ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ മാതാപിതാക്കൾ

പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ ഒരമ്മ. കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജോയ് ചേട്ടന്റെ ഭാര്യ മോളി ചേച്ചിയാണ് ആ അമ്മ. മനുഷ്യ മക്കളെ നിത്യതയിലേക്കും സ്വർഗത്തിലേക്കും കൂട്ടികൊണ്ട് പോകുവാൻ വൈദികരെ വേണം എന്ന സ്വർഗ്ഗത്തിന്റെ ആവശ്യത്തിന് സമ്മതം മൂളിയ ഒരമ്മയും അപ്പനും. ഈ ദമ്പതികൾക്ക് 5 ആൺ മക്കളാണ്. 5 പേരിൽ 4 പേർ പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുത്തു. ഇവർക്ക് മുന്നേ ഒരു ജേഷ്ഠ സഹോദരൻ ഉണ്ടായിരുന്നു. ശൈശവത്തിൽ ഒരു അപകടത്തിന്റെ രൂപത്തിൽ ട്വിങ്കൾ എന്ന ആ മകനെ അമ്മയുടെ മുൻപിൽ നിന്ന് ദൈവം സ്വർഗത്തിലേക്ക് കുട്ടിക്കൊണ്ടുപോയി. ട്വിങ്കിളിന്റെ ഒരു ആഗ്രഹം ആയിരുന്നു വീട് നിറച്ചു കുട്ടികൾ വേണം എന്നുള്ളതായിരുന്നു. നിറയെ കുഞ്ഞുമാലാഖമാരും വിശുദ്ധരും ഉള്ള സ്വർഗത്തിലേക്ക് ഈശോ അവനെ കുട്ടിക്കൊണ്ടുപോയി. ഈശോ ട്വിങ്കിളിനെ കുട്ടികൊണ്ട് പോയതോർത്ത്‌ ജോയി ചേട്ടനും മോളി ചേച്ചിയും ഈശോയോട് പിണങ്ങിയില്ല.
പകരം ഈശോ ലോകത്തിലെ ആത്മാക്കളെ രക്ഷിക്കാൻ പൗരോഹിത്യം സമൃദ്ധമായി പന്തിരുവേലിൽ ഭവനത്തിലേക്ക് അയച്ചു.
2021 ജനുവരി 5, ചൊവ്വാഴ്ച രാവിലെ 9:15ന് പൈക സെൻറ് ജോസഫ്സ് ദൈവാലയത്തിൽ വെച്ച് അഭിവന്ദ്യ മുരിക്കൻ പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ച്‍, ഈ കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ വൈദികൻ Fr. മാത്യു പന്തിരുവേലിൽ പ്രഥമ ദിവ്യബലിഅർപ്പിച്ചു.


ഈ അമ്മയുടെ 5 ആൺ മക്കളിൽ ഒരാൾ മാത്രം ആണ് വിവാഹ ജീവിതത്തിൽ പ്രേവേശിച്ചത്. ഇവരുടെ മക്കളിൽ ആദ്യം പുരോഹിതൻ ആയത് Fr.മാർട്ടിൻ പന്തിരുവേലി ആണ്. അദ്ദേഹം പാലാ രൂപതയിൽ മറ്റത്തിപ്പാറ പള്ളി വികാരിആണ് ശുശ്രുഷ ചെയ്യുന്നത്. രണ്ടാമത്തെ ആൾ Fr. അൽഫോൻസ് പന്തിരുവേലിൽ മിഷൻ രൂപതയിൽ ശുശ്രുഷ ചെയ്യുന്നു. ജനുവരി മാസം പുത്തൻ കുർബാന ചൊല്ലിയ മൂന്നാമത്തെ ആൾ Fr. മാത്യു പന്തിരുവേലിൽ പാലാ രൂപതക്കു വേണ്ടിയാണ് ശുശ്രുഷ ചെയ്യുന്നത്. നാലാമത്തെ ആൾ സെമിനാരിയിൽ പഠിക്കുന്നു.

പൗരോഹിത്യ ജീവിതത്തിൽ ഉള്ള സഹോദരൻമാർക്ക് ലണ്ടനിൽ ഉള്ള ടൈറ്റസും ഭാര്യ ലിറ്റിയും പൂർണ്ണ പിന്തുണ നൽകുന്നു. ലക്ഷ കണക്കിന് രൂപ ശമ്പളം വാങ്ങിക്കുന്ന ജോലികൾക്ക് മിടുക്കരായ മക്കളെ തയ്യാറാക്കുന്ന ഈ കാലത്ത് നാലു മക്കളെ സഭക്ക് നൽകിയ ഈ മാതാപിതാക്കൾ കാലഘട്ടത്തിന്റെ മാതൃകയാണ്. സ്വർഗസ്ഥാനയ ദൈവം ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഐഎസ്ആർഒയിലെ ജോലി ഉപേക്ഷിച്ച് സന്യാസത്തിലേയ്ക്ക്

