ചേച്ചി

“എന്താടാ, നിനക്കിന്നു പഠിക്കാൻ ഒന്നുമില്ലേ..? ഏതു നേരവും നീ മൊബൈലിൽ കളിയാണെല്ലോ..? ഞാനെല്ലാം കാണുന്നുണ്ട് ട്ടോ.” വീട്ടിലേക്ക് കയറിയതും അച്ഛൻ എന്നോട് അത് പറയുമ്പോൾ ഞെട്ടലോടെ ഞാൻ എഴുന്നേറ്റു. മൊബൈൽ താഴത്തേക്ക് വെച്ചിട്ട് പറഞ്ഞു. “അച്ഛേ.. ഓൺലൈൻ ക്ലാസ്സ.. ഇപ്പോ തീർന്നേ ഉള്ളു.””മ്മ്.. അവളെവിടെ..? വൈഗ..! അവൾക്ക് ഓൺലൈൻ ക്ലാസ്സില്ലെ..?””അവൾടേത് ഉച്ചക്ക് ആയിരുന്നു. ആ കോങ്കണ്ണി അടുക്കളേല് എവിടേലും കാണും. കുറച്ചുമുന്നേ എന്നെ പിച്ചിയേച്ചും പോയി.” വൈഗ എന്നെ ഉപദ്രവിച്ചതിനെ കുറിച്ച് ഞാൻ അച്ഛനോട് പറഞ്ഞതും.. ഉടനെ അച്ഛൻ അച്ഛന്റെ ആ കണ്ണടയിലൂടെ എന്നെ തുറിച്ചു നോക്കി. എന്റെ അടുത്തേക്ക് വന്നിട്ടു ഗൗരവത്തോടെ പറഞ്ഞു. “നിന്നെ അവൾ എന്തിനാ പിച്ചിയെ..?””അതുപിന്നെ.. എന്റെ ഓൺലൈൻ ക്ലാസ്സിന്റെ സമയത്തു ഞാൻ അവളോട്‌ അമ്മേടെ ഫോൺ ചോദിച്ചു. ആ കോങ്കണ്ണി ആദ്യം തന്നില്ല. വീണ്ടും ചോദിച്ചപ്പോ.. എന്നെ പിച്ചിയെച്ചും ദേഷ്യത്തിൽ എഴുന്നേറ്റു പോയി.””നീ ആദ്യം അവളെ ചേച്ചിന്നു മര്യാദക്ക് വിളിക്കാൻ പഠിക്ക്. ഇനി മേലാൽ കോങ്കണ്ണിന്നു നീ അവളെ വിളിച്ചുന്നു ഞാൻ അറിഞ്ഞാൽ, ഇങ്ങനെ ആയിരിക്കില്ല ഞാൻ നിന്നോട് സംസാരിക്കുക. മനസ്സിലായോ..? നിന്റെ ശരീരത്തിൽ എന്തെങ്കിലും കുറവുണ്ടേൽ അവളത് പറഞ്ഞു കളിയാക്കാറില്ലല്ലോ..? ഉണ്ടോ..? അവള് നിന്റെ ചേച്ചിയാ.. അത് മനസിലാക്കു. നീ അവളോട്‌ എങ്ങനെ പെരുമാറുന്നോ.. അത് കണ്ടെ മറ്റുള്ളവര് പെരുമാറു. കെട്ടോ..?””മ്മ്.. കേട്ടു..” അച്ഛൻ അത് എന്നോട് പറയുമ്പോൾ പേടിച്ചായിരുന്നു ഞാൻ മറുപടി കൊടുത്തത്. അപ്പോൾ അമ്മ വാതിലിൽ ചാരി നിന്നുകൊണ്ട് എന്നെ നോക്കുന്നുണ്ടായിരുന്നു. ആ നേരം വൈഗ അവിടെ വന്നില്ല. അല്ല, വൈഗ ചേച്ചി അവിടെ വന്നില്ല. ഗൗരവത്തോടെ അച്ഛൻ അകത്തേക്ക് കയറുമ്പോൾ അച്ഛന്റെ ആ കണ്ണുകളെ ഞാൻ ശ്രദ്ധിച്ചു. പതിവില്ലാതെ അച്ഛൻ എന്തിനാ എന്നോട് ഇത്രക്ക് ദേഷ്യപ്പെടുന്നത്. ശരിയാ.. അച്ഛൻ ചെറുപ്പത്തിൽ ഏറെ അനുഭവിച്ചതാണ് ആ മാനസിക വേദന..,

✍🏻: മുരളി. ആർ.

Murali R

പെണ്ണ് കാണൽ

“എന്നാ.. ഞങ്ങള് ചെന്നിട്ട് വിവരം അറിയിക്കാം. കുടുംബത്തില് ചിലരോട് കൂടി ആലോചിക്കേണ്ടതുണ്ട്. എങ്കിൽ ശരി.” വീടിന്റെ പടി ഇറങ്ങുന്നതിനു മുൻപ് അവസാനമായി അവർ അച്ഛനോട് പറയുമ്പോൾ ഞാനും ഒന്നു മനസ്സിൽ കുറിച്ചു. ഈ പെണ്ണ് കാണൽ ചടങ്ങും വെറുതെ ആണെന്ന്. ഇതോട് കൂടി അഞ്ജനയെ കാണാൻ വരുന്നവർ അഞ്ചാമത്തെ കൂട്ടരാണ്.”മൂത്തമോൾടെ കെട്ടിയോൻ എവിടെ..? കണ്ടില്ലല്ലോ കക്ഷിയെ.. വിദേശത്താണോ..? അതോ..” പെട്ടെന്ന് ഉള്ള ആ ചോദ്യങ്ങളാണ് എല്ലാ കൂട്ടർക്കും ചോദിക്കാൻ ഉള്ളത്. മറുപടി പറയാൻ എന്റെ അച്ഛൻ ഏറെ പ്രയാസപ്പെടുന്നത് ഞാൻ പലപ്പോഴും കാണാറുണ്ട്. അത് എനിക്ക് സഹിക്കാൻ ആവുന്നില്ല. തുടക്കത്തിൽ തന്നെ നുണ പറയാൻ പോയാൽ വളരെ വലിയ തെറ്റിലേക്ക് പോകും എന്ന പേടി അച്ഛനുണ്ട്. എനിക്ക് സംഭവിച്ചത് പോലെ ആവരുത് അഞ്ജനയുടെ കല്യാണം. എല്ലാം നല്ലരീതിയിൽ അവരെ അറിയിച്ചു, ആലോചിച്ചു വേണം കല്യാണം നടത്താനെന്ന വാശി അച്ഛനുണ്ട്. ഞാൻ പ്രണയിച്ചിരുന്നു, അതെന്റെ തെറ്റാണ്. എനിക്ക് അറിയാം. എന്നാൽ, ഞാൻ ചോദിക്കുന്നത്.. എനിക്ക് ഈ ഗതി വരുത്തിയത് ആരാണ്..? വീട്ടുകാരോ..? അതോ, മാറ്റാരുമോ..? പഠിക്കണം എന്നു പറയുമ്പോൾ അവർ എന്നെ പഠിപ്പിച്ചു, ഫോൺ ആവിശ്യമാണെന്ന് പറയുമ്പോൾ അതും വാങ്ങിച്ചു തന്നു. എന്നാൽ, എപ്പോളോ ഞാൻ അച്ഛന്റെ പ്രതീക്ഷകളെ മറന്നിരിക്കണം. വീട്ടുകാരുടെ ആഗ്രഹങ്ങൾക്ക് വിലകൊടുക്കാതെ എന്റെ ആഗ്രഹങ്ങൾക്ക് പിറകെ പോയിരുന്നിരിക്കണം. അതാണ്‌ ഈ നിലയിൽ എന്നെ കൊണ്ടു ഇവിടെ എത്തിച്ചത്. ഇന്ന് ഞാൻ പ്രണയത്തിന് എതിരല്ല, ഒരിക്കലും പ്രണയിക്കരുതെന്നു ഞാൻ പറയില്ല. അത് വേണം..! എനിക്കത് കല്യാണം കഴിഞ്ഞും ആകാമായിരുന്നു. അതും സ്വന്തം ഭർത്താവിനോട്.. അതൊന്നും ചിന്തിക്കാൻ എന്റെ ബുദ്ധിക്ക് അന്ന് ആയില്ല. പക്വത വരാത്ത തീരുമാനങ്ങൾക്ക് പിറകെ പോയത് എന്റെ മനസാണ്. അതാണ്‌ ഞാൻ ചെയ്ത തെറ്റ്. അന്ന് ആ പോലീസ് സ്റ്റേഷനിൽ വെച്ച് എല്ലാരുടെയും കണ്ണീര് കണ്ടിട്ട് പോലും എന്റെ മനസ് അലിഞ്ഞില്ല. ഞാൻ ഇഷ്ടപ്പെട്ട ജീവിതത്തിനു പിറകെ ഇറങ്ങി ചെന്നു. അന്ന് തകർന്ന മനുഷ്യനാണ് എന്റെ അച്ഛൻ. അച്ഛന്റെ ആ വലിയ പ്രതീക്ഷകളും.. ഒരു വർഷം തികയും മുന്നേ താലി കെട്ടിയവൻ എന്നെ അടിച്ചിറക്കുമ്പോഴും ഈ വീടിന്റെ പടിയിറങ്ങി പോയവളെ വീണ്ടും സ്വീകരിക്കാൻ എന്റെ അച്ഛന് മാത്രമേ മനസ് വന്നുള്ളൂ. ആ വലിയ മനസിനെ ഞാൻ തിരിച്ചറിയാതെ പോയി.”നീ ഒറ്റ ഒരുത്തി കാരണമാ എനിക്ക് ഒരു ആലോചനയും നേരെ ആവാത്തെ.. നീ നോക്കിക്കോ, ഇന്നു വന്നവരും ഇനി വരില്ല. എന്തിനാ ഇങ്ങനെ എന്നെകൂടി ബുദ്ധിമുട്ടിക്കുന്നേ..?” അഞ്ജനയുടെ ആ വാക്കുകൾ ഈ നിമിഷവും എന്റെ ചെവികളിൽ മുഴങ്ങി കേൾക്കുന്നുണ്ട്. അവൾ അത് ചോദിക്കുമ്പോൾ എനിക്ക് മറുപടി പറയാൻ ഉണ്ടായിരുന്നില്ല. എന്റെ അടുത്തു നിന്നിരുന്ന അമ്മയുടെ മൗനവും ആ ചോദ്യത്തിന് കൂടുതൽ ശക്തി പകർന്നു. നിറഞ്ഞ കണ്ണുകളോടെ ഞാൻ നോക്കുമ്പോൾ അഞ്ജന എനിക്ക് മുന്നിൽ നിന്നും ദേഷ്യത്തോടെ എഴുന്നേറ്റു പോയി.ഇനി ഞാൻ ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത്..? ഇവർക്കെല്ലാം ബുദ്ധിമുട്ടായി ഇനിയും ഈ വീട്ടിൽ ഞാൻ തുടരണോ..? അതോ, വിശ്വസിച്ചു ഞാൻ ഇറങ്ങി തിരിച്ചവന്റെ കൂടെ വീണ്ടും പോയി ജീവിക്കണോ..? അവന് വേണ്ടത് എന്റെ ശരീരത്തെ മാത്രാണെന്നു മനസിലാക്കിയ ഞാൻ, വീണ്ടും ഒരു അടിമയെ പോലെ ആ വീട്ടിലേക്ക് ചെല്ലണോ..? എന്നെ മനസിലാക്കാനും, എന്റെ കൂടെ നിൽക്കാനും എന്റെ വയറ്റിൽ ഒരു ജീവനുണ്ടായിരുന്നു. ഞാൻ ശപിക്കപ്പെട്ടവൾ ആയതുകൊണ്ടാവണം, ആ ജീവനും പൂർണ വളർച്ചയില്ലാതെ പാതിയിൽ എന്നെ വിട്ടു പോയി. ഇനി എന്റെ മുന്നിൽ ഒരു വഴിയെ ഉള്ളു. ആർക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ ഒഴിഞ്ഞു മാറുക.അതെ..! ഞാൻ ഇപ്പോൾ ചെയ്യുന്നതാണ് ശരി. ഇത് എന്റെ മാത്രം ശരിയാണ്‌, മറ്റുള്ളവരുടെ കണ്ണിലെ തെറ്റും. ഏതാനും ഗുളിക കൂടി കഴിച്ചതും അല്പം വെള്ളം മാത്രം കുടിച്ചിട്ട് ഞാൻ കിടന്നു. കണ്ണുകൾ അടക്കുമ്പോൾ അതുവരെ എന്നെ സ്നേഹിച്ചവരെ ഞാൻ വീണ്ടും ഓർത്തു. അവർക്ക് വേണ്ടി അവസാനമായി ആ ചൂട് കണ്ണീർ എന്നിലൂടെ ഊർന്നിറങ്ങി. കണ്ണുകളെ തീവ്രമായി അടച്ചുകൊണ്ട് ഇരുട്ടിന്റെ ആഴം തേടി ഞാൻ നടന്നു. തിരിച്ചു വരാൻ സാധിക്കാത്ത ആ കൂരിരുട്ടിലേക്ക്..

✍🏻: മുരളി. ആർ.

Murali R

നഷ്ട സ്വപ്‌നങ്ങൾ – സജിത ടി.

ഹരീ …. ഹരീ …..

‘ടാ നിന്റെ ഫ്‌ളൈറ്റ് നിന്നെ കാത്ത് അവിടെ നില്‍ക്കൊന്നുല്യട്ടാ; ഇപ്പോ എണീറ്റാലേ ശരിയാകൂ. എന്താ പോകണ്ടേ നിനക്ക് ‘ .

റൂം മേറ്റ് ശ്യാമിന്റെ വിളി കേട്ട് അവന്‍ ഞെട്ടിയുണര്‍ന്നു.

‘ ഒന്നു മയങ്ങി പോയെടാ’

പെട്ടെന്നു തന്നെ വാഷ് റൂമില്‍ പോയി കാര്യങ്ങള്‍ എല്ലാം തീര്‍ത്ത് അവന്‍ റെഡിയായി. അപ്പോഴേക്കും അവനു എയര്‍പോര്‍ട്ടിലേക്ക് പോകാനുള്ള വണ്ടി താഴെ റെഡിയായിരുന്നു.

‘ഞാനും വരാം കൂടെ ‘.

ശ്യാം പറഞ്ഞു.

അത് അങ്ങനെയാണ്. എട്ടു വര്‍ഷമായി ഒരുമിച്ച് ; ഒരേ റൂമില്‍ . സഹോദരങ്ങളെ പോലെ.

‘അപ്പോ നീ ഇനി അവളെയും കൂട്ടിയല്ലേ വരുന്നേ. ധൈര്യായിട്ട് പോയി വാ. നീ വരുമ്പോഴേക്കും ഇവിടുത്തെ കാര്യങ്ങള്‍ ഞാന്‍ ശരിയാക്കാം. പിന്നെ ഒരു വിഷമം നിന്റെ കല്യാണം കൂടാന്‍ പറ്റില്ലല്ലോ എന്നതാ; സാരല്യ നിങ്ങള്‍ ഇവിടെ വന്നിട്ട് നമുക്ക് അടിച്ചു പൊളിക്കാം. എന്റെ അമ്മയും അച്ഛനും വരും നിന്റെ കല്യാണത്തിന് ‘ . എയര്‍പോര്‍ട്ടിലെത്തി പോരാന്‍ നേരം ശ്യാം പറഞ്ഞു

‘ ശരിയെടാ; ഞാന്‍ എത്തിയിട് വിളിക്കാം’

അവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു. കയറുന്നതിനു മുന്‍പായി വീട്ടിലേക്ക് ഒന്നു വിളിച്ചു. അമ്മ കാത്തു നില്‍പ്പുണ്ടാകും വിളി. നേരത്തേ വിളിച്ചപ്പോള്‍ ഫ്‌ളൈറ്റിന്റെ സമയം ചോദിച്ചിരുന്നു.

‘ഹലോ ; ഹരിയാണോ ‘.

അവന്റെ ഉദ്ദേശം തെറ്റിയില്ല. മറുതലയ്ക്കല്‍ അമ്മയാണ്.

‘അമ്മ ഉറങ്ങിയില്ലേ?’

‘നീ വിളിക്കുന്ന് അറിയാവുന്നോണ്ട് ഉറക്കം വന്നില്ല;നീ പുറപ്പെടായോ?’

‘ആ …. ഞാന്‍ കയറാന്‍ പോവാണ്. ‘

‘ഇവിടുന്ന് സമയമാവുമ്പോഴേക്കും ഏട്ടനും അമ്മാവനും കൂടി എയര്‍പോര്‍ട്ടിലെത്തും.’

‘എന്നാല്‍ അമ്മ കിടന്നോളൂ. വന്നിട്ട് കാണാം ‘

അമ്മ ഉറങ്ങാന്‍ സാധ്യതയില്ലെന്നു അവനറിയാമായിരുന്നു. ഗോപികയ്ക്ക് മെസേജ് അയച്ചിട്ടൂ. ഉറക്കമായിരിക്കും. വീഡിയോ കോള്‍ ഒക്കെ കഴിഞ്ഞ് ഉറങ്ങാന്‍ വൈകിയിട്ടുണ്ട്. ഇനി ഈ രണ്ടു മണി നേരത്ത് വെറുതെ വിളിക്കണ്ട. വിളിക്കാത്തേനു പിണങ്ങും. സാരല്യ. നിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ദിവസവുമുള്ള വിളിയും വീഡിയോയുമൊക്കെ ആയി ഇപ്പോ അവളോട് വല്ലാതെ അടുത്തു പോയെന്ന് ഹരി ഓര്‍ത്തു. അപ്പോഴേക്കും ഫ്‌ളൈറ്റ് അനൗണ്‍സ് ചെയ്തു…….

ഒന്നു ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യാറായി. ഫ്‌ളൈറ്റ് ഇറങ്ങി ക്ലിയറന്‍സും കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ ഏട്ടനും അമ്മാവനും കാത്തു നില്‍പ്പുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ആ സ്ഥാനം അമ്മാവനാണ്. എന്തിനും വിളിപ്പുറത്തുണ്ടാകും. എല്ലാവരും കൂടി സാധനങ്ങള്‍ ഒക്കെ വണ്ടിയില്‍ കയറ്റി നേരെ വീട്ടിലേക്ക് വിട്ടു. അമ്മയും ഏടത്തിയും എന്റെ കുഞ്ഞാറ്റയുമൊക്കെ എന്നെ കാത്ത് പൂമുഖത്തുണ്ടായിരുന്നു. വണ്ടി വന്നപ്പോഴേക്കും കുഞ്ഞാറ്റ ഓടി വന്നു .

‘കൊച്ചച്ചാ …. ഈ അച്ഛന്‍ എന്നെ കൂട്ടാതെ പോയി. ‘ വീര്‍പ്പിച്ച മുഖവുമായി അവള്‍ പറഞ്ഞു.

‘പിന്നേ വിളിച്ചാ എഴുന്നേല്‍ക്കണം ; അല്ലാതെ മടി പിടിച്ചു കിടന്നാല്‍ അങ്ങിനെ ഇരിക്കും’ ഏടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

‘ഇവരൊക്കെ നുണ പറയാ കൊച്ചച്ചാ; എന്നെ വിളിച്ചൊന്നും ഇല്ല; ഇവര്‍ക്ക് ചോക്കലേറ്റ് ഒന്നും കൊടുക്കണ്ട ട്ടോ ‘ കുസൃതിയോടെ അവള്‍ കൊഞ്ചി.

