു ദീർഘമായി ശ്വാസം വിട്ടു. ഈ പെണ്ണുങ്ങളെ മനസിലാക്കാൻ ഒരുപാട് പ്രയാസം ആണെല്ലോ ഈശ്വരാ..എനിക്ക് ഇത്ര വർഷം കൊണ്ട് ജാനകിയെ മനസിലാക്കാൻ ആയില്ലല്ലോ..!! “ഏട്ടാ.. എന്താ ഒന്നും മിണ്ടാത്തെ..? മോൻ വെല്ലോം കഴിച്ചാരുന്നോ..? “”ഇല്ലമ്മേ.. ! “”അവിടെയാണ് ബാത്‌റൂം, പോയി കുളിച്ചിട്ട് വാ..അത്താഴം എടുത്തു വെയ്ക്കാം. ” അനിരുദ്ധ് ബാത്‌റൂമിലേക്ക് കേറിയതും. ജാനകി എന്റെ പക്കൽ ഓടി വന്ന് കട്ടിലിൽ ഇരുന്നു. പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “ഏട്ടാ..അനിരുദ്ധിനെ സൂക്ഷിച്ചു നോക്കിക്കേ..ഏട്ടന്റെ ചെറുപ്പത്തിലേ മുഖച്ഛായ തന്നെ..അല്ലേ..? “”അതിന് നീ എന്നെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ടോ..? ” “ഓ ഒര് തമാശ.. പഴയ ഫോട്ടോയിൽ കണ്ടിട്ടുണ്ട്.. ! “”നിനക്ക് എന്നോട് ദേഷ്യം ഇല്ലേ..? “”ഉണ്ട്.. ! പക്ഷേ., അനിരുദ്ധിനെ കണ്ടപ്പോൾ എന്റെ ദേഷ്യമെല്ലാം എങ്ങോട്ടേക്കോ പോയി..കുട്ടികളില്ലാത്ത നമുക്ക് ഇവനെ ഈശ്വരൻ അയച്ചതാ.. ഏട്ടാ.. ഇവനെ നമുക്ക് വളർത്താം..!! നമ്മുടെ മകനായി..കെട്ടോ..!!അരുതെന്നു പറയല്ലേ ഏട്ടാ..പ്ലീസ്..ഇല്ല ഏട്ടൻ പറയില്ല.. ആയ്യോ..!! മോൻ ഇപ്പം കുളിച്ചിട്ട് വരും, ഞാൻ പോയി കഴിക്കാൻ എടുത്തുവെക്കട്ടെ…”ജാനകിയോട് ഞാൻ പറയാൻ വന്നതൊക്കെ എന്നോട് അവൾ പറഞ്ഞതോർത്തു സ്തംഭിച്ചു പോയി.ഈശ്വരാ.. ഇതിനൊക്കെ ഞാൻ എങ്ങനെയാ നന്ദി പറയുക.. എങ്കിലും എന്റെ മനസിന്റെ കോണിൽ സുഭദ്രയോടുള്ള സ്നേഹത്തിന്റെ ഉറവ വറ്റാതെ കിടന്നു. എവിടെയോ ഇരുന്നു സുഭദ്ര ഇതൊക്കെ കാണുന്നുണ്ടാവണം..

മുരളി.ആർ.

Murali R.

സുഭദ്ര

ഉറക്കമുണർന്നതും ഞാൻ ആദ്യം നോക്കിയത് അവളെയാണ്..സുഭദ്രയെ..! വീടിന്റെ മുറികളിലും, അടുക്കളയിലും പോയി നോക്കി, കണ്ടില്ല. അടുക്കളയിൽ ഒര് ഗ്ലാസ്സ് കാപ്പി ഞാൻ ശ്രദ്ധിച്ചു. ഞാനാ കാപ്പി ചുടാക്കിയെടുത്തു കട്ടിലിൽ പോയിരുന്നു. ചൂടുള്ള കാപ്പി ഞാൻ ഊതിയൂതി കുടിച്ചു. വല്ലാത്ത തല വേദനയുണ്ട്. അതിന്റെ കാരണം, ഇന്നലെ ഞാൻ അമിതമായി മദ്യപിച്ചിരുന്നു. എന്നാലും സുഭദ്ര ഇതെവിടെ പോയി..? ഒര് പക്ഷേ പുറത്ത് പോയതാകും, വരുമ്പോൾ അവളോട്‌ എല്ലാം പറയണം. ഇന്നലെ സുഭദ്ര ഒട്ടും ഉറങ്ങിയിരുന്നില്ല. അവൾ കട്ടിലിന്റെ മൂലയ്ക്കിരുന്ന് കരഞ്ഞതായി ഞാൻ ഓർക്കുന്നു. സുഭദ്ര കാരണമാണ് ഞാൻ ഇന്നലെ മദ്യപിച്ചത്. ഞാൻ സ്ഥിരമായി മദ്യപിക്കാറുള്ളതല്ല എങ്കിലും ഇന്നലെ മദ്യപിച്ചു പോയി. എന്റെ മാനസികാവസ്ഥ അങ്ങനെ ആയിപോയി. ഇന്നെങ്കിലും സുഭദ്രയോട് എല്ലാം തുറന്ന് പറയണം. അവൾക്കെന്റെ അവസ്ഥ മനസിലാകുമായിരിക്കും. കുടിച്ചു തീർന്ന കാപ്പിഗ്ലാസ്സ് മേശമേൽ വയ്ക്കുമ്പോളാണ് ഞാനാ താലിമാലയും, അതിന് താഴെ മടക്കിയ കടലാസ് കണ്ടത്. ഞാനാ കടലാസ് കയ്യിലെടുത്തുവായിച്ചു. “ദ്രോഹി..!!ഇനി നിന്നെ ഇങ്ങനെയെ എനിക്ക് അഭിസംബോധന ചെയ്യാൻ ആകു. നീ ചതിയനാണ്, ഇന്നലെ വരെ നീ നിന്റെ ഭാര്യയെ ചതിച്ചു. ഇപ്പോൾ എന്നെയും, നാളെ മറ്റൊരു സ്ത്രീയെയും നീ ചതിക്കില്ലയെന്നു എന്താ ഉറപ്പ്..? വൈകിയാണ് ഞാൻ എല്ലാം അറിഞ്ഞത്. നീ വിവാഹം കഴിച്ച കാര്യവും, നിനക്ക് ഒര് ഭാര്യയുള്ളതും. നിനക്ക് എങ്ങനെ ആ സ്ത്രീയെ ചതിക്കാനായി ..?അതറിയാതെ ഞാനും നിന്നെ വിശ്വസിച്ചു, നിന്നോടൊപ്പം കുറച്ചുനാൾ കഴിഞ്ഞു. എനിക്ക് ഇപ്പോളാണ് എന്റെ തെറ്റ് മനസിലാകുന്നത്. ഇനി ഒരിക്കലും നിന്റെ ഒപ്പം ഞാൻ ജീവിക്കില്ല. എനിക്ക് ഒരിയ്ക്കലും കഴിയില്ല മറ്റൊരു പെണ്ണിന്റെ ജീവിതം പങ്കിടാൻ. കുറച്ച് ദിവസങ്ങളായി ഞാൻ നിന്നോട് ചോദിച്ചു, ആ സ്ത്രീയെ പറ്റി. നീ പല നുണകളും പറഞ്ഞു ആ കാര്യം ഒഴിവാക്കി. ഇന്നലെ രാത്രിയിൽ പോലും ഞാൻ നിന്നോട് ചോദിച്ചു, നീ മറുപടി പറയാതെ അബോധമായി ഉറങ്ങി പോയി. നിന്റെ ഫോണിൽ രാത്രി ഒര് കോൾ വന്നിരുന്നു. ഞാനതെടുത്തു സംസാരിച്ചപ്പോളാണ് എനിക്ക് എല്ലാം മനസിലായത്. നിന്റെ ഭാര്യയുടെ പരിഭവവും, വെപ്രാളം കലർന്ന സംസാരം, നീ വരുമെന്ന ആകാംഷ. ആ പെണ്ണിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല . എനിക്ക് നിന്നെപ്പറ്റി എല്ലാം മനസിലായി. ഇനിയും നീ എന്റെ കൂടെ ജീവിക്കാൻ യോഗ്യനല്ല. നീ താലികെട്ടിയവൾ അവിടെ നിനക്ക് വേണ്ടി കാത്തിരിക്കുന്നു. ഒരുവളുടെ താലി അറുത്തല്ല മറ്റൊരാളുടെ കഴുത്തിൽ താലി കെട്ടേണ്ടത്.. അത് നീ മനസിലാക്കണം. അവളുടെ കൂടെയാണ് നീ ജീവിക്കേണ്ടത്. നീ ഈ കത്തുവായിക്കുമ്പോൾ അടുക്കളയിലെ കാപ്പി നീ കുടിച്ചിരിക്കും, എനിയ്ക്കതറിയാം. എനിക്ക് വേണമെങ്കിൽ എന്റെ ജീവിതം തകർത്ത നിനക്ക് ആ കാപ്പിയിൽ വിഷം കലർത്തി തരാമായിരുന്നു. ഞാനൊരിക്കൽ അങ്ങനെ ചെയ്‍യില്ല..കാരണം, വൈകിയാണെങ്കിലും നീ തിരിച്ചു വരുമെന്ന് കരുതുന്ന നിന്റെ ഭാര്യയയെ ഓർത്താണ്. ഇനിയെങ്കിലും നീ നിന്റെ തെറ്റ് മനസിലാക്കി വീട്ടിലേയ്ക്കു തിരിച്ചു പോകണം. ഇനിയെന്റെ കൺമുന്നിൽ വരരുത്. ഇനിയെന്റെ കണ്മുന്നിൽ നിന്നെ കാണുകയാണേൽ ആ സ്ത്രീയുടെ ഭർത്താവായി മാത്രമായിരിക്കണം. ഇന്നലെ ഞാൻ ഒരുപാട് കരഞ്ഞു. നിന്റെ വാക്കുകളിൽ വിശ്വസിച്ച എന്റെ അറിവില്ലായ്മയെ ഓർത്ത്. ഇനിയുള്ള എന്റെ ജീവിതം എങ്ങനെ ആയിരിക്കുമെന്നു എനിക്ക് അറിയില്ല. ഭർത്താവ് മരിച്ച എനിക്ക് മറ്റൊരു വിവാഹത്തിന് താല്പര്യമില്ലായിരുന്നു. എങ്കിലും നിന്റെ വാക്കുകളെ ഞാൻ വിശ്വസിച്ചു പോയി. ഒര് വിധവയ്ക്ക് ജീവിതം തരുന്ന നിന്റെ വലിയ മനസിനെ വിശ്വസിച്ചു. ഇനി നിനക്ക് എന്റെ ജീവിതത്തിൽ സ്ഥാനമില്ല. നമ്മൾ ഒരുമിച്ച് കഴിഞ്ഞ ആ കറുത്ത ദിനങ്ങളെ ഞാൻ വെറുക്കുന്നു, മറക്കുന്നു. നീ ഇനിയെങ്കിലും തിരിച്ചറിയണം നിന്റെ ഭാര്യയുടെ മഹത്വം. ഇപ്പോളും നീ ജീവനോടെ ഉള്ളതിന് കാരണം അവളുടെ താലിയുടെ ശക്തിയാണ്. മേശമേൽ വച്ചിരിക്കുന്ന താലിമാല അവൾക്ക് കൊണ്ട് കൊടുക്കാൻ നോക്ക്. അത് എനിക്ക് അർഹതപ്പെട്ടതല്ല. അതിനർഹതപ്പെട്ടവൾ നിന്റെ ഭാര്യയാണ്. ഞാൻ തിരികെ വീട്ടിൽ വരുമ്പോൾ നിന്നെ അവിടെ കാണാൻ പാടില്ല. ഇറങ്ങി പോയ്ക്കോ..! എന്റെ വീട്ടിൽ നിന്നും..! “ആ കടലാസ് മേശമേൽ വെച്ചു. കട്ടിലിൽ കിടന്ന എന്റെ ഫോണെടുത്തു നോക്കി. ജാനകിയുടെ ഒരുപാട് മിസ്സ്‌ കോളും, കുറെ മെസ്സേജുകളും ഞാൻ കണ്ടു. ഞാനവളെ തിരികെ വിളിച്ചു. കോൾ പോയ ആദ്യ റിങ്ങിൽ തന്നെ അവളെടുത്തു . “ഹലോ.. മുകുന്ദേട്ടാ..!!..? “”ഹലോ..!!ജാനകി..!! “”ഏട്ടനെവിടെയാ..? ഞാൻ എത്ര വിളിച്ചു, മെസ്സേജ് അയച്ചു ഒര് വിവരവും ഇല്ല. എനിക്ക് പേടിയാകുന്നു. ഏട്ടൻ എപ്പോ വരും വീട്ടിൽ…? “അവളുടെ പേടിച്ച സ്വരങ്ങൾ എന്റെ കണ്ണുകളെ നിറച്ചു, മനസിനെ തളർത്തി. എന്റെ മനസ്സ് കുറ്റബോധത്താൽ മുങ്ങിത്താണു. ജാനകിയോടെ മിണ്ടാൻ എനിക്ക് പറ്റുന്നില്ല.. ഞാൻ അവളോട്‌ നുണ പറയാൻ ഒരുങ്ങി. ഒര് പക്ഷേ എന്റെ നുണകളുടെ നിരയിൽ അവസാനത്തെ നുണ ഞാൻ ജാനകിയോട് പറഞ്ഞാൽ. “ഏട്ടാ… എന്താ മിണ്ടാത്തെ..? “” ഒന്നുല്ല.. !ഞാനിന്നലെ കുറച്ച് താമസിച്ചു പോയി ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ, ഒര് മണിക്കൂറിനുള്ളിൽ ഞാൻ വീട്ടിലെത്താം . “”ശരി ഏട്ടാ.. ഏട്ടാ വെല്ലോം കഴിച്ചാരുന്നോ..? “”ഇല്ല..! നീയോ..? “” ചേട്ടൻ വന്നിട്ട് കഴിയ്ക്കാമെന്നു കരുതി. എങ്കിൽ വാ.. ഞാൻ കഴിക്കാൻ എടുത്തു വെയ്ക്കാം. “”ശരി,, “ഫോൺ വച്ചതും ഞാൻ പൊട്ടി കരഞ്ഞു. എന്റെ അറിവില്ലയിമയെ ഓർത്ത്, എനിക്ക് പറ്റിയ വലിയ തെറ്റിനെ ഓർത്ത്. ഇനിയും ഞാനിവിടെ ഒര് നിമിഷം പോലും ഇരിക്കാൻ പാടില്ല. അതിന് അർഹത എനിക്കില്ല. മേശമേൽ ഉണ്ടായിരുന്ന താലിമാല എടുത്തു. ഞാൻ വേഗം ആ വീടിന്റെ പടിയിറങ്ങി. എനിക്ക് ഒര് വീടുണ്ട്, ഒര് ഭാര്യയും…

മുരളി.ആർ.