പഠിച്ച കാലങ്ങളിലെല്ലാം ഉന്നതവിജയം കരസ്ഥമാക്കുകയും, ഐഐടിയിൽ Mtech “സിഗ്നൽ പ്രോസസിംഗ്” ഉയർന്ന മാർക്കോടെ പൂർത്തിയാക്കി ഐഎസ്ആർഒയിൽ ഉൾപ്പെടെ സെലക്ട് ചെയ്യപ്പെടുകയും ചെയ്തിട്ടും ഉള്ളിൽ ആവേശമായി രൂപപ്പെട്ടിരുന്ന സന്യാസജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്ത യുവ സന്യാസിനി… സി. മെർലിൻ പോൾ സിഎംസി യുടെ ജീവിതം സന്യാസത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്നു…

അവഹേളന ശ്രമങ്ങളും ദുരാരോപണങ്ങളും പെരുകുമ്പോഴും ദൈവവിളിയുടെ മഹത്വം തിരിച്ചറിയുന്നവരുടെ എണ്ണം വർദ്ധിക്കുകതന്നെയാണ്.

സന്യാസത്തിന്റെ സൗന്ദര്യവും തേജസും തിരിച്ചറിഞ്ഞ് അതിൽ ആകൃഷ്ടരാകുന്നവർ ചെറുതും വലുതുമായ തങ്ങളുടെ നേട്ടങ്ങളെയെല്ലാം തൃണവദ്ഗണിച്ചുകൊണ്ട് കൂടുതൽ മൂല്യമുള്ളതിനായി ജീവിക്കാൻ തീരുമാനിക്കുന്നു…

ഒരിക്കലും അവസാനിക്കാനുള്ളതല്ല സന്യാസം, ആരൊക്കെ ശ്രമിച്ചാലും തകർക്കാൻ കഴിയുന്ന ഒന്നല്ല അത്… അതൊരു രഹസ്യമാണ്… കൃപ ലഭിച്ചവർക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന ദൈവിക രഹസ്യം…

നരകം ഉണ്ടോ? എവിടെ?

വിശ്വപ്രസിദ്ധ ഇറ്റാലിയൻ സാഹിത്യകാരനായ ഡാന്റെയുടെ (Dante Alighieri) (1265-1321) ഡിവൈൻ കോമഡി എന്ന കാവ്യം നരകത്തിന്റെ സ്വഭാവം വിവരിക്കുന്നുണ്ട്. ഡിവൈൻ കോമഡിയിൽ നരകം ഭൂമിക്കടിയിലുള്ള പാതാളമാണ്. അടിയിലേക്ക് താഴും തോറും അത് കൂടുതൽ കൂടുതൽ ഇടുങ്ങിയതായി വരും. ഇടുങ്ങി വരുന്നതനുസരിച്ചു അവിടം സ്വാർത്ഥവും സ്‌നേഹമില്ലാത്തതുമാകും. ശുദ്ധീകരണസ്ഥലത്തിന്റെയും സ്വർഗ്ഗത്തിന്റെയും സ്വഭാവ സവിശേഷതകളും ഡാന്റെ ഈ കാവ്യത്തിൽ വിവരിക്കുന്നുണ്ട്. മധ്യശതക ക്രൈസ്തവദർശനത്തിന്റെ ആവിഷ്ക്കാരമായി ഈ ഭാവനാല്മകവിവരണം വ്യാഖ്യാനിനിക്കപ്പെടുന്നു. എന്നാൽ ഡാന്റെയുടെ ഡിവൈൻ കോമഡി ഒരു സാഹിത്യകൃതി മാത്രമാണ്.

ഡാന്റെയുടെ ഭാവനയിൽ നരകത്തിന്റെ ഏറ്റവും പുറത്തെ തട്ടാണ് (അറ/ഗുഹ) ലിംബോ. രണ്ടാമത്തെ തട്ട് ലൈംഗികപാപങ്ങൾ ചെയ്തവർക്കുള്ളതാണ്. മൂന്നാമത്തെ തട്ട് ധാരാളമായി ഭക്ഷിച്ചും പാനം ചെയ്തും ആഡംബരത്തിൽ ജീവിച്ചവർക്കുള്ളത് . നാലാമത്തെ തട്ട് ആണ് ധനം ദുർവിനിയോഗിച്ചവർക്ക്. അഞ്ചാമത്തെ തട്ടിലാണ് ക്രൂരരായ മനുഷ്യർ. ആറാമത്തെ തട്ടിൽ നിരീശ്വരവാദികളും ദൈവത്തെ വേദനിപ്പിച്ചവരും. അയൽക്കാരെ വഞ്ചിച്ചവർക്കുള്ളതാണ് ഏഴാമത്തെ തട്ട്. ഇവിടൊക്കെ അസ്സഹനീയമാംവിധം ചൂടുണ്ടാകും. എട്ടാമത്തെ തട്ടിൽ പല വിധത്തുലുള്ള പാപങ്ങൾ ചെയ്തവർക്കായി പത്തു വ്യക്ത്യസ്ത അറകളുണ്ടാകും. ഒൻപതാമത്തെ തട്ടിലാണ് യഥാർത്ഥ വഞ്ചകരെ ഇടുന്നത്. പത്താമത്തെതും ഏറ്റം താഴ്ചയുള്ളതും ഇടുങ്ങിയതും ചൂടുള്ളതുമായ നരകത്തിന്റെ അടിത്തട്ടിലാണ് ലൂസിഫർ. നരകത്തിന്റെ അടിത്തട്ടിലേക്ക് തള്ളിയിടപ്പെടുമെന്ന ചിന്തക്ക് നിദാനം സത്യത്തിൽ ഡാന്റെയാണ്.

സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ചുള്ള ചർച്ചകളിൽ ക്രൈസ്തവരിൽ ചിലർ രണ്ടു പക്ഷമായി തിരിയാറുണ്ട്. ഒരുപക്ഷം നിത്യനരകമുണ്ടെന്നു വിശ്വസിക്കുന്നവരും മറൂപക്ഷം നരകമില്ലെന്നു വിശ്വസിക്കുന്നവരും. ക്രൈസ്തവരിൽ കത്തോലിക്കർ നരകമുണ്ടെന്ന് പഠിപ്പിക്കുന്നു. അകത്തോലിക്കാരായ ചില ക്രൈസ്തവസമൂഹങ്ങൾ നരകം ഇല്ലായെന്ന് വിശ്വസിക്കുന്നവരാണ്. അവരെയും ക്രൈസ്തവരായി കത്തോലിക്കർ അംഗീകരിക്കുന്നു. എന്നാൽ കത്തോലിക്കരിലും നരകമില്ലെന്നു വിശ്വസിക്കുന്ന ചില വിശ്വാസികളും ചിന്തകരൂമുണ്ട്. അതിന്റെ പേരിൽ സഭയവരെ സഭയിൽനിന്നും പുറത്താക്കിയിട്ടില്ല. അവരിൽ ചിലരുടെ പഠനങ്ങൾ സഭ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നുമാത്രം.

നരകമില്ലെന്ന് വിശ്വസിക്കുന്നവർ ദൈനത്തിന്റെ അനന്തകാരുണ്യം അതിനു കാരണമായി എടുത്തുകാട്ടുന്നു. ക്രൈസ്തവരിൽ നടത്തിയ ഒരു പഠനമനുസരിച്ചു (Pew Research center) മുപ്പതു വയസിൽ താഴെയുള്ളവരിൽ പതിനാറു ശതമാനവും അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവരിൽ ഇരുപത്തിനാലു ശതമാനവും നരകമില്ലെന്നു വിശ്വസിക്കുന്നവരാണ്. അവരിൽ പുരുഷന്മാരിൽ നാല്പതിനാല് ശതമാനവും സ്ത്രികളിൽ അന്പത്തിയാറ് ശതമാനവും നരകത്തിൽ വിശ്വാസമില്ലാത്തവരാണ്. അവരിൽ വെള്ളക്കാരിൽ അറുപത്തിയൊന്പതു ശതമാനവും ആഫ്രിക്കക്കാരിൽ പത്തു ശതമാനവും ഏഷ്യക്കാരിൽ രണ്ടു ശതമാനവും നരകത്തിൽ വിശ്വസിക്കുന്നില്ല. ഏഷ്യാക്കാർക്കാണ് താരതമ്യേന നരകത്തിലുള്ള വിശ്വാസം കൂടുതലുള്ളത്. കുടിയേറ്റക്കാരായ ക്രൈസ്തവരിൽ പതിനേഴു ശതമാനം നരകത്തിൽ വിശ്വസിക്കാത്തവരാണെങ്കിൽ അവരുടെ മൂന്നാം തലമുറക്കാരിൽ എഴുപത്തിരണ്ട് ശതമാനവും നരകത്തിൽ വിശ്വസിക്കാത്തവരാണ്. നരകത്തിൽ വിശാസിക്കാത്തവരിൽ സാമ്പത്തിക ഭദ്രതയില്ലാത്തവർ മുപ്പത്തിയൊന്നു ശതമാനമാകുമ്പോൾ സാമ്പത്തിക ഭദ്രതയുള്ളവരിൽ അത് ഇരുപത്തിയൊന്ന് ശതമാനമാണ്. വിദ്ദ്യാസമ്പന്നരല്ലാത്തവരിൽ മുപ്പത്തിയൊന്പത് ശതമാനം നരകത്തിൽ വിശ്വസിക്കാത്തപ്പോൾ വിദ്യാസമ്പന്നരിൽ പതിനാലു ശതമാനം നരകത്തിൽ വിശ്വസിക്കുന്നില്ല. നരകത്തിൽ വിശ്വസിക്കാത്തവരിൽ വിവാഹിതർ അമ്പത്തിരണ്ട് ശതമാനവും വിവിവാഹമോചിതർ പതിമൂന്നു ശതമാനവും അവിവാഹിതാർ പത്തൊൻപതു ശതമാനവുമാണ്. നരകത്തിൽ വിശ്വസിക്കാത്തവരിൽ അന്പത്തിയഞ്ചു ശതമാനവും കൃത്യമായ പ്രാർത്ഥനാജീവിതം നയിക്കുന്നവരാണ്. അവരുടെ വിശ്വാസജീവിതത്തിനു നരകത്തിലുള്ള വിശ്വാസം അടിസ്ഥാനഘടകമല്ല.