‘ശരിയെടാ കുറുമ്പീ ;നമുക്ക് കൊടുക്കണ്ട ട്ടോ ‘ ഹരി അവളെയും വാരി എടുത്ത് അകത്തോട്ട് കയറി.

ഉച്ചയൂണിനു ശേഷം ഗോപികയേയും വിളിച്ച് അവളുടെ പിണക്കമൊക്കെ തീര്‍ത്ത് ഒന്നു മയങ്ങി. എണീറ്റപ്പോഴേക്കും കാപ്പി തയ്യാറായിരുന്നു. അത് കുടിച്ച് പുറത്തേക്കിറങ്ങി. കൂട്ടുകാരോട് കത്തി വച്ച് സമയം പോയതറിഞ്ഞില്ല. വീട്ടില്‍ എത്തിയപ്പോള്‍ രാത്രിയായി.

‘ഹരീ ;നീ എവിടെ പോയതാടാ. കല്യാണത്തിന്റെ ദിവസം ഇങ്ങടുത്തു. നിന്റെ ചേട്ടന്‍ പാവം തനിയെ കിടന്ന് ഓടുകയാ. അമ്മാവന്‍ ഉള്ളതാ ഒരു ആശ്വാസം .ഇനീപ്പോ നീ വന്നില്ലേ? ഒരു സഹായത്തിന് .കൂട്ടുകാരുടെ കൂടെയുള്ള കറക്കം ഒന്നു നിറുത്തിക്കോളു കുറച്ച് ദിവസത്തേക്ക് ‘ അമ്മ പരാതിയുടെ കെട്ടഴിച്ചിട്ടു.

ഏട്ടന്‍ എന്നെ നോക്കി കണ്ണടച്ചു. സാരമില്ല എന്ന ഭാവത്തില്‍ .എല്ലാവരും കൂടി ഊണു കഴിക്കാതിരിക്കുമ്പോഴാണ് അമ്മ നാളെ പിറന്നാളാണ് എന്ന് ഓര്‍മിപ്പിച്ചത്.

‘നാളെ കാലത്ത് അമ്പലത്തില്‍ ഒന്നു പൊയ്‌ക്കോളൂട്ടോ കുട്ട്യേ….’ കിടക്കാന്‍ പോകുന്ന നേരം ഹരിയോടായി അമ്മ പറഞ്ഞു.

ഗോപികയ്ക്ക് മേസേജ് അയച്ചിട്ട് കുറച്ച് നേരായി. നാട്ടിലെ പഴയ നമ്പര്‍ റിചാര്‍ജ് ചെയ്തതും വൈകീട്ടാ. അതു കൊണ്ട് വിളിച്ചതുമില്ല: മുഖം വീര്‍പ്പിച്ച് ഇരിക്കണുണ്ടാകും.എത്ര പിണങ്ങിയാലും ഒരു ചിരിയില്‍ ഒതുങ്ങും എല്ലാം . പാവം …..

അവളെ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ അവനോര്‍ത്തു. ഫോണ്‍ റിംഗ് ചെയ്തതും കാത്തിരിക്കുന്ന പോലെ അവള്‍ എടുത്തു.

‘ഹരിയേട്ടന്‍ നാട്ടില്‍ വരണ്ടായിരുന്നു. അവിടെയാണേല്‍ എന്നോട് എപ്പോഴും സംസാരിക്കും. ഇതിപ്പോ എത്ര നേരായി. ‘ പരിഭവം കലര്‍ന്ന ശബ്ദത്തില്‍ അവള്‍ കൊഞ്ചി.

‘കല്യാണത്തിരക്കല്ലേ ടാ; ഏട്ടന്‍ തന്നെ അല്ലേ ഓട്ടം ‘. കൂട്ടുകാരുമായി വെറുതെ ,സംസാരിച്ച് കൊണ്ടിരുന്നിട്ടും അവളോട് മിണ്ടിയില്ലെന്നറിഞ്ഞാല്‍ അവളുടെ പിണക്കം കൂടുമെന്നറിയാമായിരുന്ന ഹരി ഒരു കുഞ്ഞു കള്ളം പറഞ്ഞു.

‘സാരല്യ ;ഞാന്‍ ക്ഷമിച്ചിരിക്കുന്നു’. ഒരു കുഞ്ഞു ചിരിയോടെ അവള്‍ പറഞ്ഞു .

‘നാളെ പിറന്നാളല്ലേ ഹരിയേട്ടാ, എന്താ പരിപാടി? അവള്‍ ചോദിച്ചു.

‘പരിപാടി ഒന്നുമില്ല. ഒന്നു അമ്പലത്തില്‍ പോകണം. നീ വരുന്നോ?’

‘ഞാന്‍ വന്നാ ശരിയാകോ ?’ സംശയത്തോടെ അവള്‍ ചോദിച്ചു.

‘എന്താ ശരിയാകാത്തെ, നിശ്ചയം കഴിഞ്ഞാല്‍ കല്യാണം കഴിഞ്ഞ പോലെയാന്നാ പറയാ. നീ വരോന്നു പറ’. അവന്‍ കുറച്ചൊന്നു ഗൗരവത്തോടെ പറഞ്ഞു.

‘കൃഷ്ണന്റെ അമ്പലത്തിലാണേല്‍ ഞാന്‍ വരാം. എനിക്കിവടന്നു വരാന്‍ അതാ എളുപ്പം ‘

‘കൃഷ്ണന്‍ എങ്കില്‍ കൃഷ്ണന്‍ ;നീ വന്നാല്‍ മതി ‘. ഒരു കള്ളച്ചിരിയോടെ ഹരി പറഞ്ഞു.

നാളെ കാണാമെന്ന മധുരസ്വപ്നവും കണ്ട് രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് അമ്പലത്തിലേക്ക് പോകാന്‍ ഇറങ്ങവേ ;ഫോണില്‍ ഒരു കോള്‍ വന്നു. അറിയാത്ത നമ്പര്‍ ആയതു കൊണ്ട് എടുത്തില്ല. വീട്ടില്‍ നിന്നു ഏകദേശം പത്ത് കിലോമീറ്റര്‍ ഉണ്ട് അവള്‍ പറഞ്ഞ അമ്പലത്തിലേക്ക്. നിശ്ചയത്തിനു ശേഷം രണ്ട് തവണ അവളെ കണ്ടത് അവിടെ വച്ചാണ്. ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ പിന്നെയും അതേ നമ്പറില്‍ നിന്നും കോള്‍ വന്നു. കാര്‍ സൈഡ് ആക്കി കോള്‍ അറ്റെന്‍ഡ് ചെയ്തു.

‘ഹരിയല്ലേ?’

‘അതേ ‘

ശബ്ദത്തില്‍ നിന്നും ഹരി ആളെ തിരിച്ചറിഞ്ഞു. അപര്‍ണ്ണ . ഒരു കാലത്ത് എന്റെ അപ്പു ഇപ്പോ മറ്റൊരാളുടെ ഭാര്യ .

‘അപര്‍ണ്ണ ‘ അത്ഭുതത്തോടെ അവന്‍ ചോദിച്ചു.

‘അതെ ;അപര്‍ണ്ണ .എന്റെ ശബ്ദം ഓര്‍ത്തല്ലോ. സന്തോഷം ‘ അവള്‍ പറഞ്ഞു.

‘അത്ര പെട്ടെന്നു മറക്കാന്‍ പറ്റുന്ന ശബ്ദം ആയിരുന്നില്ലല്ലോ അപ്പൂ ….. സോറി അപര്‍ണ്ണാ’. ഹരി പറഞ്ഞു.

ഞാന്‍ ഹരിക്ക് പിറന്നാളാശംസകള്‍ നേരാന്‍ വിളിച്ചതാ. നാട്ടില്‍ എത്തിയെന്ന് അറിഞ്ഞു. ഹരിയെ പറ്റി ഞാന്‍ അന്വേഷിക്കാറുണ്ട് ‘ .

‘തനിക്ക് എന്റെ പിറന്നാളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടോടൊ’ അത്ഭുതത്തോടെ ഹരി ചോദിച്ചു.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഹരിയാണെന്ന് എനിക്ക് അറിയാം. ഹരിയെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തില്‍ ഇന്നു വരെ ഉണ്ടായിട്ടില്ല. ഒന്നു കാണാന്‍ പറ്റുമോ?’ അവളുടെ ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടായിരുന്നു.

‘നാളെ മതിയോ അപര്‍ണാ…. ഇന്നു കുറച്ച് തിരക്കുണ്ടായിരുന്നു.’

‘നാളെ വൈകീട്ട് ഞാന്‍ സ്റ്റേറ്റ്‌സിലേക്ക് തിരിച്ച് പോകും ഹരീ; പറ്റുമെങ്കില്‍ ഇന്ന് കാണാം.’ അപര്‍ണ പറഞ്ഞു

ഒഴിവാക്കാന്‍ ഹരിക്കായില്ല. അമ്പലത്തിലേക്ക് പോകുന്ന വഴിക്കുള്ള പുഴയുടെ തീരത്ത് അവള്‍ വരാമെന്നു പറഞ്ഞു. തങ്ങളുടെ പണ്ടത്തെ സന്ദര്‍ശനങ്ങള്‍ അവിടെ വച്ചായിരുന്നു എന്ന് ഹരി ഓര്‍ത്തു.