Murali R.

ഊർമിള

ഞാൻ വീട്ടിലേക്ക് വന്നതും ആരോടും മിണ്ടാതെ മുറിയ്ക്കുളിൽ കയറി വാതിലടച്ചു. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഏട്ടന്റെ ഫോട്ടോ ശ്രദ്ധയിൽ പെട്ടു. ഞാനത് കൈയിൽ എടുത്തുകൊണ്ട് കട്ടിലിൽ പോയിരുന്നു. എന്റെ സാരിത്തുമ്പിനാൽ ആ ഫോട്ടോയിലെ പൊടിതുടച്ചു. അനുവാദം കൂടാതെ ഇറങ്ങി വന്ന കണ്ണീർതുള്ളികൾ ആ ഫോട്ടോയിൽ വീണു ചിതറി. ഫോട്ടോയുടെ ഗ്ലാസ്സിൽ എന്റെ ചുണ്ടുകളാൽ അമർത്തി ചുംബിച്ചു. ഞാൻ ആ ഫോട്ടോ കെട്ടിപിടിച്ചു. എന്തോ..? എനിക്ക് ഇപ്പോഴാണ് കഴിയുന്നത് ഒന്ന് ഉറക്കെ കരയാൻ. പലരുടെ മുന്നിലും പിടിച്ചു നിന്നെങ്കിലും തനിച്ചിരിക്കുമ്പോഴാണ് എന്റെ വികാരങ്ങൾ പുറതെയ്ക്കുവരുന്നത്.ഞാൻ റെയിൽവേ സ്റ്റേഷനിൽ വച്ചുപോലും കരഞ്ഞില്ല, എനിക്ക് അതിനായില്ല. കാരണം, പറയാൻ അറിയില്ല. മൂന്ന് മാസത്തെ ലീവിന് വന്നതാണ് അർജുൻ. ഈ മൂന്ന് മാസം കൊണ്ട് പെട്ടെന്നായിരുന്നു ഞങ്ങളുടെ നിശ്ചയവും, കല്യാണവുമൊക്കെ. കല്യാണം കഴിഞ്ഞു ഒരാഴ്ച തികഞ്ഞതേ ഉള്ളു അപ്പോളേക്കും ഡൽഹിയിൽ നിന്നും വിളി വന്നു. ഉടനെ തന്നെ ജമ്മുവിലേക്കു പോകാൻ. അവിടെ എന്തോ സംഘർഷാവസ്‌ഥ ആണത്രേ, ഏട്ടൻ വേഗം ചെല്ലാൻ. ഇന്നലെ മുഴുവൻ ഞാൻ ഏട്ടന് പോകാനുള്ള സാധനങ്ങളും, ഡ്രെസ്സും ഒക്കെ എടുത്തു വെയ്ക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു. പക്ഷേ, ഇന്നലെ ഞാൻ ഒരിക്കലും ചിന്തിച്ചില്ല, ഏട്ടൻ പോയിക്കഴിഞ്ഞാൽ ഉള്ള എന്റെ അവസ്ഥയെ പറ്റി. കാരണം, ഞാൻ എല്ലാം പോസിറ്റീവ് ആയിട്ടേ കണ്ടിട്ടുള്ളു. എന്റെ ജീവിതത്തിൽ ആദ്യായിട്ടാണ് ഇത്രയും വലിയ വേദന ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത്. ഞാൻ തനിച്ചാകുന്ന പോലെ, എനിക്ക് ചുറ്റും ഏകാന്തത രൂപപ്പെടുന്നതായി തോന്നുന്നു. നിറഞ്ഞ കണ്ണുകളോടെ ഞാൻ ഏട്ടന്റെ ഫോട്ടോയെ നോക്കി ഇരുന്നു.ആരോ വാതിൽ വന്നു തട്ടി വിളിച്ചു. “നിരഞ്ജനേ..! മോളെ.. !വാതില് തുറക്ക്. “ഏട്ടന്റെ അമ്മ വിളിച്ചതാണ്. ഫോട്ടോ കട്ടിലിൽ വച്ചിട്ട് എഴുന്നേറ്റു പോയി ഞാൻ വാതിൽ തുറന്നു. “എന്താ മോളെ വാതിലടച്ചു ഇരിയ്ക്കുന്നത്..? ഹാളിലേക്ക് വാ..! എല്ലാരും അവിടെ ഉണ്ട് നീ എന്താ ഒറ്റയ്ക്ക് ഇരിയ്ക്കുന്നത്..? “”എന്തോ അറിയില്ല അമ്മേ.. വല്ലാത്ത തലവേദന തോന്നുന്നു അതാ കിടക്കാൻ പോയത്. “”ഒരുപാട് തലവേദന ഉണ്ടോ മോളെ..? ഞാൻ വേദനക്കുള്ള ഗുളിക തരട്ടെ..? “”വേണ്ടമ്മേ.. മാറിക്കോളും, ഒന്ന് ഉറങ്ങി എണീറ്റാൽ തീരും.””എങ്കിൽ മോള് ഉറങ്ങിക്കോ., എന്തെങ്കിലും ആവിശ്യം ഉണ്ടേൽ അപ്പൊ എന്നെ വിളിക്കണം കേട്ടോ..! “”ശരി അമ്മേ.. ! “ഞാൻ വാതിലടയ്ക്കാൻ പോയപ്പോളാണ് കട്ടിലിൽ കിടന്ന ഏട്ടന്റെ ഫോട്ടോ അമ്മയുടെ ശ്രദ്ധയിൽ പെട്ടത്. അമ്മ ഏട്ടന്റെ ഫോട്ടോ കൈയിൽ എടുത്തു. എന്നിട്ട് എന്നെ നോക്കി. ഒന്നും പറയാൻ പറ്റാതെ നിസ്സഹായയായി ഞാൻ അമ്മയുടെ മുന്നിൽ നിന്നു. എന്നിലേ വിഷമത്തിന്റെ പേമാരി കണ്ണുകളിലൂടെ താഴേക്ക് പതിച്ചു. അമ്മ എന്റെ കവിൾ തടത്തിലെ കണ്ണീർ തുളികൾ തുടച്ചുനീക്കി.”മോളെ നിരഞ്ജനെ.. ! മോള് കരയണ്ട. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ. മോൾടെ മനസിലെ വിഷമം ഈ അമ്മക്ക് അറിയാം. ആദ്യോക്കെ ഞാനും ഇങ്ങനെ ആയിരുന്നു.പിന്നെ, അവന്റെ ജോലി അല്ലേ..?അതും ഈ നാടിന് വേണ്ടി.. !മോൾക്ക്‌ ഇത് ആദ്യായിട്ടല്ലേ..? അതിന്റെയാ.. വിഷമിക്കണ്ട..””അമ്മേ..ഏട്ടനെ പറഞ്ഞു വിടുമ്പോ വരെ വിഷമം ഇല്ലായിരുന്നു എനിക്ക് , ഇപ്പോ എന്തോ..ഏട്ടൻ ഇല്ലാത്തപ്പോ മനസ്സിൽ വല്ലത്ത വേദനയും, സങ്കടവും തോന്നുവാ. കല്യാണം കഴിഞ്ഞു ഒരാഴ്ച്ച തികയും മുന്നേ ഭാര്യയെ ഒറ്റക്കാക്കി ഭർത്താവ് ജോലിക്ക് പോകുന്ന അവസ്ഥ അത് വേറെയാ.