ഏതാനും മാസങ്ങൾക്കുമുന്പ് ഫ്രാൻസിസ് മാർപ്പാപ്പ നരകമില്ലെന്നു പറഞ്ഞു എന്നൊരു വിവാദം കത്തിപ്പടർന്നിരുന്നു. പിന്നീട് മാർപ്പാപ്പ അങ്ങനെ പറഞ്ഞില്ലെന്നൊരു പത്രക്കുറിപ്പും വത്തിക്കാനിൽനിന്നും വന്നിരുന്നു. മാഫിയയെക്കുറിച്ചുള്ള പരാമർശത്തിൽ 2014 -ൽ മാർപ്പാപ്പ നരകത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. 2016 -ക്രിസ്തുവിനായി ഹൃദയം തുറക്കാത്തവർ സ്വയം നരകത്തിലാണെന്നു ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞരുന്നു. 2015 -ൽ നരകമുണ്ടോ എന്ന ചോദ്യത്തിന് അതൊരു നല്ല ചോദ്യമാണെന്നും ബുദ്ധിമുട്ടുള്ള ചോദ്യമെന്നും പറഞ്ഞുകൊണ്ട് അന്ന് മാർപ്പാപ്പ കൃത്യമായൊരു ഉത്തരം കൊടുത്തില്ല. പിന്നീട് ദൈവം ആരെയും നരകത്തിലേക്ക് അയക്കുന്നില്ലെന്നും ഓരോരുത്തരും നരകം സ്വയം തിരഞ്ഞെടുക്കുന്നതാണെന്നും മാർപ്പാപ്പ പറഞ്ഞിരുന്നു. ദൈവസ്നേഹത്തിൽനിന്നും അകലുന്നതും ദൈവസ്‌നേഹമില്ലാത്തതുമായ അവസ്ഥയാണ് നരകമെന്നും ഫ്രാൻസിസ് മാർപ്പാപ്പ ഒരിക്കൽ വ്യക്തമാക്കി. ഇറ്റാലിയൻ പത്രമായ ലാ റിപബ്ലിക്കയുടെ എഡിറ്ററായ ഓയുഗിനോ സ്കൾഫാരി (Eugenio Scalfari) മാർപ്പാപ്പ നരകമില്ലെന്നു പറഞ്ഞു എന്നവകാശപ്പെട്ടുകൊണ്ട് എഡിറ്റോറിയൽ ലേഖനമെഴുതിയതാണ് വിവാദത്തിനു കാരണം. നാഷണൽ കാത്തലിക് റിപ്പോർട്ടർ ഇക്കാര്യം വ്യക്തമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. BBC -യും ഈ പ്രസ്താവന ചർച്ച ചെയ്യുകയും റിപ്പോർട് ചെയ്യുകയും ചെയ്തു. കേരളത്തിലെ ഓൺലൈൻ മാധ്യമം അന്ന് ഈ വിഷയം ഒന്നാഘോഷിച്ചിരുന്നു.

സ്വർഗത്തിലുള്ളവരെന്നു സഭ വിശ്വസിക്കുന്ന പലരെയും വിശുദ്ധരെന്നു വിളിച്ചു സഭ ആദരിക്കുന്നു. എന്നാൽ ഇന്നുവരെ സഭ നരകത്തിലുള്ളവരായി ആരെയും പേരെടുത്തു പറഞ്ഞിട്ടില്ല. സ്വർഗ്ഗത്തിലുള്ളവരുടെ പേരുകൾ സഭക്ക് വെളിപ്പെടുത്താമെങ്കിൽ നരകത്തിലകപ്പെട്ടുപോയെന്നു സഭ കരുതുന്നവരുടെ പേരുകൾ എന്തുകൊണ്ട് സഭക്ക് പറഞ്ഞുകൂടാ എന്ന ചോദ്യം ന്യായമാണ്. സഭ ആരെയും നരകത്തിൽപെട്ടുപോയവരായി നൂറു ശതമാനം എഴുതി തള്ളുന്നില്ല, ഉറപ്പിക്കുന്നില്ലായെന്നതാണ് സത്യം. അതൊരു മിസ്റ്ററിയായി നിൽക്കട്ടെ എന്നായിരിക്കും സഭയുടെ നിലപാട്. തിരിച്ചും ചിന്തിക്കാം; ചില സഭാപിതാക്കന്മാർ വിശ്വസിച്ചതുപോലെ എല്ലാവരും ദൈവമക്കളാണെന്നും എല്ലാവരും ദൈവസന്നിധിയിൽ ഉണ്ടെന്നുമുള്ള വിശ്വസം. ഇക്കാര്യത്തിൽ സഭയൊന്നും കൃത്യമായി പറയുന്നുല്ലയെന്നതാണ് ശരി. എന്നാൽ നരകം ഉണ്ടെന്നു സഭ പഠിപ്പിക്കുന്നു. നരകത്തിൽ ആരെല്ലാമുണ്ടെന്നു സഭ പഠിപ്പിക്കുന്നില്ല. യുദാസിനെക്കുറിച്ചും ഹിറ്റ് ലറിനെക്കുറിച്ചുപോലും സഭയിവിടെ മൗനം പാലിക്കുന്നു. ആരെയും വ്യക്തിപരമായി നരകത്തിലേക്ക് തള്ളിവിടാനുള്ള അധികാരം സഭ സ്വയം എടുക്കുന്നില്ല. മറിച്ചു സഭക്ക് വിശുദ്ധരെന്നു വിശ്വാസമുള്ളവരെ വണങ്ങാൻ സഭ എന്നും ശ്രദ്ധിക്കുന്നുണ്ട്. അതായത് positive energy നൽകുന്ന നിലപാടുകൾ എടുക്കാനാണ് സഭ എന്നും ശ്രദ്ധിക്കുന്നത്. എല്ലായിപ്പോഴും വിജയമില്ലെങ്കിലും.