രണ്ട് വര്‍ഷത്തെ അസ്ഥിക്ക് പിടിച്ച പ്രേമം. ഇഷ്ടം തുറന്ന് പറഞ്ഞത് താനായിരുന്നു. എപ്പോഴോ ആ ഇഷ്ടത്തെ അതേ അളവില്‍ അവളും നെഞ്ചിലേറ്റി. ജീവിച്ചാലും മരിച്ചാലും ഒരുമിച്ച് എന്നു ഉറപ്പിച്ച രണ്ട് വര്‍ഷങ്ങള്‍. ഒന്നു കണ്ടില്ലെങ്കില്‍ മിണ്ടിയില്ലെങ്കില്‍ ശ്വാസം നിലച്ചുപോകുമെന്ന് ചിന്തിച്ചിരുന്ന നിമിഷങ്ങള്‍. ഒടുവില്‍ വീട്ടുകാരുടെ തീരുമാനത്തിനു മുന്നില്‍ തോറ്റ് നമുക്ക് പിരിയാം ഹരീ എന്നവള്‍ പറഞ്ഞപ്പോള്‍ തകര്‍ന്നു പോയിരുന്നു.

ഇതല്ലാതെ വേറെ വഴിയില്ലെന്നു കരഞ്ഞു കൊണ്ടവള്‍ പറഞ്ഞപ്പോള്‍ അവള്‍ക്കൊപ്പം കണ്ണുനീര്‍ പൊഴിക്കാനല്ലാതെ ആ ഇരുപത്തി രണ്ടു വയസുകാരന് വേറൊന്നും ചെയ്യാനായില്ല. ഹൃദയം പിളര്‍ക്കുന്ന വേദനയോടെയാണ് അന്നു താനവളെ യാത്രയാക്കിയതെന്ന് അവനോര്‍ത്തു. അച്ഛന്റെ പെട്ടെന്നുള്ള മരണം അനാഥമാക്കിയ കുടുംബത്തെ ഒറ്റയ്ക്ക് താങ്ങി നിറുത്താന്‍ ചേട്ടനാകുമായിരുന്നില്ല. ഈ പുഴവക്കും അപര്‍ണയെയും മറക്കണമെന്നതും ഒരു കാരണമായിരുന്നെങ്കിലും കുടുംബമായിരുന്നു അപ്പോള്‍ എല്ലാറ്റിലും വലുതായി തോന്നിയത്. കുടുംബത്തിനു വേണ്ടി അവിടത്തെ ഏകാന്തവാസത്തെ സ്വയം സ്വീകരിക്കുകയായിരുന്നു എന്നും പറയാം. ഒരു തരത്തില്‍ അവളെ പിരിയേണ്ടി വന്നില്ലായിരുന്നെങ്കില്‍ താന്‍ ആ പ്രവാസ ജീവിതം സ്വീകരിക്കില്ലായിരുന്നു എന്നതും ഒരു സത്യമാണ്. ആ നഷ്ട്ടം അന്നു ജീവിതം പോലും നഷ്ട്ടപ്പെട്ടു എന്ന അവസ്ഥയില്‍ എത്തിച്ചുവെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ അമ്മയുടെ സംതൃപ്തി നിറഞ്ഞ ചിരി മാത്രം മതിയായിരുന്നു അവളെ മറക്കാന്‍. ഓരോന്ന് ഓര്‍ത്ത് അപര്‍ണയുടെ അടുത്ത് എത്തിയത് അറിഞ്ഞില്ല ഹരി.

‘താന്‍ കുറെ നേരായോ വന്നിട്ട്?’

‘ഇല്ല ഹരീ …. ഞാന്‍ വന്നേയുള്ളു, ഇനി ആയെങ്കില്‍ തന്നെ ബോറഡിപ്പിക്കുന്ന സ്ഥലം അല്ലാലോ. ഒരുപാട് ഓര്‍മകള്‍ ഉറങ്ങിക്കിടപ്പില്ലേ ഇവിടെ ‘വിഷാദം നിറഞ്ഞ പുഞ്ചിരിയുമായി അവള്‍ പറഞ്ഞു.

അവളുടെ മുഖത്തെ ആ നിഷ്‌കളങ്കത എവിടെയോ മാഞ്ഞ് പോയെന്നു ഹരി ഓര്‍ത്തു.

‘തനിക്ക് സുഖമല്ലേടോ’ ഹരി ചോദിച്ചു.

‘എന്റെ സുഖമെല്ലാം ഒരു എട്ട് വര്‍ഷം മുന്‍പ് ഞാനീ പുഴയില്‍ വലിച്ചെറിഞ്ഞു ഹരീ’ നിര്‍വികാരമായി അവള്‍ പറഞ്ഞു.

‘ഫാമിലി….. ‘ സംശയത്തോടെ അവന്‍ ചോദിച്ചു.

‘ ഭര്‍ത്താവ് സ്റ്റേറ്റ്‌സിലാണ്. ഞാനും. നാട്ടില്‍ അമ്മയ്ക്ക് സുഖമില്ലാതെ വന്നതാണ്. നാളെ തിരിച്ചു പോണം. സംസാരിക്കാന്‍ പോലും നേരമില്ലാത്ത ആ തിരക്കുകളുടെ ലോകത്തേക്ക്. പരസ്പരം ഉള്‍ക്കൊള്ളാനാകാത്ത സമാന്തര രേഖകളായി ഇപ്പോഴും തുടരുന്നു. മക്കള്‍ ഇല്ല. അതും …….’ പാതിയില്‍ അവള്‍ നിറുത്തി.

മറുപടിക്കായ് ഹരി വാക്കുകള്‍ തിരഞ്ഞു.

‘ഹരിയെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല ഹരീ. നമ്മള്‍ ഒരുമിച്ച് കണ്ട ജീവിതം. പിരിയാമെന്ന് അന്നു ഞാന്‍ പറഞ്ഞപ്പോള്‍…..’

‘അതൊക്കെ കഴിഞ്ഞ കാര്യങ്ങള്‍ അല്ലേ അപര്‍ണാ ‘ അവളെ തുടരാന്‍ അനുവദിക്കാതെ ഹരി പറഞ്ഞു

‘അപര്‍ണ …. അപ്പു എന്നല്ലാതെ എന്നെ വിളിച്ചിട്ടില്ല ഹരി’ ഉള്ളില്‍ നിന്നും അറിയാതെ ഉയര്‍ന്ന ഒരു വിങ്ങലോടെ അപര്‍ണ പറഞ്ഞു.

‘അപ്പു എന്റെ ഉള്ളില്‍ ഇപ്പോള്‍ ഇല്ല. എന്റെ മുന്നില്‍ നില്‍ക്കുന്നത് മറ്റൊരാളുടെ താലി ചാര്‍ത്തിയ അപര്‍ണ മാത്രമാണ്. ഇപ്പോ നിനക്കൊരു ജീവിതമുണ്ട്. എന്നെയും മറ്റൊരു പെണ്‍കുട്ടി കാത്തിരിപ്പുണ്ട്. പണ്ടത്തെ ഹരിയും അപ്പുവും ഇനിയില്ല അപര്‍ണാ. എന്റെ നിശ്ചയം കഴിഞ്ഞു. കല്യാണവും അടുത്തു. കല്യാണത്തിനു വേണ്ടിയാ ഞാന്‍ നാട്ടില്‍ വന്നത് ‘. ഉറച്ച മനസ്സോടെ ഹരി പറഞ്ഞു.

‘ശരിയാണു ഹരി. നമുക്ക് ഒന്നും തിരിച്ചു കിട്ടില്ല. കുറച്ച് സുഖമുള്ള ഓര്‍മകളുടെ സുഗന്ധവും പേറി കിട്ടിയ ജീവിതത്തില്‍ സംതൃപ്തരായി മുന്നോട്ട് പോകാം .അല്ലേ ‘

‘ഞാന്‍ പോകട്ടെ ഹരീ.’തെല്ലു നേരത്തെ നിശബ്ദതയെ ബേധിച്ചു കൊണ്ട് അപര്‍ണ പറഞ്ഞു.

‘നാളെ അല്ലേ പോകുന്നെ. അല്ലെങ്കില്‍ എന്റെ കല്യാണത്തില്‍ പങ്കെടുത്ത് പോകായിരുന്നു ‘ ഹരിയുടെ വാക്കുകളില്‍ ഔപചാരികത ഉണ്ടായിരുന്നു.

‘ഇല്ല ഹരീ, നാളെ തന്നെ പോകണം. എന്താ ആ കുട്ടീടെ പേര്?’

‘ഗോപിക ‘ ഹരി പറഞ്ഞു

‘നല്ല പേര്. ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ. ഞാന്‍ ഇനി നില്‍ക്കുന്നില്ല ഹരീ .തിരക്കുണ്ട്.പോകട്ടെ ‘

ഹരി തലയാട്ടി

‘ഹരിയുടെ ഗോപിക. ആ കുട്ടി ഭാഗ്യവതിയാ ഹരീ. അടുത്ത ജന്മമെങ്കിലും ആ ഭാഗ്യം എനിക്ക് കിട്ടാന്‍ ഞാന്‍ കാത്തിരിക്കും.’ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കും മുന്‍പായി അപര്‍ണ പറഞ്ഞു.

ചിരിച്ചതല്ലാതെ ഹരി മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ കാര്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ ഹരി നോക്കി നിന്നു. തന്നെയും കാത്ത് മറ്റൊരാള്‍ അമ്പലമുറ്റത്ത് നില്‍ക്കുന്നുണ്ടാകുമെന്ന് ഹരി പെട്ടെന്നാണ് ഓര്‍ത്തത്. പെട്ടെന്നു കാറില്‍ കയറി വണ്ടിയെടുത്തു. ആ നിമിഷം വരെ സംസാരിച്ചതും ഓര്‍ത്തതുമായ കാര്യങ്ങള്‍ അവിടെ തന്നെ ഉപേക്ഷിച്ചാണ് അവന്‍ ആ കാറില്‍ കയറിയത്. അമ്പലത്തിലേക്കുള്ള യാത്രയിലുടനീളം അവന്റെ മനസ്സില്‍ ഗോപിക മാത്രമായിരുന്നു.
ഇനിയങ്ങോട്ടും ………

സജിത ടി.