അതും ഇവിടെ അടുത്തല്ലല്ലോ.,പോയിട്ട് വേഗം വരാൻ.അങ്ങ് വടക്കല്ലേ..? എപ്പോളും പ്രശ്നങ്ങൾ ഉള്ളിടത്തേയ്ക്കു. ഇനി എത്ര നാളെന്ന് വച്ച ഞാൻ ഏട്ടനെ നോക്കിയിരിക്കുക..? ഒന്ന് കാണാൻ, സംസാരിക്കാൻ. അതോർക്കുമ്പോളാ മനസ്സിൽ സഹിക്കാൻ അവാത്ത സങ്കടം. “മനസിന്റെ വേദന സഹിക്കാൻ ആവാതെ ഞാൻ വിതുമ്പി കരഞ്ഞു. അമ്മ എന്നെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. എന്നിട്ട് എന്നെ കട്ടിലിൽ ഇരുത്തി. എന്റെ കവിൾ തടത്തിലെ കണ്ണീർ തുടച്ചു നീക്കി. “മോളെ.. നിരഞ്ജനെ..പണ്ട് അർജ്ജുന്റെ അച്ഛൻ പട്ടാളത്തിൽ പോകുമ്പോഴും എനിക്ക് നിന്റെ ഈ അവസ്ഥ തന്നെ ആയിരുന്നു. അന്നെനേ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല, ഞാനന്ന് ഒറ്റയ്ക്കായിരുന്നു മൊബൈലില്ല, കമ്പ്യൂട്ടർ ഇല്ല… ഇപ്പോൾ അല്ലേ അതൊക്കെ.. കത്തുകളിൽ മാത്രമായിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നത്. നിനക്ക് ഇപ്പോ മൊബൈൽ ഫോൺ ഇല്ലേ..എപ്പോളെങ്കിലും ഇടവേള സമയങ്ങളിൽ അവനോട് സംസാരിക്കാൻ പറ്റും. അവനും കാണില്ലേ നിന്നോട് മിണ്ടാൻ ആഗ്രഹം..? “”എനിക്ക് അറിയാം ഏട്ടനും എന്നോട് പറയാത്തതാ..റെയിൽവേ സ്റ്റേഷനിൽ വച്ചു ഏട്ടൻ എന്നെ സങ്കടത്തോടെ നോക്കിയപ്പോളാണ് എനിക്ക് ഇനിയുള്ള ദിവസങ്ങളെ പറ്റി ഓർമയിൽ വന്നത്. “”മോളെ.. എനിക്ക് അവനെ അറിയാം. അവൻ ഒന്നും പറയില്ല, എല്ലാം അവന്റെ ഭാവങ്ങളിലൂടെ നമ്മൾ മനസിലാക്കണം. മോൾക്ക്‌ ഊർമിളയെ അറിയാവോ..? രാമായണത്തിലെ..? “”പണ്ട് ദൂരദർശനിൽ കണ്ടിട്ടുണ്ട് രാമായണം., കൊച്ചുകുട്ടി ആയിരുന്നപ്പോൾ.സീതയുടെയും, രാമലക്ഷ്മണൻമാരുടെയും കഥ. അവർ കാട്ടിൽ പോയതും, സീതയെ രാവണൻ കടത്തികൊണ്ട് ലങ്കയിലേക്ക് കൊണ്ടു പോയതും, രാമൻ ലങ്കയിൽ പോയി രാവണനെ കൊന്നതും ഒക്കെ ഓർമയുണ്ട്. “”മോള് കൊള്ളാല്ലോ.. !! രാമായണം അറിയാലോ.. !! എങ്കിൽ ഈ ഊർമിളയെ അധികം ആർക്കും അറിയില്ല..! “”അതാരാ..അമ്മേ..? “” ഊർമിള..!ജനക രാജാവിന്റെ മകൾ, സീതയുടെ അനിയത്തി, ലക്ഷ്മണന്റെ ഭാര്യ..!, വിവാഹം കഴിഞ്ഞു അധികം വൈകാതെ തന്നെ പതിനാല് വർഷത്തേക്ക് രാമനും, സീതയും വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ ലക്ഷ്മണനും കൂടെപോകുന്നുവെന്നും, വനവാസകാലയളവിൽ സഹായിയായും കാ‍വലായും ഒപ്പമുണ്ടാകണമെന്നും ഉർമിളയോട് പറഞ്ഞു.””അയ്യോ അമ്മേ..! ഒര് പെണ്ണിന് എങ്ങനെ അത്രയും വർഷം ഭർത്താവിനെ പിരിഞ്ഞു ഇരിക്കാൻ ആകും..? “”അത് ഊർമിളക്ക് കഴിഞ്ഞു മോളെ.., ലക്ഷ്മണന്റേതു തികഞ്ഞ സഹോദരസ്നേഹമായിരുന്നു. എന്നാൽ ഊർമിള അങ്ങനെ ആയിരുന്നില്ല. ആ കാലയളവിൽ തന്റെയും, ജ്യേഷ്ഠന്റെയും അഭാവത്തിൽ തങ്ങളുടെ മാതാപിതാക്കളെ പരിചരിക്കണമെന്ന് ഊർമ്മിളയോട് ആവശ്യപെടുന്നുണ്ട് ലക്ഷ്മണൻ.ആ പതിനാല് വർഷവും ലക്ഷ്മണൻ തന്നോട് പറഞ്ഞ വാക്ക് അവൾ പാലിച്ചു പോന്നു. ഒരിക്കലും അവൾ അവളുടെ ഭർത്താവിന്റെ അസാന്നിധ്യം അറിയിക്കാതെ ഭയഭക്തിബഹുമാനപുരസ്സരം അയോദ്ധ്യാരാജധാനിയിൽ ദശരഥപത്നിമാരെ ശുശ്രൂഷിക്കുക ആയിരുന്നിരുന്നു . സ്വയംവരപന്തലിൽ വരണമാല്യം അണിയവേ, സീതയെ പോലെ ഊർമിളയും മോഹിച്ചു കാണില്ലേ ചിരകാലപ്രണയവും പതിസാമീപ്യവും..? എന്നാൽ, തന്റേതല്ലാത്ത ലാഭത്തിനു വേണ്ടി ആ പതിവ്രതയ്ക്ക് സംവത്സരങ്ങളുടെ വിരഹവും, മോഹഭംഗവും, ഏകാന്തതയും മാത്രമാണ് വിധി കരുതിവെച്ചത്.