പിൻവിളി

വരൂ, നമുക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങാം.
നഗരത്തിന്റെ മിടിപ്പുകളിലേക്ക്
ആളുകളിറങ്ങിപ്പോയ പച്ചയാണത്.
അവിടെ വാതിലുകൾക്കൊ
ജനാലകൾക്കോ
സാക്ഷകളില്ലാത്തൊരു വീടുണ്ട്.
കാടി വെളളം കാണുമ്പോൾ
അമറിക്കരയുന്ന
പൈക്കിടാവുറങ്ങുന്നൊരു ആലയുണ്ട്.
മിന്നാമിനുങ്ങുകൾ വഴി വിളക്കായ
നാട്ടിടവഴികളുണ്ട് .
കാളി പെറ്റ രാത്രിയിലവിടെ
നക്ഷത്രം പൂക്കുന്ന
വനസമാനമായൊരു ഗഗനമുണ്ടത്രെ.

അറിഞ്ഞോ;
നഗരത്തിന്റെ പാതയോരത്ത്
അവസാനത്തെ അത്താഴത്തിൽ
അപ്പം കഴിച്ച് കൊണ്ടിരിക്കുമ്പോൾ
ഒരു വിശപ്പ് പൊടുന്നനെ മരണപ്പെട്ടത്
ഗ്രാമത്തെ സ്വപ്നം കണ്ടു കൊണ്ടായിരുന്നു.
അയാളുടെ കാലുകളിൽ
പണ്ടെപ്പഴോ കളിച്ചു വളർന്ന മുറ്റത്തെ മണ്ണ്
പറ്റിക്കിടപ്പുണ്ടായിരുന്നു എന്നത്രെ
പോസ്റ്റുമോർട്ടം റിപ്പോർട്ട്.

അയാളുടെ തോൾസഞ്ചിയിൽ
ഒരു ഗ്രാമത്തിന്റെ പിൻവിളിയൊന്നാകെ
ഞാന്നു കിടന്നു.
അയാളുടെ ഹൃദയത്തിൽ
കാത് ചേർക്കുമ്പോൾ
ചൂളം വിളിച്ചെത്തുന്ന വണ്ടിയുടെ
സംഗീതം കേൾക്കാമായിരുന്നുവെന്ന് ഡോക്ടർ
വെള്ളക്കടലാസിലെഴുതി.
അയാളുടെ വീർത്ത കൺതടങ്ങളിൽ
ഗ്രാമത്തിന്റെ പാതയോരത്ത് കെട്ടിക്കിടന്ന
അഴുക്കു ചാലുപോലെ
അസ്തമയ സന്ധ്യയുടെ കറുപ്പ്
കരുവാളിച്ചു കിടന്നിരുന്നു എന്ന്
വാർത്തകളിലും നിറഞ്ഞു നിന്നു.

വരൂ,നമുക്ക് ഗ്രാമങ്ങളിലേക്ക് പോകാം..
അവിടെ അപ്പനപ്പൂപ്പന്മാരുടെ ഓർമകൾക്ക് മീതെ
വാഴകളുണ്ട്, തെങ്ങും മാവും പ്ലാവുമുണ്ട്…
നമുക്കവിടെ നിന്ന് കിഴങ്ങും കിളച്ചെടുക്കാം.
വരൂ, നമുക്ക് ഗ്രാമങ്ങളിലേക്ക് പോകാം.
കാളി പെറ്റ രാത്രിയെ
ഞാനന്നേറെ സ്നേഹിക്കും.
എന്റെ കരിവളയെല്ലാമന്ന് ഉടഞ്ഞേക്കും.
ചോര പൊടിഞ്ഞേക്കും.
ആനയിറങ്ങിയ മേടുകളിൽ
പുലിയുറങ്ങുന്ന പൊന്തൻ മാടകളിൽ
ഒരു അരിവാൾ കൂടി ഗ്രാമം വെട്ടിത്തെളിക്കും.

തൊട്ടിരുന്നവരെല്ലാം അകന്നിരുന്ന
വഴിയോരങ്ങളാകെ പുതിയ മഴയിൽ
അതിജീവനത്തിന്റെ നാമ്പുകൾ മുളയ്ക്കും.
വിരലുകൾ കോർത്തു പിടിച്ച കൈകൾ
ഒറ്റക്ക് വീശി നടന്നു പോകുന്ന ഏകാന്തത,
നേർത്തു പോകുന്ന നിഴൽച്ചിത്രങ്ങൾ,
ശൂന്യമായ ഫുട്പാത്തിലൂടെ ഇടയ്ക്കിടെ മാത്രം സൈറൺ മുഴക്കി ഓടിമറയുന്ന സംഗീതം,

നോക്കൂ,  ഗ്രാമം നമ്മെ വിളിക്കുന്നു..
വരു, നമുക്ക് ഗ്രാമങ്ങളിലേക്ക് പോകാം..
ഗ്രാമത്തിന്റെ കുന്നുകളിൽ
സൂര്യനൊപ്പമെത്താം.
നമ്മുടെ തോൾസഞ്ചിയിലും
ഗ്രാമത്തിന്റെ പിൻവിളി ഞാന്നു കിടക്കുന്നു..

Credit http://www.puzha.com/blog/late-calls/