ചോദ്യം

” ‘വാസുകി.. ഞാൻ നിന്നോട് ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്. ഇതിന് മുൻപ് നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ..? അല്ല, പ്രേമിക്കുന്നത് ഒരു തെറ്റല്ല. എന്നാലും നീ..?” ഇന്നും ഞാൻ ഓർക്കുന്നു, ഏറെ നേരത്തെ ഞങ്ങളുടെ മൗനത്തിനൊടുവിൽ അദ്ദേഹം എന്നോട് അത് ചോദിച്ചു. കട്ടിലിന്റെ മൂലയിൽ ഇരുന്ന ഞാൻ ആ ചോദ്യം കേട്ടതും പെട്ടെന്ന് പേടിച്ച ഭാവത്തോടെ ഒന്നു മൂളി. ‘മ്മ്..”അത് ശരി, നിങ്ങൾക്കിടയിൽ വല്ല ശാരീരിക ബന്ധവും..? അല്ല, എന്നോട് പറയാൻ മടിയാണേൽ പറയണ്ട ട്ടോ. ഞാൻ നിർബന്ധിക്കില്ല. എന്നാലും, ഞാൻ ചോദിക്കുന്നതിൽ തെറ്റില്ലല്ലോ..? അല്ലെ..?’ അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും അയാളിൽ നിന്നും പ്രതീക്ഷിച്ചില്ല. പിന്നീട് ഒരു നിമിഷം പോലും അയാൾക്കൊപ്പം ഇരിക്കാൻ എന്റെ മനസു അനുവദിച്ചില്ല. ഞാൻ അറിയാതെ തന്നെ എഴുന്നേറ്റു. ‘ഇപ്പോ എന്താ ചോദിച്ചെ..?”അല്ല അത്, ഞാൻ നിന്റെ ഭർത്താവല്ലേ..? അപ്പോ, എല്ലാ കാര്യങ്ങളും മുൻകൂട്ടി നിന്നോട് ചോദിച്ചറിയാമെന്നു വെച്ചു. ഇനി ഒരുമിച്ചു ജീവിക്കേണ്ടവരല്ലേ നമ്മൾ.. അതാ നിന്നോട്..”എണീക്കെടൊ.. എടൊ തന്നോടാ പറഞ്ഞത് എണീക്കാൻ. ഇനി ഒരക്ഷരം താൻ മിണ്ടിപോകരുത്. ഇല്ല, താൻ ഇനി മിണ്ടില്ല. ഇറങ്ങു.. ഇറങ്ങെന്റെ വീട്ടിന്നു..’ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് അന്ന് അത്രത്തോളം ഒരാളോട് ദേഷ്യപ്പെടുന്നത്. അയാൾ ഒരക്ഷരം പോലും മിണ്ടാതെ വീട്ടിൽ നിന്നും ഇറങ്ങി. അന്ന് എന്റെ ആദ്യരാത്രി ആയിരുന്നു, അതാണ്‌ എന്റെ അവസാന രാത്രിയും.. പിന്നീട് ഒരിക്കലും ഒരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല. ആ വിവാഹം തന്നെ, എന്റെ അച്ഛന്റെ ഒരുപാട് നാളത്തെ നിർബന്ധം കൊണ്ട് ഞാൻ സമ്മതിച്ചതാണ്. ‘ “”പിന്നീട് ഇതുവരെ വാസുകി മേം ആ മനുഷ്യനെ കണ്ടിട്ടില്ലേ..? ഇപ്പോ എവിടെ ആണെന്നോ.. എന്താണെന്നോ.. വല്ലതും..” സുദർശൻ അത് ചോദിക്കുമ്പോൾ മേശമേൽ വെച്ചിരുന്ന ചായയുടെ ചൂട് ആറുന്നതായി ഞാൻ ശ്രദ്ധിച്ചു.”കണ്ടിട്ടുണ്ട്, ആ സംഭവത്തിനു ശേഷം രണ്ടു മാസം കഴിഞ്ഞു എന്നെ കാണാൻ വന്നു. എന്നോട് ക്ഷമ പറഞ്ഞു, ഒരുമിച്ചു ജീവിക്കാൻ വേണ്ടി. ഞാൻ അന്ന് തീർത്തു പറഞ്ഞു, ഒരിക്കലും നിങ്ങളോടൊപ്പം ഇനി ജീവിക്കില്ലെന്ന്. ഇന്നും എന്നെ പോലെത്തന്നെ ആ മനുഷ്യനും മറ്റൊരു വിവാഹം കഴിച്ചിട്ടില്ല.””വാസുകി മേം എനിക്ക് മനസ്സിലാകുന്നുണ്ട് ആ വിഷമം. അദ്ദേഹം ചോദിച്ചത് വളരെ വലിയ തെറ്റാണ്. എന്നാലും ഇപ്പോ, ഇരുപതു വർഷത്തിന് മേലെ ആയില്ലേ.. ഇനിയെങ്കിലും അദ്ദേഹത്തോട് ക്ഷമിച്ചൂടെ..? ഇനിയും ഇങ്ങനെ എത്ര നാൾ..?”സുദർശന്റെ ആ ചോദ്യത്തിന് ഒരു ചെറു പുഞ്ചിരി ഞാൻ നൽകികൊണ്ട് ആ സോഫായിലേക്ക് ചാഞ്ഞിരുന്നു. “മോനെ.. നീ ആദ്യം ആ ചായ കുടിക്ക്, അതിന്റെ ചൂട് ആറികാണും. എന്റെ ജീവിതത്തിൽ അന്ന് ആ സംഭവത്തിനു ശേഷം എന്റെ അച്ഛനും എന്നെ വിട്ടു എന്നന്നേക്കുമായി പോയി. പിന്നെ ഒരു കൂട്ടു ഇല്ലാതെ ആദ്യമൊക്കെ പ്രയാസമായിരുന്നു ജീവിക്കാൻ. പിന്നെപ്പിന്നെ അതൊരു ശീലമായി മാറി. ഒരാണില്ലാതെയും ജീവിക്കാൻ പറ്റും എന്നൊരു തന്റേടം എനിക്ക് വന്നു. അതൊക്കെ പോട്ടെ.. നിനക്ക് ഇന്നു കോളേജ് ഇല്ലേ ചെക്കാ..?””ഉച്ചവരെ ഉണ്ടായിരുന്നുള്ളുന്നേ, സ്ട്രൈക്കാ അവിടെ.. എങ്കിൽ ശരി, വൈകുന്നേരം ലൈബ്രറി വെച്ചു കാണാം. ഇന്നു വാസുകി മേം മറക്കാതെ വരണം. ഞാൻ ഒരു ചെറുകഥ എഴുതീട്ടുണ്ട്, വാസുകി മേംമിനെ കുറിച്ച്.” അവൻ അത് പറഞ്ഞിട്ട് ബൈക്കും എടുത്തു പുറത്തേക്ക് ഇറങ്ങി. അവൻ പോയതിനു ശേഷവും എന്റെ മനസ്സിൽ പലരും ചോദിച്ച ആ ചോദ്യം വീണ്ടും ആവർത്തിച്ചു കേട്ടു. ഇനി എത്രനാൾ ഒറ്റക്ക്..? അതിനെല്ലാം ഒരു ഉത്തരമേ ഉള്ളു. എന്നെ കൊണ്ടു പറ്റും. ഇതുവരെ ഞാൻ ജീവിച്ചു. ഇനി അങ്ങോട്ടും അതുപോലെ തന്നെ.. ഒരു ചെറു പുഞ്ചിരി മാത്രം ബാക്കി. ✍🏻: മുരളി. ആർ.

സൂക്കേട്

“ഈ വായിനോക്കികളുടെ ശല്യം കാരണം പുറത്തേക്കിറങ്ങാൻ വയ്യാണ്ടായി. ഈ പ്രായം ചെന്ന കിളവന്മാർക്ക സൂക്കേട് കൂടുതല്..” വീട്ടിലേക്ക് കയറിയതും എന്നെ നോക്കി കൊണ്ടു നന്ദിത പറഞ്ഞു. അവളുടെ കൈയിൽ കുറച്ചു പലചരക്കു സാധനങ്ങൾ ഉണ്ടായിരുന്നു. എന്നെ കണ്ട പാടേ എന്റെ അടുത്തേക്ക് വന്നു. ഞാൻ ഉടനെ ചോദിച്ചു.”എന്താടി.. എന്താ പ്രശ്നം..?””ഒന്നുല്ല ഏട്ടാ.. ഞാൻ കട വരെ ഒന്നു പോയതാ, ഏറെ സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോ, കൂടിനിൽക്കുന്ന ആണുങ്ങളുടെ നോട്ടം കണ്ടാല് ഇവരാരും പെണ്ണിനെ കണ്ടിട്ടില്ലാത്ത പോലെയാ.. അതൊക്കെ പോട്ടെ.. ഏട്ടനെന്താ ഇന്ന് വൈകിയല്ലോ..?””അതോ.. ഇന്ന് ഓഫീസിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു. എനിക്കും മഹേഷിനുമാണ് അതിന്റെ ഡ്യൂട്ടി, അതാ, വൈകിയത്” ഞാൻ അത് പറയുമ്പോൾ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. ആരാണെന്ന് നോക്കിയതും, മഹേഷ്‌..!”ഹലോ.. എന്താടാ ഈ നേരത്ത് വിളിച്ചേ..?””ഹലോ.. എടാ, അതുപിന്നെ.. ഇന്ന് ഇന്റർവ്യൂനു വന്ന ആ നീണ്ട മുടിയുള്ള പെണ്ണ് കൊള്ളാല്ലേ..? എനിക്ക് അവളെ ഇഷ്ടായി, അവളെ സെലക്റ്റ് ചെയ്ത പോരേ..?””അതൊക്കെ നമുക്ക് ഓഫീസിൽ വന്നിട്ടു തീരുമാനിക്കാം. ഞാൻ കുറച്ചു തിരക്കാ.. നീ ഫോൺ വെച്ചോ..” പെട്ടെന്ന് ഞാൻ അവന്റെ കോൾ കട്ട്‌ ചെയ്തതും, നന്ദിത എനിക്കൊപ്പം കസേരയിൽ ചേർന്നിരുന്നു. എന്നെ ഒന്നു നോക്കീട്ട് ചോദിച്ചു. “ഈ സമയത്തു ആരാ ഏട്ടാ..? എന്താ തിരക്കാന്നു പറഞ്ഞു കോൾ കട്ട് ചെയ്തത്..?””അതുപിന്നെ.., മഹേഷ്‌ ആണെടി. അവനു ഒരു സംശയം, അത് ഓഫീസിൽ ചെന്നിട്ടു തീർക്കാനുള്ളതേ ഉള്ളു. ആട്ടെ, നീ കാര്യം പറ.. എന്നിട്ട് നീ ആ കിളവന്മാരോട് വെല്ലോം പറഞ്ഞോ..?””രണ്ടെണ്ണം പറയണോന്നു ഉണ്ടായിരുന്നു, ഇനി ആട്ടെ പറയാം. വെറുതെ പറഞ്ഞിട്ട് കാര്യമില്ല, ഒന്നു ചെകിടത്തു കൊടുത്തിട്ട് പറയണം. എന്നാലെ.. ഈ പെണ്ണിനെ കാണുമ്പോളുള്ള അവന്മാരുടെ സൂക്കേട് മാറു.. ചേട്ടൻ അതൊക്കെ വിട്, ഞാൻ ചായ എടുക്കാം, നല്ല ചൂട് ചായ.. ജോലി കഴിഞ്ഞു വന്നതല്ലേ..” പുഞ്ചിരിച്ചു കൊണ്ടു നന്ദിത എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു. അവൾ ഈ പറഞ്ഞ ആ സൂക്കേട് എനിക്കും ഇല്ലാതില്ല. ഒന്നും മിണ്ടാതെ ഞാൻ മൗനത്തോടെ ആ ചൂട് ചായക്കായി കാത്തിരുന്നു.