അവളോളം വരില്ല മോളെ ഇനി ഒര് പെണ്ണും. “”അമ്മേ.. ! ഉർമിളയെ സമ്മതിക്കണം അല്ലേ..? “”അതെ മോളെ.. ആ പതിനാല് വർഷകാലം അവൾ ഒറ്റയ്ക്കായിരുന്നു. ഭർത്താവിന്റെ അഭാവത്തിൽ, ചുറ്റും ആരൊക്കെ ഉണ്ടെങ്കിലും സ്വന്തം ഭർത്താവ് കൂടെ ഇല്ലാത്തപ്പോൾ ഒര് വേദനയാണ്. അതും കല്യാണം കഴിഞ്ഞ ഉടനെ തന്നെ പിരിഞ്ഞു ള്ള ജീവിതം തീർത്തും ദുഃഖഭരിതമാണ്. എന്നാൽ കഴിവുറ്റ ചിത്രകലാകാരിയും രാജതന്ത്രവിദഗ്ധയുമായിരുന്ന ഊർമിള. രാമന്റെ അഭാവത്തിൽ ഭരത-ശത്രുഘ്നൻമാർക്കൊപ്പം ഭരണനിർവഹണത്തിൽ പങ്കെടുത്ത് അവൾ അവളുടെ മാനസികാവസ്ഥ മാറ്റി തീർത്തു. “”ആണോ.. !! അമ്മേ.. !!എനിക്കും ഊർമിളയെപോലെ ആകാൻ കഴിഞ്ഞില്ലയെങ്കിലും ഏട്ടൻ തിരികെ വരുന്ന വരെ കാത്തിരിക്കാൻ ഉള്ള മാനസികാവസ്ഥ കൈവന്നു ഇപ്പോൾ. “” മോളെ നിരഞ്ജനെ.., ഇന്നലെ രാത്രി എന്നോട് അവൻ പറഞ്ഞിരുന്നു, നിനക്ക് ഇതൊക്കെ ആദ്യാനുഭവമാണ്. നിന്നെ പറഞ്ഞു മനസിലാക്കണം എന്നൊക്കെ..””ഓഹോ..അപ്പോ ഏട്ടൻ അമ്മയോട് പറഞ്ഞു അല്ലേ..? എല്ലാം മുൻകൂട്ടി കണ്ടു ഏട്ടൻ. “”അതെ മോളെ..നീ വാ.. ഹാളിൽ പോകാം ഇവിടെ ഒറ്റക്ക് ഇരിക്കണ്ട.. കുറച്ച് കഴിയുമ്പോൾ അവൻ ഫോൺ വിളിക്കും. “”ശരിയാ അമ്മേ.. എനിക്കും പറ്റുമോന്ന് നോക്കട്ടെ ഒരു ഊർമിള ആയിത്തീരാൻ.. !! “”എങ്കിൽ എന്റെ ഊർമിള വാ രാജസദസിലേക്ക് നമുക്ക് ഭരണ കാര്യങ്ങളിൽ ഏർപ്പെടാം. ” അമ്മ എന്നെ നോക്കി ചിരിച്ചു, പകരം ഞാനും ചിരിച്ചു. അമ്മ എന്റെ കൈപിടിച്ച് ഹാളിലേയ്ക്കു നടന്നു.

മുരളി.ആർ.

Murali R.

രേണുക

ഇന്നും ഞാൻ ശ്രീറാമിനെ കൂട്ടികൊണ്ട് ഓഫീസിലേക്ക് കേറി ചെന്നു. ആരൊക്കെയോ അവനെ വിളിയ്ക്കുന്നുണ്ടായിരുന്നു. ഞാൻ അവർക്ക് മുൻപിൽ അവനെ നിർത്താതെ എന്റെ ക്യാബിനിൽ പോയിരുത്തി. കൈയിൽ ഉണ്ടായിരുന്ന ഹാൻബാഗ് മേശമേൽ വച്ചു. അവിടെ ഇരുന്ന കസേര അടുപ്പിച്ചിട്ട് അതിൽ ഇരുന്നു. കൈ കെട്ടി തലവച്ച് കിടന്നു. ആരോ വരുന്നതായി ഒര് തോന്നൽ. എന്റെ തോളിൽ കൈവച്ചു എന്റെ പേര് വിളിച്ചു. “രേണുകേ..എന്താ പറ്റിയെ..? ഇതെന്താ ഓഫീസിലേക്ക് വന്ന ഉടനെ കിടക്കുന്നത്..? “ഞാൻ പതിയെ തല ഉയർത്തിനോക്കിയതും എന്റെ മുന്നിൽ അനസൂയ നിൽക്കുന്നു. “അനസൂയേ..! ഒന്നുല്ലടോ.. “”അല്ലല്ലോ എന്തോ ഉണ്ട്,..! “”ഒന്നുല്ല അനസൂയേ.. നിനക്ക് തോന്നുന്നതാകും, ഞാൻ ഓക്കെ ആണ്.. ! “”എന്റെ രേണുകേ..,നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ ഉണ്ട്,,! ഇല്ലേൽ നീ ഇങ്ങനെ രാവിലെ അപ്സെറ്റ് ആയി ഇരിക്കില്ല. ശ്രീറാമിനെ ഞാൻ വിളിച്ചപ്പോ പോലും എനിക്ക് തരാതെ അവനെ നീ കൊണ്ട് പോയി. കാര്യം പറ.. ഋഷിയുമായി പിണങ്ങിയോ..? അതോ, വരുന്ന വഴിയ്ക്കു ആരോടേലും വഴക്കിട്ടോ..? “ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി, എനിക്ക് അനസൂയയോട് പറയാൻ മടിയാണ്. കാരണം, ആരോടും സ്വന്തം വീട്ടിലെ കാര്യങ്ങൾ പറയരുതെന്ന് ഋഷിഏട്ടൻ പറഞ്ഞത് മനസ്സിലേക്ക് കടന്നുവന്നു. എങ്കിലും എന്റെ കണ്ണുകൾക്ക്‌ അത് അറിയില്ല. കണ്ണുകളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. അവളോട്‌ പറയാൻ എന്റെ മനസ്സ് വെമ്പൽകൊണ്ടു.”രേണുകേ..! നീ കാര്യം പറ., ചുമ്മാ കരഞ്ഞാൽ നിന്റെ മനസ്സിൽ ഉള്ളത് എനിക്ക് അറിയില്ല, നീ പറഞ്ഞാൽ അല്ലെ അറിയൂ,.. ഋഷി വെല്ലോം പറഞ്ഞോ..? “”അതെ.., വഴക്ക് പറഞ്ഞു..ഒരുപാട് ദേഷ്യപ്പെട്ടു. “”എന്തിനു..? ഋഷി ദേഷ്യപ്പെടാൻ മാത്രം നീ വെല്ലോം ചെയ്തോ..? രാവിലെ ഞാൻ നിന്നെ ഫോൺ വിളിച്ചപ്പോൾ പോലും നീ ഹാപ്പി ആയിരുന്നല്ലോ..!!പിന്നെ എന്താ..? “”അനസൂയ ഫോൺ വിളിച്ചതാ വിഷയം..! “”ഞാനോ..? ഞാൻ ഫോൺ വിളിച്ചത് അത്രയ്ക്ക് വിഷയം ആയോ..? ഞാനാകെ അരമണിക്കൂർ അല്ലേ സംസാരിച്ചത് നിന്നോട്…? “”ശരിയാ.. പക്ഷേ, ഫോൺ വിളിയ്ക്കുന്നതിന്റെ ഇടക്ക് ഋഷിയേട്ടന്റെ ഷർട്ട് തേച്ച് വയ്ക്കാൻ തേപ്പ്പെട്ടി ചുടാക്കി വച്ചു. അതിന്റെ ചൂട് കൂടി പോയകാര്യം ഞാൻ അറിഞ്ഞില്ല. ഷർട്ട് ആകെ ഉരുകി പോയി. ഇന്ന് മീറ്റിംഗ് പോകാൻ വച്ചിരുന്ന ഷർട്ടായിരുന്നു അത്. “”ശോ..! എന്നിട്ട്,ഋഷി വെല്ലോം പറഞ്ഞോ..? “”ഏട്ടൻ എന്നെ തല്ലി ഇല്ലന്നെ ഉള്ളു, കുറെ പറഞ്ഞു. ‘നിനക്ക് എന്താ ശ്രദ്ധ ഇല്ലേ..?