പഴയനിയമത്തിൽ ഷിയോളിനെപ്പറ്റി ( “Scheol”) പ്രതിപാദനമുണ്ട്. മരിച്ചവരുടെ പാതാളമായിരുന്നു ഷിയോൾ. (1Sam. 2: 6; Dan. 12: 2; Ps. 6: 6; 89: 49; 116: 3; Job. 7: 9; Ez. 31: 15-17; 32: 27; Lk. 16: 11-13; Rom. 4: 16; 14: 9).ഷിയോൾ ഒരിക്കലും തിരിച്ചുകേറാൻ സാധിക്കാത്ത ഭൂമിക്കടിയിലെ പാതാളമാണെന്നും യഹൂദർ വിശവാസിച്ചിരുന്നു. ജോബിന്റെ പുസ്തകത്തിൽ (Job. 7: 9) ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത ഷിയോളിനെക്കുറിച്ചു പ്രതിപാദനമുണ്ട്. മരിച്ചവർ ഷിയോളിലേക്കു പോകുന്നുവെന്ന് യഹൂദർ വിശ്വസിച്ചിരുന്നു. നരകത്തിന്റെ മുന്ഗാമിയാണ് ഷിയോൾ എന്ന് ചിലർ കരുതുന്നുണ്ട്. എന്നാൽ പഴയനിയമത്തിലെ “പാതാളം” അല്ല ക്രിസ്ത്യമതത്തിലെ നരകം. നരകം മനുഷ്യരുടെ പാപത്തിനുള്ള നിത്യ ശിക്ഷയാണ്. പഴയനിയമത്തിലെ പാതാളം മരിച്ചവരുടെ താവളവും.
പല ഗ്രീക്ക് – ഹീബ്രു പദങ്ങളും (ഗേഹന്ന, ഹാഡസ്, ഷിയോൾ) നരകമെന്നു തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. അത്തരം തർജിമകൾ കൃത്യതയുള്ളതല്ല.

പാതാളം എന്ന സങ്കൽപ്പം യഹൂദപാരമ്പര്യങ്ങളിലും തുടന്നുള്ള ക്രൈസ്തവപാരമ്പര്യങ്ങളിലും മാത്രമല്ല, പുരാതന സുമേറിയൻ, ഈജിപ്ത് , ഇറാനിയൻ, യവന, റോമൻ പാരമ്പര്യങ്ങളിലും നിലനിന്നിരുന്നു. ഇസ്ലാമിലും, ബുദ്ധിസത്തിലും, ഹിന്ദുയിസത്തിലും, റബ്ബി പാരമ്പര്യത്തിലും പാതാളമെന്ന സങ്കല്പമുണ്ടായിരുന്നു. ഹിന്ദുമതത്തിൽ പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച മദ്‌വാചാര്യന്റെ ദ്വെയിത ദർശനത്തിലാണ് പാതാളമെന്ന സങ്കൽപ്പം പ്രധാനമായി നിഴലിച്ചത്. ദ്വെയിതദർശനത്തിൽ നരകമെന്ന സങ്കൽപ്പവും ഉണ്ടായിരുന്നു.

ഇസയാസിന്റെ പുസ്തകത്തിൽ ( Isiah 66: 23-24) ഹിൻനോസിന്റെ (Hinnos) കത്തിജ്വലിക്കുന്ന താഴവരയെക്കുറിച്ചു പ്രതിപാദനമുണ്ട്. പിന്നീട് ഗേഹന്ന എന്ന സങ്കല്പവും യഹൂദർക്കിടയിൽ ഉടലെടുത്തു. യുദർ ഗേഹന്ന ഉണ്ടെന്നു വിശ്വസിച്ചിരുന്നു. പീഡനങ്ങളുടെ സ്ഥലമായാണ് ഗേഹന്നയെ അവർ മനസിലാക്കിയത്. ഗേഹന്നയെ നരകത്തോടും ശുദ്ധീകരണസ്ഥലത്തോടും വളരെ എളുപ്പത്തിൽ താരതമ്യപ്പെടുത്തുന്ന ക്രൈസ്തവരും ഉണ്ട്. എന്നാൽ ശരിയായ അർത്ഥത്തിൽ പഴയനിയമത്തിലെ ഗേഹന്ന നരകമോ ശുദ്ധീകരണസ്ഥലമോ അല്ല. യഥാർത്ഥത്തിൽ ജറുസലേമിനടുത്തുള്ള മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു ഗേഹന്ന. ഒരുകാലത്തു ഗേഹന്നയിൽ മനുഷ്യ(നര)ബലിവരെ നടന്നിരുന്നതായി പ്രതിപാദനമുണ്ട്. (Jer. 7: 31-33; 19; Isaiah 66: 24). പിന്നീട് ഗേഹന്ന മരണാനന്തരജീവിതവുമായി ബന്ധപ്പെട്ട സ്ഥലമായി വ്യാഖ്യാനിക്കാൻ യഹൂദവിശ്വാസികൾ തുടങ്ങി.