✍🏻: മുരളി. ആർ.

Murali R

കിറുക്ക്‌

“നിനക്ക് കിറുക്കൊണ്ടോ പെണ്ണേ..? ഏതു നേരവും ഈ കൈയും, കാലും ഫോട്ടോ എടുക്കാൻ. ഞാൻ കുറച്ചു നാളായിട്ട് നിന്നെ ശ്രദ്ധിക്കുന്നുണ്ട് ട്ടോ..” വൈഗയോട് അവൻ അത് പറഞ്ഞതും അവൾ ഫോൺ അവിടെ വെച്ചിട്ട് അടുക്കളയിലേക്ക് പോയി. അവനും പിറകെ ചെന്നു.”ഇപ്പോ ചേട്ടന് എന്താ വേണ്ടേ..? എന്റെ പുറകെ എന്തിനാ വരുന്നേ..? ഞാനെന്ത് ചെയ്താലും കുറ്റം, എപ്പോളും ഓരോന്നു പറയും.””മോളെ.. ഞാൻ നിന്നെ കുറ്റം പറഞ്ഞതല്ല. പെൺകുട്ടികൾ ഇങ്ങനെ ഏതുനേരവും ഫോണിൽ നോക്കി ഇരിക്കുന്നത് കാണുമ്പോ.. ഉള്ളിലൊരു പേടിയാ.. എന്തെങ്കിലും സംഭവിക്കുമോന്നു. അതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ല.””ഞാനൊരു ഫോട്ടോ എടുത്തുന്നു വെച്ചു ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ല.” അവൾ ദേഷ്യത്തോടെ ഉച്ചത്തിൽ അത് പറഞ്ഞിട്ട് അവിടെ നിന്നും മുറിയിലേക്ക് വീണ്ടും വന്നു. ഞാൻ ആ ശബ്ദം കേട്ട് അടുക്കളയിലേക്ക് ചെന്നു. “എന്താടാ..? നീ ജോലികഴിഞ്ഞു വന്ന ഉടനെ അവളെ കുറ്റം പറയാൻ തുടങ്ങിയോ..?””അല്ലമ്മേ.. ഇവളെ ഒരുത്തന്റെ കൈയിൽ പിടിച്ചേപ്പിക്കുന്നോടം വരെ ഒരു പേടിയാ.. പെൺകുട്ടികളെക്കുറിച്ച് ഓരോ വാർത്തകൾ ദിവസോം കേൾക്കുന്നില്ലേ..? നമ്മുടെ വീട്ടിലും ഒരാളില്ലേ.. അതാ..””ശരിയാടാ.. എനിക്കെല്ലാം മനസിലാകുന്നുണ്ട്. പെൺകുട്ടികളെക്കുറിച്ച് മാത്രല്ല, ആൺകുട്ടികളെക്കുറിച്ചും ഞാൻ വാർത്തകൾ കേൾക്കാറുണ്ട്. പിന്നെ, ഇവള് അങ്ങനെ പോകില്ല, ഇവൾടെ ലോകം ഈ വീടും, നമ്മള് രണ്ടാളും മാത്രാ.. നിനക്ക് അറിയാവോ..? ഇത്രേം നേരം നീ വാങ്ങി തന്ന ആ പുതിയ വളയുടെ കാര്യം പറഞ്ഞു ഇരിക്കുവായിരുന്നു അവള്.. അതവൾക്ക് ഒരുപാട് ഇഷ്ടായി. നീ ചുമ്മാ അവളെ ഓരോന്നു പറഞ്ഞു പിണക്കി വിട്ടു. പോട്ടെ.. സാരമില്ല, അവള് വീണ്ടും വരും, എവിടെപ്പോകാനാ.. അതും നമ്മളെ ഇട്ടേച്ചു.” അവനോട് ഞാൻ അത് പറഞ്ഞപ്പോൾ അടുക്കളയുടെ വാതിലിൽ ചാരി നിന്നിട്ട് അവൾ ഒന്നു ചിരിച്ചു. അവൻ വാങ്ങിത്തന്ന ആ കറുത്ത വളകളുടെ ശബ്ദം ആ ചിരിക്കു ഈണം പകർന്നത് ഞാൻ ശ്രദ്ധിച്ചു. ✍🏻: മുരളി. ആർ.

പെൺകോന്തൻ

“എന്റെ ഏട്ടാ.. അവൻ പെൺകോന്തൻ ആയോന്നൊരു സംശയം. ഏതു നേരം അവൾടെ പുറകെയാ..” ഞാൻ മുറിയുടെ വാതിൽ അടച്ചതും സാവിത്രി എന്നോട് പറഞ്ഞു. പതിവില്ലാതെ ഇവൾ ആരെക്കുറിച്ചാണ് ഈ സംസാരിക്കുന്നത്. അവളോടൊപ്പം ഞാൻ കട്ടിലിൽ ചെന്നിരുന്നു. “എന്താടി, നീയിത് ആരെക്കുറിച്ച പറയുന്നേ..?””ഓ.. നമ്മുടെ മോനെക്കുറിച്ചു തന്നേ.. അവന്റെ പോക്കത്ര ശരിയല്ല.” സാവിത്രി അത് പറയുമ്പോൾ ഞാൻ കൂടുതൽ ശ്രദ്ധയോടെ അവളെ നോക്കി. പകല് ഇവളും മരുമോളും മാത്രമാണ് ഈ വീട്ടിൽ. വൈകുന്നേരം ആകുമ്പോഴേക്കും അവൻ ജോലി കഴിഞ്ഞു വരും. ഞാൻ ഈ വാച്ച്മാൻ ജോലിക്ക് പോയി വരുമ്പോൾ നേരം ഒരുപാട് ഇരുട്ടും. ഈ വീട്ടിൽ നടക്കുന്നതൊന്നും ഞാൻ അറിയാറില്ല.”എടി, എന്താ ഇപ്പോ ഉണ്ടായേ..? നീ കാര്യം തെളിയിച്ചു പറ..””ഒന്നും പറയണ്ട, അവൻ അവളുടെ തുണി അലക്കുന്നു, അവർ ഒരുമിച്ചു അടുക്കളയിൽ പാചകം ചെയ്യുന്നു, അവളെ അവൻ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്നു. എന്തൊക്കെയാ ഈ വീട്ടിൽ നടക്കുന്നേ..? അവൻ ഇങ്ങനെയൊന്നും അല്ലാരുന്നല്ലോ പണ്ട്. കല്ല്യാണം കഴിഞ്ഞെപ്പിന്നെ അവനാകെ മാറി. ഈ വീട്ടിൽ നടക്കുന്നതൊന്നും ഏട്ടൻ അറിയുന്നില്ലന്നെ ഉള്ളു. ഇങ്ങനെ പോയാൽ വൈകാതെ അവൻ നമ്മളെ കൊണ്ട് വെല്ലോം വൃദ്ധസദനത്തിൽ ആക്കുമോന്നാ എന്റെ പേടി..””എന്നിട്ട്, നീ അവനോട് വെല്ലോം പറഞ്ഞോ..?””ഇല്ല, ഏട്ടനോട് പറയാതെ എങ്ങനാ..” സാവിത്രിയുടെ ഇതുവരെയുള്ള വാക്കുകളിലെ സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. അവൾ പറയുന്നത് മുൻവിധിയോടെ ആണോ..? എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയകുഴപ്പം വന്നു നിറഞ്ഞു. ഏതായാലും ഈ വിഷയത്തെക്കുറിച്ചു അവനോട് അവൾ ഇതുവരെ സംസാരിച്ചിട്ടില്ല. ഞാൻ നല്ലരീതിയിൽ ഈ വിഷയത്തെക്കുറിച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ലൊരു തീരുമാനം എടുക്കണം. എന്റെ ഏറെ നേരത്തെ ആലോചനകൾക്ക് ഒടുവിൽ.. “ഏട്ടനെന്താ ഒന്നും മിണ്ടാത്തെ..? എന്തെങ്കിലും ഒന്നു പറ..””എടി.. അവര് ചെറുപ്പവാ.. കല്ല്യാണം കഴിഞ്ഞു അധികമൊന്നും ആയില്ലല്ലോ..? പിന്നെ, അന്ന് നമ്മള് ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിലല്ല അവരിപ്പോ.. കാലം ഒരുപാട് മാറി. അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.. അവര്, എന്ത് ചെയ്യണം..! എന്ത് ചെയ്യണ്ടാന്ന്..! നമുക്ക് വാശിപിടിക്കാനാവില്ല. വേണേൽ ഒരു അഭിപ്രായം പറയാം. അതിൽ കൂടുതലൊന്നും പറയാൻ നീയിപ്പോ പോവണ്ട. പിന്നെ, ഞാൻ ഈ പെൻഷൻ പ്രായത്തിലും വാച്ച്മാൻ ജോലിക്ക് പോകുന്നതേ.. നിന്നെ നോക്കാനും, നമ്മുടെ ചിലവിനും വേണ്ടിട്ടാ.. മനസ്സിലായോ..? മറ്റാരെയും ആശ്രയിച്ചു ജീവിക്കാൻ എനിക്ക് ഇപ്പോ താല്പര്യം ഇല്ല. ഒന്നിനെയും ആത്മാർത്ഥമായി വിശ്വസിക്കാനോ.. അമിത പ്രതീക്ഷയോ വേണ്ട.. ഒന്നും നമ്മുടെ കൈയിലല്ല എന്റെ സാവിത്രി.. എല്ലാം നല്ലതിനാണെന്നു കരുതിക്കോ..” ഞാൻ അത് പറയുമ്പോൾ സാവിത്രി മറുപടി പറയാതെ ഒരു പ്രത്യേക ഭാവത്തിൽ എന്നെ ഒന്നു നോക്കി. “എന്താടി.. നിനക്ക് ഞാൻ പറഞ്ഞത് മനസിലായില്ലേ..? കിടക്കുന്നുണ്ടേൽ കിടക്ക്. നാളെ എനിക്ക് ജോലിക്ക് പോവേണ്ടതാ..” അല്പ്പം ദേഷ്യത്തോടെ ഞാൻ അത് പറയുമ്പോൾ എന്തോ പിറുപിറുത്തുകൊണ്ട് അവൾ ലൈറ്റ് ഓഫാക്കിയെച്ചും കിടന്നു.