ആരാ ഈ നേരത്ത്..? നീ എപ്പോളും ഫോണിൽ ആണെല്ലോ..? നിന്നോട് ആർക്ക ഇത്രക്ക് സംസാരിക്കാൻ ഉള്ളത്..? ‘ ഒര് മാതിരി സംശയങ്ങൾ എനിക്ക് നേരെ നീട്ടി.എനിക്ക് ഉത്തരം മുട്ടിപോയി ഏട്ടന്റെ ആ ചോദ്യങ്ങൾകോക്കെ മറുപടി പറയാൻ.. “”രേണുകേ.. ഋഷിയോട് പറയാൻ മേലെ.. ഞാനാണെന്ന്.. ! ഓഫീസിലെ കാര്യങ്ങൾ സംസാരിയ്ക്കുവാണെന്നു.. ” “അനസൂയേ ഞാൻ അതൊക്കെ പറഞ്ഞതാ.. “”പിന്നെ എന്താ..? “”ഏട്ടൻ ഇന്നലെ രാത്രി മുതൽ എന്നോട് പറയുന്നതാ ആ ഷർട്ട്‌ തേക്കാൻ. ഇന്നലെ രാത്രിയും താൻ എന്നെ വിളിച്ചില്ലേ..?അപ്പോളും ഞാൻ ആ ഷർട്ട് തേച്ചില്ല, അത് മറന്നുപോയി. രാവിലെ എണീറ്റപ്പോ താമസിച്ചും പോയി. രാവിലെ വേഗം ഷർട്ട് തേക്കാൻ പോയപ്പോൾ നിന്റെ ഫോൺ കോൾ വീണ്ടും വന്നു. നിന്നോട് സംസാരിച്ചിരുന്നതിനുശേഷം ആണ് ഷർട്ട്‌ അങ്ങനെ ആയത്. ഏട്ടൻ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചില്ലന്നെ ഉള്ളു..! എന്നോട് ഉള്ള ദേഷ്യത്തിന് മേശപ്പുറത്തു വിളമ്പി വച്ചതോന്നും കഴിക്കാതെ ഇറങ്ങി പോയി. അതോർക്കുമ്പോളാ എനിക്ക് സങ്കടം..””അല്ലേലും ഈ ഭർത്താക്കന്മാർ ഇങ്ങനെയാ.. ഓഫീസിൽ നിന്നും വന്നു കഴിഞ്ഞാൽ എന്തോ മലമറിച്ച മട്ടാ..വീട്ടിൽ കേറിയാൽ മുഖം വീർപ്പിച്ചു ഒര് ഇരിപ്പ, ടിവി ഓണാക്കി വാർത്തകൾ നോക്കി ഇരിക്കും. ആരോടും മിണ്ടില്ല. എന്നിട്ട് കുറച്ച് നേരം ഫോണിൽ നോക്കും. പിന്നെ വിശക്കുമ്പോ മേശപ്പുറത്തേക്കു വരും. അതിന്റെ ഇടക്ക് ഭാര്യയുടെയോ, കുട്ടികളുടെയോ മുഖത്തുപോലും നോക്കില്ല..പിന്നെയും ഫോൺ തന്നെ ശരണം. “”ശരിയാ അനസൂയ പറഞ്ഞത്..,നമ്മൾ എങ്ങാനും കുറച്ച് നേരം ഫോണിൽ സംസാരിച്ചാൽ നമ്മളോട് തുടങ്ങും വഴക്ക്..എന്നാൽ പിന്നെ അവർക്ക് ചെയ്യാൻ ഉള്ള കാര്യങ്ങൾ സ്വയം ചെയ്തുടെ… എല്ലാം നമ്മൾ ചെയ്തു കൊടുക്കണോ..? നമ്മളും ജോലിയ്ക്കു പോയിട്ടല്ലേ വീട്ടിൽ വന്നു വീണ്ടും വീട്ടിലെ പണികളും നോക്കുന്നത്.. !!നമുക്ക് കുറച്ച് റിലാക്സ് കിട്ടുമ്പോൾ സംസാരിച്ചതാ ഇപ്പോ കുറ്റം..?? “ഞാൻ കണ്ണീരോടെ അനസൂയയുടെ മുന്നിൽ കാര്യങ്ങൾ പറഞ്ഞു. “രേണുക കരയണ്ട..എടോ..,ഇതൊക്കെ പണ്ട് മുതലേ ഉള്ളതാടോ..ഒരുമാതിരി പുരുഷാധിപത്യം..!!തനിയ്ക്കു പുരാണങ്ങളിലെ രേണുകയെ അറിയാമോ..? “”ഇല്ല.. അതാരാ..? ” “നിന്റെ പേര് തന്നെയാ ആ കക്ഷിക്ക്‌..!നിങ്ങളുടെ ജീവിതവുമായി എന്തോ സാമ്യം ഞാൻ കാണുന്നു. “”എന്റെ ജീവിതവുമായോ..? അതെന്താ അനസൂയേ അങ്ങനെ പറഞ്ഞത്..? “”പറയാം..!രേണുക ഒര് രാജാവിന്റെ മകളായി ജനിച്ചു. വളരെ സൗന്ദര്യവതിയായിരുന്നു രേണുക. ഒരിക്കൽ ജമാദഗ്നി എന്ന മഹർഷി ആ രാജ്യത്തിൽ വന്നു. അവളിൽ ആ മഹർഷിക്ക് അനുരാഗം തോന്നി.രാജാവിനോട്‌ അവളെ വിവാഹം ചെയ്തുതരണമെന്നു ആവിശ്യപെട്ടു. ആ രാജാവ്‌ മഹർഷിക്ക് സ്വന്തം മകളെ വിവാഹം ചെയ്തു കൊടുക്കാൻ സമ്മതിച്ചു. “”അയ്യോ..!ഒര് രാജകുമാരിയെ മഹർഷിയ്ക്ക് വിവാഹം ചെയ്തു കൊടുത്തോ..?? എന്നിട്ട്.. !! ” “എന്നിട്ട്, അവരുടെ വിവാഹം നടന്നു, അവർ ഇരുവരും വനത്തിൽ പോയി. രേണുക ജമദഗ്നി മഹർഷിയ്ക്കു സ്വയം പരിപൂർണമായി സമർപ്പിച്ചിരുന്നു. അവർക്ക് ഏഴ് പുത്രൻമാരാണ് ഉണ്ടായിരുന്നത്. ഏറ്റവും ഇളയപുത്രനായിരുന്നു ഭാർഗവ രാമൻ. അതായത്, പരശു രാമൻ..! “” അദ്ദേഹം അല്ലേ മഴു ഏന്തി നടക്കുന്നത്..? കടലിൽ അദ്ദേഹം മഴു എറിഞ്ഞല്ലേ കേരളം ഉണ്ടായത്..? ആരോ പണ്ട് പറഞ്ഞതായി ഓർക്കുന്നു.. ! “”അതെ.. ! അദ്ദേഹം തന്നെ..! “എന്നിട്ട് എന്തുണ്ടായി..? പറ വേഗം..? “”എല്ലാ ദിവസവും രേണുക ദേവി നദിതടത്തിലേക്ക് യാത്രയാകും. അവിടുന്ന് കളിമണ്ണ് ശേഖരിച്ചു അവിടെ വച്ചുതന്നെ മൺകുടം നിർമിക്കും. ആ മൺകുടത്തിൽ നദിയിലെ വെള്ളം എടുത്തു കൊണ്ട് പോയി ജമദഗ്നി മഹർഷിക്ക് പൂജയ്ക്ക് കൊടുക്കും.