പുതിയനിയമത്തിൽ പല ഉപമകളും പല സൂചനകളും നരകത്തെക്കുറിച്ചുണ്ടെന്നു കരുതാം; പലതും അത്ര കൃത്യമല്ലെങ്കിലും. (Mt. 13: 24-43; Mt. 13: 47-50; 22: 1-14; 25: 1-13; Mt. 25: 14-30; Mt. 5: 22; Mt. 5: 29; Rev. 20: 14; Lk. 12: 5; 13: 28; 16: 19-31; 14: 24; Eph. 5: 5; 1Cor. 6: 10; Mt. 5: 21; 7: 21-23; 8: 11; 10: 29; 13: 42; 22: 13; 24: 51; 16: 18; 25: 41). വി. യോഹന്നാന്റെ സുവിശേഷത്തിൽ കർത്താവിന്റെ മണിക്കൂറിനെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചും പ്രതിപാദനമുണ്ടെങ്കിലും (Jn. 12:31; 5: 28; 17: 12) നരകത്തെക്കുറിച്ചു സൂചന നൽകുന്ന ഭാഗങ്ങളും വചനങ്ങളും അതിൽ ഇല്ല.

വി.പൗലോസ് ശ്ളീഹാ ദൈവത്തിന്റെ വിധിയെക്കുറിച്ചും ദുഷ്ടരുടെമേലുള്ള ദൈവത്തിന്റെ കോപത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. എന്നാൽ നരകത്തെക്കുറിച്ചു വ്യക്തമായി ഒന്നും വി. പൗലോസ് പറയുന്നില്ല. ജീവിതരൂപാന്തരീകരണമായിരുന്നു വി. പൗലോസിനെ സംബന്ധിച്ചിടത്തോളം പ്രധാനമായ ചർച്ചാവിഷയം (1Cor. 6: 9; 15; 1 Cor. 5: 10; Gal. 5: 19; Rom. 2: 3).

ഹെബ്രായർക്കുള്ള ലേഖനവും വി. പത്രോസിന്റെയും വി. യാക്കോബിന്റെയും ലേഖനങ്ങളും കർത്താവിന്റെ വിധിക്കു പ്രാധാന്യം കൊടുക്കുന്നു (Heb. 9: 27; 1Peter 4: 17; 4: 12). വെളിപാടുപുസ്തകം സാത്താനെക്കുറിച്ചുള്ള സങ്കല്പത്തിന് സാധുത നൽകുന്ന ഒട്ടേറെ പ്രതിപാദനങ്ങൾ നൽകുന്നുണ്ട്. നരകത്തെക്കുറിച്ചുള്ള സങ്കല്പത്തിനും വെളിപാടുപുസ്തകം ഏതാനും ചില സൂചനകൾ നൽകുന്നുണ്ടെന്നും അനുമാനിക്കപ്പെടുന്നു.

ക്രിസ്തുവിന്റെ പ്രഭാഷണങ്ങളിലും പഴയനിയമപ്രവാചകരുടെ കൃതികളിലും നന്മയും തിന്മയും ചർച്ചാവിഷയമാണ്. നന്മയും തിന്മയും വ്യത്യസ്ത ദ്രുവങ്ങളായാണ് ക്രിസ്തുവും പ്രവാചകഗ്രന്ഥങ്ങളും അവതരിപ്പിക്കുന്നത്. എന്നാൽ നരകം എന്ന വിഷയം കൃത്യമായും വ്യക്തമായും ക്രിസ്തുവിന്റെ പ്രഭാഷണങ്ങളിലും പ്രവാചകഗ്രൻഥങ്ങളിലും ചർച്ച ചെയ്യപ്പെടുന്നില്ല; സൂചനകൾ ഉണ്ടെങ്കിലും. വി. മത്തായിയുടെ സുവിശിഷത്തിലെ അന്ത്യവിധിയെക്കുറിച്ചുള്ള വിവരണം (Mt. 25: 31-46) നരകത്തെക്കുറിച്ചു സൂചന നൽകുന്നു. ധനവാന്റെയും ലാസറിന്റെയും ഉപമ പലപ്പോഴും നരകത്തിന്റെ ചിത്രീകാരണമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാലവിടേയും ഉത്ഥാനമാണ് വിഷയം (LK 16 :19 -31 ). സാമൂഹ്യനീതിയായിരുന്നു ഈ ഉപമയുടെ പ്രധാന ചർച്ചാവിഷയം.