✍🏻: മുരളി. ആർ.

Murali R

പത്മ

ഏറെ നേരമായി ഞാൻ ആ വരാന്തയിൽ ഇരിക്കുകയാണ്. ഇതുവരെ ആരെയും പുറത്തേക്കു കണ്ടില്ല. പേരെടുത്തു ഞാൻ പത്മയെ വിളിക്കണോ..? ഇല്ല, വേണ്ട. എന്തിനാണ് ഞാൻ അവളെ വിളിക്കുന്നത്. പിണങ്ങി പോയത് അവളല്ലേ..? ഞാൻ അവളെ വിളിക്കേണ്ട ആവിശ്യം ഉണ്ടോ..? മനസിലേക്ക് ഓരോരോ തോന്നലുകൾ വീണ്ടും കടന്നുകൂടി തുടങ്ങി. എങ്കിലും മൗനത്തോടെ ഞാൻ തറയിലേക്ക് നോക്കി ഇരുന്നു.”രഘു വന്നിട്ടൊരുപാട് നേരായോ..? പിന്നെന്താ ഞങ്ങളെ വിളിക്കാഞ്ഞെ..?” പെട്ടെന്നാരുന്നു അമ്മായിയുടെ ആ ചോദ്യം എന്നിലേക്ക് വന്നത്. എന്ത് പറയണം എന്നറിയാതെ ഞാൻ പകച്ച് എഴുന്നേറ്റു. പതറിയ സ്വരത്തിൽ പറഞ്ഞു.”ഇപ്പോ.. ഇപ്പോ വന്നതേയുള്ളൂ, പത്മയെ.. അവളെ എനിക്കൊന്നു കാണണം.””ആ.. ഞാനിപ്പോ അവളെ വിളിക്കാം. മോൻ ഇരിക്ക്, ചായ എടുക്കാം.” ഒന്നും മറുപടി പറയാതെ നിസ്സഹായനായി ഞാൻ വീണ്ടും അവിടെ ഇരുന്നു. അകത്തേക്ക് അമ്മായി കയറിയതും എനിക്കെന്തോ ഒരു മാനസിക വേദന പെട്ടെന്ന് അനുഭവപ്പെട്ടു.”നീ കൂടുതലൊന്നും പറയണ്ട.. ഞങ്ങടെ മോളെ ഞങ്ങൾക്കറിയാം. നീ ചെല്ല്, അവളിപ്പോ വരുന്നില്ല.” എനിക്ക് നേരെയുള്ള അമ്മായിയുടെ ഈ വാക്കുകൾക്ക് രണ്ടാഴ്ച തികയുന്നു. ഞാൻ ഈ വീട്ടിൽ നിന്നും വഴക്കിട്ടാണ് അന്ന് ഇറങ്ങിയത്. എനിക്കും പത്മക്കും ഇടയിൽ ചെറിയ സൗന്ദര്യ പിണക്കമാണ് ആദ്യമൊക്കെ നടന്നതെങ്കിലും.. അത് വലിയ വിഷയമാക്കി വീട്ടിൽ അവതരിപ്പിച്ചത് അവളാണ്. അന്ന് അമ്മായിയോടും അമ്മാവനോടും അപ്പോഴത്തെ ദേഷ്യത്തിൽ ഞാനും എന്തൊക്കെയോ കടുപ്പിച്ചു പറഞ്ഞു. അതൊക്കെ മറന്നാണ് ഇന്ന് അമ്മായി എന്നോട് സംസാരിക്കുന്നത്. പത്മയെ ഇവിടെ കൊണ്ടാക്കിയ ശേഷം പിന്നീട് ഞാൻ ഇവിടേക്ക് വന്നിട്ടില്ല, അവളെ ഫോണിൽ വിളിച്ചിട്ടുമില്ല. എന്നാൽ, ദിവസവും പത്മ എന്നെ വിളിക്കാറുണ്ട്, ഞാൻ മനപ്പൂർവ്വം എടുക്കാറില്ല. ഇന്നിപ്പോ ഞാൻ ഇവിടെ വന്നു നിൽക്കുന്നത് കണ്ടാൽ, അവൾ എന്ത് വിചാരിക്കും..? ഞാൻ വീട്ടിലേക്ക് വിളിച്ചാൽ അവൾ വരുമോ..? ഉത്തരം ഇല്ലാത്ത ചില ചോദ്യങ്ങൾ എന്റെ മനസ്സിൽ ഇപ്പോൾ കുടികൊള്ളുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിക്കുന്നു. അത് ചിലപ്പോൾ പത്മയുടെ കുറവാകാം. എന്നെ അറിയാവുന്നവർ പലരും എന്നോട് അത് പറഞ്ഞു തുടങ്ങി. “ദാ മോനെ.. ഈ ചായ കുടിക്ക്.”അമ്മായി എനിക്ക് നേരെ ആ ചായ നീട്ടിയതും ഞാൻ ആലോചനകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു. കൈ നീട്ടി അത് വാങ്ങിയ ഉടനെ.. “അവളെ വിളിച്ചോണ്ട് പോകാനാണോ വന്നേ..? അതോ..?””മ്മ്.. അതെ..” എന്റെ മറുപടി കേട്ടതും അമ്മായി വീണ്ടും അകത്തേക്ക് കയറി. ചായയുടെ ചൂട് ആറി വന്നതും.. പത്മ ബാഗുമായി എന്റെ അടുക്കലേക്ക് മനസ്സില്ലാമനസ്സോടെ ഇറങ്ങി വന്നു. അവൾക്ക് പിറകിൽ അമ്മായിയും.. “എടി.. നീ മുന്നോട്ട് നടന്നോ.. രഘു ചായ കുടിച്ചേച്ചും വരും.” ഞാൻ നോക്കി നിൽക്കെ അമ്മായി അവളോട് മുന്നോട്ട് നടക്കാനായി ആവശ്യപ്പെട്ടു. എനിക്ക് മുന്നിൽ എന്താണ്‌ നടക്കുന്നത് എന്നറിയാതെ ഞാൻ നിന്നു. അവൾ പതിയെ നടന്നു നീങ്ങിയതും.. “മോനെ.. അവളൊരു പാവമാ.. നിങ്ങളുടെ കല്യാണം കഴിഞ്ഞു കുറച്ചല്ലേ ആയുള്ളൂ. ഇതൊക്കെ മിക്ക വീടുകളിലും നടക്കും. അതിപ്പോ വലിയ വിഷയം ആക്കേണ്ട കാര്യമില്ലെന്നും അറിയാം. എന്നാലും, അവള് ഞങ്ങളുടെ മോളല്ലേ..? അവൾക്ക് എന്തെങ്കിലും പറയാനോ, കേൾക്കാനോ ഉണ്ടെങ്കിൽ, അത് ഞങ്ങളോടല്ലേ ചെയ്യൂ. അതുകൊണ്ടാ ഈ നിമിഷം വരെ ഞങ്ങള് അവളുടെ കൂടെ നിൽക്കുന്നത്. അതൊക്കെ അറിയണേൽ മോനൊരു അച്ഛനാവണം. എന്നാലേ മനസിലാകൂ. പരസ്പരം പൊരുത്തപ്പെട്ടു പോവാൻ അവളോട്‌ ഞാൻ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ഇനിയെല്ലാം മോന്റെ കൈയിലാ.. എനിക്കിനി ഒന്നും പറയാനില്ല.” എന്നോട് അത് പറഞ്ഞിട്ട് അമ്മായി അകത്തേക്ക് കയറി പോയി. മറുപടി എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു. വഴിയരികിൽ പത്മ എന്നെ കാത്തുനിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഒഴിഞ്ഞ ഗ്ലാസ്സ് തിണ്ണമേൽ വെച്ചിട്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി നടന്നു. എന്റെ പത്മക്ക് ഒപ്പം നടക്കാനായി.