ഒരിക്കൽ, രേണുക ദേവി മൺകുടം നിർമിക്കുമ്പോൾ ഇന്ദ്രനുള്ള സന്ദേശവുമായി രണ്ട് ഗന്ധർവ്വൻമാർ വായുമാർഗം പോകുന്നത് കണ്ടു. അവരുടെ സൗന്ദര്യം കണ്ടു രേണുക ദേവി അത്ഭുതപെട്ടു പോകും.. ‘എങ്ങനെയാണ് ഗന്ധർവ്വൻമാർക്കു ഇത്ര സൗന്ദര്യം..? ‘എന്നാലോചിച്ചു ആ വഴിക്ക് ചിന്തിച്ചു പോയകൊണ്ട് രേണുകദേവിക്ക് മൺകുടം നിർമിക്കുവാൻ കഴിഞ്ഞില്ല. വീണ്ടും, വീണ്ടും ആവർത്തിച്ച് നിർമിച്ചിട്ടും ശരിയായില്ല. ഏറെ നേരമായി പൂജയ്ക്ക് ഉള്ള വെള്ളം എടുക്കാൻ പോയ ഭാര്യയെ കാണാതെ ഇരുന്ന ജമദഗ്നി മഹർഷിക്ക് സംശയം തോന്നി. അദ്ദേഹം ദിവ്യ ദൃഷ്ടി കൊണ്ട് എല്ലാം നോക്കി കണ്ടു. കാര്യങ്ങൾ എല്ലാം അദ്ദേഹം മനസിലാക്കി. തന്റെ ഭാര്യ രേണുക ഗന്ധർവ്വൻമാരുടെ സൗന്ദര്യത്തിൽ മുഴുകി ഇരിക്കുന്നു. അദ്ദേഹത്തിന് കോപം ഉണ്ടായി. അദ്ദേഹം ആശ്രമത്തിൽ ഉള്ള പുത്രൻമാരെ വിളിച്ചു, അവിടെ പരശുരാമൻ ഒഴികെ ബാക്കി ആറു സഹോദരൻമാരും ഉണ്ടായിരുന്നു. അവരോട് മഹർഷി പറഞ്ഞു, ‘നിങ്ങളുടെ അമ്മ ഇനി എന്റെ ഭാര്യ ആയിരിക്കുകയില്ല,അതിനാൽ ഇനി നിങ്ങൾക്ക് അവൾ അമ്മയും അല്ല. അവൾക്ക് മനസിന്റെ പരിശുദ്ധിയും, സമർപ്പണവും നഷ്ട്ടപെട്ടു കഴിഞ്ഞു. അതുകൊണ്ട് നിങ്ങൾ അവളെ വധിച്ചു കളയണം ‘മെന്നു പറഞ്ഞു. “”അയ്യോ..? ഇതെന്താ അനസൂയേ..!അത്രക്ക് വലിയ തെറ്റാണോ രേണുക ചെയ്തത്..? എന്നിട്ട്..? “”രേണുകേ..അങ്ങനെ അല്ലേ ആ കാലത്ത്. പുരുഷാധിപത്യം.. !””എന്നിട്ട് ബാക്കി പറ..” “അദ്ദേഹത്തിന്റെ പുത്രൻമാരിൽ ഒരാൾ പറഞ്ഞു. ‘പിതാവേ, അങ്ങ് മഹാ ജ്ഞാനിയും, വിശുദ്ധനും ആണ്. അങ്ങയുടെ ഭാര്യയുടെ ഒര് തെറ്റ് പോലും പൊറുക്കാൻ ആകില്ലേ അങ്ങേക്ക്..? ഞങ്ങളുടെ അമ്മ ഞങ്ങളെ സംബന്ധിച്ചു അങ്ങേക്ക് തുല്യ തന്നെയാണ്. എങ്ങനെ ഒര് മാതാവിനെ പുത്രന് വധിക്കുവാൻ ആകും..? ‘ എന്ന് പറഞ്ഞു അവർ അദ്ദേഹത്തിന്റെ ആജ്ഞയിൽ നിന്നും പിന്മാറി. ഉടനെ മഹർഷി അവരെ കരിങ്കൽ പാറകൾ ആയി മാറാൻ ശപിച്ചു. തന്റെ സഹോദരൻമാരെല്ലാം കരിങ്കൽ പാറകളായി മാറിയതിനു ശേഷമാണ് പരശുരാമൻ അവിടേയ്ക്ക് എത്തിയത്. സംഭവിച്ചതെല്ലാം പരശുരാമനോട് മഹർഷി പറഞ്ഞുകൊടുത്തു. പോയി രേണുകദേവിയെ വധിക്കുവാൻ പറഞ്ഞു.””അയ്യോ..!അനസൂയേ എന്നിട്ട് പരശുരാമൻ മഹർഷിയോട് എന്ത് പറഞ്ഞു.. ? “”പരശുരാമൻ സഹോദരൻമാരെ നോക്കി, എന്നിട്ട് ഒര് വാളും എടുത്ത് നദി കരയിലേക്കു പോയി. അവിടെ രേണുക ദേവിയെ കണ്ടു, എല്ലാം വിശദീകരിച്ചു. രേണുക ദേവി ഞെട്ടിതരിച്ചു പോയി. മനസ്ഥിതി വീണ്ടെടുത്തു പരശുരാമനോട് പറഞ്ഞു ‘മകനേ നിന്റെ അച്ഛന്റെ മഹത്വം നിനക്ക് നല്ലത് പോലെ അറിയാം, മകനെ നിന്റെ അച്ഛന്റെ കല്കപന പാലിയ്ക്കു ‘ എന്ന് പറഞ്ഞു തല താഴ്ത്തി കൊടുത്തു. പരശുരാമൻ വലിയ മാനസിക സംഘർഷത്തോടെയും, ദുഃഖത്തോടെയും രേണുകദേവിയോട് ക്ഷമ പറഞ്ഞതിന് ശേഷം ശിരസ് വെട്ടി. എന്നിട്ട് പരശുരാമൻ അവിടെ ഇരുന്നു കണ്ണുകൾ പൊത്തികൊണ്ട് പൊട്ടിക്കരഞ്ഞു. ” “വേണ്ട..!അനസൂയേ ഇനി പറയണ്ട..! “ഞാൻ അടുത്ത് ഇരുന്ന എന്റെ മകൻ ശ്രീറാമിനെ നോക്കി.. അവൻ എന്നെ നോക്കി ചിരിച്ചു. ഞാൻ അവന്റെ തലയിൽ തലോടി കൊടുത്തു. “രേണുകേ..,പേടിച്ചോ…? അതോ വിഷമായോ..? പേടിക്കണ്ടടി..””അതല്ല.. പെട്ടെന്ന് കേട്ടപ്പോൾ..എന്തോ പോലെ.. ശരി എന്നിട്ട്.. ! “”രേണുകദേവിയുടെ രക്തത്തിൽ കുളിച്ച ശരീരം കാണാൻ പരശുരാമൻ നിന്നില്ല അച്ഛന്റെ അടുക്കൽ ചെന്ന് പറഞ്ഞു. ‘പിതാവേ,ഞാൻ അങ്ങയുടെ ഭാര്യയെ വധിച്ചു.”