ക്രിസ്തു തന്റെ പരസ്യജീവിതം തുടങ്ങുന്നത് ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടാണ്. മാനസാന്തരത്തിനു ക്രിസ്തു ജനങ്ങളെ ആഹ്വാനം ചെയ്തു. ക്രിസ്തുവിന്റെ പ്രബോധനം അന്ത്യോന്മുഖമായിരുന്നു. ക്രിസ്തു പ്രസംഗിച്ച ഭാവികേന്ദ്രീകൃതമായ ദൈവാരാജ്യവും സ്വർഗ്ഗരാജ്യവും തിന്മയുടെ ശക്ത്തികൾക്കെതിരായ നിലപാടുകളായിരുന്നു.

മധ്യശതകത്തിൽ പലതരത്തിലുള്ള ഭാവനകളും ചിത്രകലകളും വിവരങ്ങളും നരകത്തെക്കുറിച്ചു പ്രചരിച്ചിരുന്നു. പ്രൊട്ടസ്റ്റന്റ് നേതാവായ കാൽവിനും (1509 -1564) അദ്ദേഹത്തോടൊപ്പം പല പ്രൊട്ടസ്റ്റന്റ് ചിന്തകരും ചില മനുഷ്യർ ജീവിച്ചിരിക്കുമ്പോൾത്തന്നെ നരകത്തിനു വിധിക്കപ്പെടുമെന്നു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു.

ബർണാബാസിന്റെ ലേഖനങ്ങൾ (c. 70 -132), അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസിന്റെ കൃതികൾ, (c. +117 ), ഹെർമാസിന്റെ (c.150 ) ഹെർമസിന്റെ ഷെപ്പേർഡ് (Shepherd of Hermas) എന്ന കൃതി, താസിയൻ (+c.170 ), അത്തനാഗോറസ് (c.133 -190) അന്ത്യോഖ്യായിലെ തെയോഫിലസ് (+cc.183 ), ലിയോണിലെ ഇരണിയോസ് (c.135 -200 ), പോയിട്ടറിലെ ഹിലാരി (315 -367 ), മിലാനിലെ ആംബ്രോസ് (339 -397 ), ഹിപ്പോയിലെ അഗസ്തിനോസ് (354 -430 ), സിറിയയിലെ അഫ്‌റാറ്റ്, (280 -345 ), സിറിയയിലെ എഫ്രേം (c.306 -373 ) തുടങ്ങിയവർ നിത്യശിക്ഷയെ അംഗീകരിച്ചുകൊണ്ട് എഴുതി. സ്‌കോളാസ്റ്റിക് ദൈവശാസ്ത്രവും തോമസ് അക്കെമ്പിസിന്റെ (1380 -1471) ക്രിസ്താനുകരണവും മിസ്റ്റിക്കുകളായ ആവിലയിലെ വി. ത്രേസ്യായുടെയും (1515 -1582 ) മൈസ്റ്റർ എക്കാഹ്ര്ട്ടിന്റെയും (1260 -1328 ) ബിൻഗനിലെ ഹില്സിഡിഗാർഡിന്റെയും (1908 -1178) ആത്‌മീയ ദർശനങ്ങളും നരകത്തെക്കുറിച്ചു വിശദമായ വിവരണങ്ങൾ നൽകി.

എന്നാൽ പൗരസ്ത്യ ദൈവശാസ്ത്രജ്ഞരായ ഒറിജിൻ (+253) , അന്ധനായ ദിദിമോസ് (310 -398 ), എഫേഗ്രിയോസ് പോന്റിയുസ് (345 -399 ), നിസയിലെ ഗ്രിഗറി (355 -394), നസീയാൻൻസിലെ ഗ്രിഗറി (c. 3 39 -390) തുടങ്ങിയവർ എല്ലാ മനുഷ്യരും രക്ഷിക്കപ്പെടുമെന്നു പഠിപ്പിച്ചു. റോട്ടർഡാമിലെ എറാസ്‌മോസ് (+1536), പ്രൊട്ടസ്റ്റന്റ് സഭയുടെ ആരംഭകനായ മാർട്ടിൻ ലൂഥർ (+ 1546) തുടങ്ങിയവർ നരകം ഇല്ലായെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

എ. ഡി. 543 -ൽ കോൺസ്റ്റാന്റിനോപ്പിളിലെ കൗൺസിലിൽ നിത്യനരകമില്ലായെന്ന ഒരിജന്റെ പഠനങ്ങളെ സഭ നിരാകരിച്ചു.

അന്ത്യവിധിയോടുകൂടി നരകാനുഭവം തുടങ്ങുന്നുവെന്നായിരുന്നു ഒരു പ്രധാന ചിന്ത. എന്നാൽ മരണത്തോടുകൂടി ശിക്ഷിക്കപ്പെടേണ്ടവരുടെ നരകജീവിതം തുടങ്ങുമെന്ന് വി. അഗസ്തീനോസ് പഠിപ്പിച്ചു.