✍🏻: മുരളി. ആർ.

ശമ്പളം

അയാൾ കടയിലേക്ക് കയറിയതും എന്നെ ഒന്നു നോക്കി. നല്ല പരിചയമുള്ള കണ്ണുകൾ, മാസ്ക് വെച്ചിരുന്നതിനാൽ ആരാണെന്നു എനിക്ക് മനസിലായില്ല. എന്നാൽ, അയാളുടെ ആ കണ്ണുകൾ പ്രസരിപ്പോടെ എന്നെ വീണ്ടും നോക്കി. ഞാൻ അയാളോട് ചോദിച്ചു.”ഇത് മഹേഷ്‌ ആണോ..? മാസ്ക് വെച്ചേക്കുന്നതുകൊണ്ട് ആളാരാണെന്നു മനസിലാവുന്നില്ല.””മ്മ്..” അയാളിൽ നിന്നും മൗനത്തോടെയുള്ള ആ മറുപടി മാത്രമാണ് ലഭിച്ചത്. ഒരുപാട് മാസങ്ങൾക്കു ശേഷമാണ് മഹേഷിനെ ഞാൻ കാണുന്നത്. മാത്രമല്ല, പഴയതുപോലെ ഓർമയും കാഴ്ചയും എനിക്ക് കുറഞ്ഞു വരുന്നുണ്ട്. പെട്ടെന്നായിരുന്നു സുധി കടയിലേക്ക് കയറി വന്നത്. വന്നപാടെ മഹേഷിന്റെ അടുക്കൽ ചെന്നിരുന്നിട്ട് ചോദിച്ചു.”ചേട്ടാ.. ഓഫീസിൽ വെച്ചു പരിചയപ്പെടാൻ പറ്റിയില്ല. എന്താ പേര്..?””മഹേഷ്‌..! തന്റെയോ..?””സുധി എന്നാ..”ഞാൻ ഇരുവർക്കുമായി ചായ എടുക്കാൻ ഒരുങ്ങി. അവരുടെ സംഭാഷണം വീണ്ടും തുടർന്നു. സുധി മഹേഷിനോട് ചോദിച്ചു.”ചേട്ടാ, പിന്നെ.. ഓഫീസിൽ ആയത് കൊണ്ടു ഞാൻ ചോദിക്കാഞ്ഞതാ കെട്ടോ, ഈ ജോലി എങ്ങനെ ഉണ്ട്..? സാറ് ശമ്പളം എത്ര തരാന്ന് പറഞ്ഞു..?””ജോലിക്ക് ഒരു കുഴപ്പവുമില്ല. ശമ്പളം ഒരു പതിനയ്യായിരം, എന്താ കുറവാണോ..?””പിന്നല്ലാതെ, ഇന്നത്തെ കാലത്ത് ഒരു കുടുംബം കഴിഞ്ഞു പോണേൽ അതൊന്നും പോരല്ലൊ ചേട്ടാ.. അല്ലേലും ഞാനീ പണി വേണ്ടാന്ന് വെക്കുവാ.. സാറാണേൽ ശമ്പളം കൂട്ടിയും തരില്ല, മനുഷ്യനെ ഇട്ടു പണിയിപ്പിക്കുവേം ചെയ്യും.”സുധി പറഞ്ഞു അവസാനിപ്പിക്കുമ്പോൾ ഞാൻ അവർക്ക് അരികിലേക്ക് ചൂട് ചായയുമായി ചെന്നു. അത് മേശമേൽ വെച്ചതും മഹേഷ്‌ അതെടുത്തു ഊതി കുടിച്ചുകൊണ്ട് സുധിയോട് ചോദിച്ചു. “ആണോ..? താൻ എത്ര നാളായി ഇവിടെ ജോലിക്ക് കേറീട്ടു..?””ഓ.. അതുപിന്നെ, ഒരു വർഷം ആവാറായി. വേറെ പണി വെല്ലോം നോക്കണം. എന്റെ കാലക്കേടിനാ ഞാൻ ഇവിടെ വന്നു പെട്ടത്. ഏതോ ഒരു ഗതികെട്ടവൻ ഇട്ടേച്ചു പോയ പണിയാ ഇത്. ഇപ്പോ തോന്നുവാ, ഇത് വേണ്ടായിരുന്നൂന്ന്.”സുധിയുടെ ആ മറുപടി കേട്ടതും ഞാൻ മഹേഷിനെ ഒന്നു നോക്കി. മഹേഷ്‌ ഉടനെ പുഞ്ചിരിയോടെ സുധിയോട് പറഞ്ഞു.”താൻ ഈ പറഞ്ഞ ആ ഗതികെട്ടവൻ ആരാണെന്നു അറിയാവോ..? അത്, ഈ ഞാനാ..!””ചേട്ടനെന്താ ഈ പറഞ്ഞത്, എനിക്ക് മനസിലായില്ല.””അതോ.. ഞാൻ ഒരു വർഷം മുന്നേ ഈ ജോലി കളഞ്ഞേച്ചും കൂടിയ ശമ്പളത്തിന് വേണ്ടി മറ്റൊരു ജോലി നോക്കി മുംബൈക്ക് പോയതാ.. നാലു മാസത്തോളം അവിടെ പണിയെടുത്തു. പിന്നീടല്ലേ മഹാമാരി മൊത്തത്തിൽ അങ്ങ് പടർന്നത്. പണിക്കിടെ അത് എനിക്കും പിടിച്ചു. അത് ഒരു വിധത്തിൽ മാറി വന്നപ്പോ.. പെട്ടെന്നു എന്റെ അച്ഛനു മഞ്ഞപ്പിത്തവും ബാധിച്ചു. പിന്നെ അച്ഛന്റെ മരണവും. പിന്നീട് എനിക്ക് അവിടെ നിൽക്കാനായില്ല. തിരിച്ചു ഇങ്ങു കേരളത്തിലേക്ക് പോന്നു. കുറച്ചു ദിവസത്തേക്ക് ക്വാറേന്റിനിൽ പോകേണ്ടി വന്നു. ഇവിടെ വന്ന് ചടങ്ങുകളൊക്കെ കഴിഞ്ഞതും ഞാൻ മൊത്തത്തിൽ അങ്ങ് തകർന്നു. പിന്നെ, ഉണ്ടായിരുന്ന സ്വർണമൊക്കെ പണയം വെച്ചു പതിയെ മീൻ കച്ചവടത്തിലേക്ക് തിരിഞ്ഞു. അപ്പോളാ കണ്ടത് എന്നെ പോലെ ഒരുപാട് കൂട്ടരേ.. കച്ചവടത്തിൽ അത്ര മെച്ചമൊന്നും ഉണ്ടായിരുന്നില്ല. പലർക്കും മീൻ വാങ്ങാൻ വരെ പേടിയാ.. കഴിഞ്ഞ ദിവസം നമ്മുടെ സാറിനെ റോഡിൽ വെച്ചു ഞാൻ കണ്ടു. എന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ, ഇങ്ങോട്ടേക്ക് വീണ്ടും പോരാൻ പറഞ്ഞു.”മഹേഷ്‌ സങ്കടത്തോടെ അത് പറഞ്ഞത് ഞാനും കേട്ടുനിന്നു. ഉടനെ മഹേഷ്‌ എന്നെ ഒന്നു നോക്കി. വീണ്ടും ചായ ഊതി കുടിച്ചിട്ട് എന്നോട് ചോദിച്ചു.”ഇനിയിപ്പോ ഈ സാഹചര്യത്തിൽ ഈ ജോലി തന്നെയാ നല്ലത്, അല്ലെ കുട്ടപ്പെട്ടാ..?””മ്മ്.. അതെ..” ഞാൻ അത് പറഞ്ഞതും മഹേഷ്‌ വീണ്ടും തുടർന്നു..”ശമ്പളം അൽപ്പം കുറഞ്ഞുന്നു പറഞ്ഞു എനിക്കിനി എങ്ങോട്ടേക്കും പോവാൻ വയ്യാ.. അതും, ഈ സാഹചര്യത്തിൽ. പത്തു വർഷത്തോളം ഞാൻ ഇവിടെ ജോലി ചെയ്തതല്ലേ.. അതുകൊണ്ട് സാറിന് എന്നെയും അറിയാം, എനിക്ക് സാറിനെയും അറിയാം. സാറ് അറിഞ്ഞ് എന്തെങ്കിലുമൊക്കേ ചെയ്യും. എല്ലാം ഒരു വിശ്വാസല്ലെ.. ഒന്നും നമ്മുടെ കൈയിലല്ലല്ലോ.. ഈ സ്ഥിതി മാറും.. നമുക്ക് നോക്കാം.”ഞങ്ങളോടായി മഹേഷ്‌ അത് പറഞ്ഞിട്ട് കുടിച്ചു തീർന്ന ഗ്ലാസ്‌ എനിക്ക് അരികിലേക്ക് വെച്ചു, ഒപ്പം ഒരു പത്തു രൂപയും എനിക്ക് നേരെ നീട്ടി. എന്തൊ, അതെനിക്ക് വാങ്ങാൻ മനസു വന്നില്ല. എങ്കിലും മനസ്സില്ലാമനസോടെ കാശു വാങ്ങി ഞാൻ പെട്ടിയിലേക്ക് ഇട്ടു. ചെറു പുഞ്ചിരിയോടെ മഹേഷ്‌ പുറത്തേക്കു ഇറങ്ങി നടന്നു.

✍🏻: മുരളി. ആർ

Murali R