ഞാൻ സംപ്രീതനായി’ എന്ന് പറഞ്ഞ മഹർഷി വരം ചോദിക്കാൻ ആവിശ്യപെട്ടു. തുടർന്ന് പരശുരാമൻ രണ്ട് വരങ്ങൾ ആവിശ്യപെട്ടു. രേണുക ദേവിയ്ക്കു ജീവൻ തിരികെ നൽകാനും, സഹോദരൻമാരെ ശാപത്തിൽ നിന്നും മോചിപ്പിക്കാനും ആയിരുന്നു അപേക്ഷ. മഹർഷി അത് ശരിവച്ചു. മകനോട് പറഞ്ഞു, ‘നിന്റെ അമ്മയുടെ ശിരസ് ശരീരത്തോട് ചേർത്ത് വച്ചിട്ട് നദിയിലെ ജലം തളിച്ചാൽ രേണുക ദേവിയക്ക് ജീവൻ തിരികെ ലഭിക്കും, നിന്റെ സഹോദരന്മാരെ ഞാൻ കരിങ്കൽ പാറകളിൽ നിന്നും വിമുക്തരാക്കിയേക്കാം’ എന്ന് ആശിർവാദം കൊടുത്തു. പരശു രാമൻ നദികരയിൽ പോയി. മഹർഷി പറഞ്ഞത് പ്രകാരം ചെയ്തു. രേണുക ദേവിക്ക് ജീവൻ തിരികെ കിട്ടി അവർ ആശ്രമത്തിൽ ലേക്ക് വന്നു. രേണുക ദേവി തന്റെ പുത്രൻമാരെയും ഭർത്താവിനോടും തലകുമ്പിട്ട് ക്ഷമ പറഞ്ഞു. ജമദഗ്നി മഹർഷി തന്റെ ഭാര്യയോട് ക്ഷമിച്ചു സ്വഗൃഹത്തിലേക്കു ക്ഷണിച്ചു. “”ഇത്‌ കൊള്ളാല്ലോ.. അനസൂയേ..! നീ പറഞ്ഞത് ശരിയാ..ഞങ്ങളുടെ ജീവിതവുമായി എന്തോ ബന്ധം ഉള്ളതായി തോന്നുന്നു. എനിക്കും, മോനും പേരിട്ടത് എന്റെ അച്ഛനാണ്. ഈ പേരിൽ ഇങ്ങനെ ഒര് കഥ ഒളിഞ്ഞിരുന്നു എന്ന് ഞാൻ ഇപ്പോള അറിയുന്നത്.. “”രേണുകേ..,ഒര് പെണ്ണിനോട് അന്ന് മുതലേ തുടങ്ങിയതാ ഈ പുരുഷാധിപത്യം. ഇപ്പോ മനസ്സിലായോ..? “”ഓ പിന്നെ.. എന്റെ ഏട്ടൻ അങ്ങനെ ഒന്നുമല്ല..എന്റെ തെറ്റ് ആയിരുന്നു, എല്ലാം.. ! ഏട്ടൻ പറഞ്ഞിട്ടും ഞാൻ ഷർട്ട് തേക്കാൻ മറന്നുപോയത്. ഇന്നലെ രാത്രി തന്നെ ഞാൻ അത് തേച്ച് വെയ്ക്കേണ്ടതായിരുന്നു. എന്നിട്ട് ചെയ്തോ..?ഇല്ല..! രാവിലെ എങ്കിലും സൂക്ഷിച്ചു, ശ്രദ്ധയോടെ ഷർട്ട് തേക്കേണ്ടതായിരുന്നു. “ഞാൻ വല്ലാതെ സങ്കടത്തോടെ ഇരിക്കുമ്പോൾ എന്റെ ഫോണിൽ ഒര് കൊൾ വന്നു. ഞാൻ ഹാൻ ബാഗിൽ കയ്യിട്ടു ഫോൺ എടുത്ത് നോക്കി. ഋഷി ഏട്ടൻ.. !!എനിക്ക് ഫോൺ എടുക്കാൻ പേടിയായി, ആദ്യത്തെ കോൾ ഞാൻ എടുത്തില്ല. വീണ്ടും രണ്ടാമതും വിളിച്ചു. എന്റെ ഹൃദയത്തിന്റെ താളമിടിപ് കൂടി. ഏട്ടൻ ദേഷ്യത്തിൽ ആയിരിക്കും വിളിക്കുന്നത്. ഇനിയും ഫോൺ എടുത്തില്ലെൽ ഞാൻ ചീത്ത വിളി കേൾക്കും ചേട്ടന്റെ വായിൽ നിന്നും..അത് ഉറപ്പാ..! മനസില്ല മനസോടെയും, വല്ലാത്ത പേടിയോടെയും ഞാനാ ഫോൺ എടുത്തു.”ഹലോ.. ഏട്ടാ.. !”ഹലോ.. എന്താടി ഫോൺ എടുക്കാൻ താമസം.? “”ഏട്ടാ എന്റെ ഫോൺ സൈലന്റ് ആയിരുന്നു അതാ ഫോൺ വന്നത് അറിയാതെ ഇരുന്നത്.. “”പിന്നെ ഇപ്പോ എങ്ങനെ അറിഞ്ഞു ഫോൺ വന്നത്..? ” “അത്.. അത്..എനിക്ക് തോന്നി ചേട്ടൻ വിളിക്കും എന്ന്.. “”ശരി..!നിനക്ക് എന്നോട് പിണക്കം ഉണ്ടോ..? “”ഇല്ല..!എന്തിനാ ഞാൻ പിണങ്ങുന്നത്..? “”രാവിലെ ഞാൻ പറഞ്ഞത്…? “”അത് സാരമില്ല ഏട്ടാ.. എന്റെ തെറ്റല്ലേ.. ! “”എന്നാലും അപ്പോളത്തെ ആ ദേഷ്യത്തിന് വായി തോന്നിയത് ഒക്കെ പറഞ്ഞു..ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു..എടി..,സോറി..! “ഏട്ടാ..അങ്ങനെ പറയല്ലേ..അതുസാരമില്ല.. ഞാൻ ഇനി അങ്ങനെ ചെയ്യില്ല, ഏട്ടൻ പറഞ്ഞത് അനുസരിയ്ക്കാത്ത കൊണ്ടല്ലേ..!ഇനി എല്ലാം അനുസരിച്ചു ചെയ്തോളാം..””ഒന്നു പോടീ പെണ്ണേ.. അവളുടെ അനുസരണ.. നീ വെല്ലോം കഴിച്ചോ..? “”കഴിച്ചു..ഏട്ടൻ കഴിച്ചോ.,? “”ഇല്ല.. കഴിക്കണം.. നിന്നോട് മിണ്ടീട്ട് കഴിക്കാം എന്ന് കരുതി.. ശ്രീറാം അവിടെ ഉണ്ടോ..? “”പോയി കഴിയ്ക്കു ഏട്ടാ.. അവൻ ഇവിടെ കളിക്കുവാ.. “”ശരി.. ഞാൻ വൈകുന്നേരം നിന്റെ ഓഫീസിൽ വരാം..അവിടെ നിന്നും നമുക്ക് സിനിമയ്ക്ക് പോകാം. “”ശരി..ഏട്ടാ.. ! “ഏട്ടൻ ചിരിച്ചോണ്ട് ഫോൺ വച്ചു. എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി മനസ്സിൽ. എന്റെ മുഖതേക്ക് നോക്കി ഒന്നും മനസിലാകാതെ ശ്രീറാമിനെ എടുത്തോണ്ട് അനസൂയ എഴുന്നേറ്റു പോയി.

മുരളി.ആർ.

Murali R