അഗസ്റ്റീനോസിന്റെ അഭിപ്രായത്തിൽ ഒരുപാട് പേർ നരകത്തിലുണ്ടാകും. മഹാനായ ഗ്രിഗറിയും (540-604) നിത്യമായ നരകം ഉണ്ടെന്നു വിശ്വസിച്ചിരുന്നു. ലിയോണിലെ രണ്ടാം കൗൺസിൽ, ട്രെന്തോസ് സൂനഹദോസ്, ലാറ്ററൻ കൗൺസിൽ, ബെനഡിക്ട് പന്ത്രണ്ടാം മാർപ്പാപ്പായുടെ ബെനെഡികെട്ടൂസ് ഡെയുസ് എന്ന പ്രമാണരേഖ തുടങ്ങിയവയും നിത്യനരകം ഉണ്ടെന്നു പഠിപ്പിച്ചു. CCC -യും നരകം ഉണ്ടെന്നു പഠിപ്പിക്കുന്നു. നിത്യാഗ്നി എന്നാണ് CCC നരകത്തെ വിളിക്കുന്നത്. എന്നാലത് ദൈവസാന്നിദ്ധ്യം നിഷേധിക്കപ്പെടുന്ന അവസ്ഥയായാണ് സഭ വ്യാഖ്യാനിക്കുന്നതെന്നാണ് എന്റെ അഭിപ്രായം. ഭൂമിയിൽ കാണുന്ന അഗ്നി നിത്യതയിൽ ലഭ്യമല്ലല്ലോ. അതുകൊണ്ടതിനെ അഗ്നി ഒരു ആലങ്കാരിക പ്രയോഗമായി മനസിലാക്കുന്നതാണ് അതിന്റെ ശരി. ദൈവസാന്നിധ്യത്തിന്റെ രണ്ടു തലത്തിലുള്ള അനുഭവമായി പൗരസ്ത്യ ഓർത്തഡോൿസ് സഭയിൽ നരകത്തെയും സ്വർഗ്ഗത്തെയും വ്യാഖ്യാനിക്കുന്നു. ഫാത്തിമയിലെ മൂന്നു കുട്ടികളുടെ (1917-ലൂസിയ, ഫ്രാഞ്ചെസ്സ്കോ , ജെസ്സെന്താ) ദർശനത്തിൽ നരകത്തെക്കുറിച്ചും പ്രതിപാദനമുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനും കർദിനാളുമായിരുന്ന കോൺഗാർ (1904 -1995) സന്തോഷവും സ്വാതന്ത്ര്യവും ഇല്ലാത്തിടം ആണ് നരകം എന്ന് വിശേഷിപ്പിച്ചു. നരകം ഒരു സ്ഥലം അല്ലെന്നും അത് സ്ഥലത്തിനും സമയത്തിനും അതീതമാണെന്നും അദേഹം പഠിപ്പിച്ചു. ജോൺ പോൽ രണ്ടാമൻ മാർപ്പാപ്പ നരകത്തെക്കുറിച്ചുള്ള ബൈബിളിലെ ഭാഷ പ്രതീകാത്മകമായി മനസിലാക്കണമെന്നും പഠിപ്പിച്ചു (28 ജൂലൈ 1999). പ്രശസ്ത ദൈവശാസ്ത്രജ്ഞനായ ഹാൻസ് ഊർസ് ഫോൺ ബാൽത്താസർ (കർദിനാൾ?) (1905–1988) നരകം ഒരു സ്ഥലം അല്ലായെന്നു പഠിപ്പിച്ചു.

നിത്യനരകം ഉണ്ടോയെന്ന ചോദ്യത്തിന് സഭാപിതാക്കന്മാരുടെയും വിവിധ ക്രൈസ്തവസഭകളുടെയും ഇടയിൽ ഉണ്ടെന്നും ഇല്ലെന്നുമുള്ള ഉത്തരങ്ങളാണുള്ളത്. കത്തോലിക്കാസഭയുടെ പഠനമനുസരിച്ചു കത്തോലിക്കർ നിത്യനരകം ഉണ്ടെന്നു വിശ്വസിക്കുന്നു. സഭാപിതാക്കന്മാരിൽ ഭൂരിപക്ഷവും സഭയുടെ ഈ പഠനത്തിന് പിന്തുണ നൽകുന്നു. എന്നാൽ നരകം സമയത്തിനും കാലത്തിനും അതീതമായ മരണശേഷമുള്ള നിത്യതയിലെ അവസ്ഥാവിശേഷമാണ്. ദൈവദർശനം ലഭിക്കാതിരിക്കുന്ന അവസ്ഥയെ നരകമെന്നും വിളിക്കുന്നുണ്ട്. മനുഷ്യൻ ദൈവത്തിൽനിന്നും അകന്നിരിക്കുന്നതും നരകമാണ്. നരകത്തെ സഭ ഏതാണ്ട് ഇപ്രകാരമാണ് നിർവചിക്കുന്നതും വ്യാഖ്യാനിക്കുന്നതും.

പഠനങ്ങൾ സൂചിപ്പിക്കുന്നതുപോലെ നരകത്തിൽ വിശ്വസിക്കാത്തവരായ ക്രൈസ്തവർ ധാരാളമുണ്ട്. നരകം ഭൂമിയിലുള്ളതുപോലുള്ള ഒരു സ്ഥലമാണെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരും ധാരാളമുണ്ട്. മരണശേഷവും ഭൂമിയിൽ ജീവിക്കുന്നതുപോലങ്ങു ജീവിച്ചുപോകുമെന്നു ചിന്തിക്കുന്നവരും ക്രൈസ്തവർക്കിടയിലുണ്ട്. നരകത്തിന്റെ പേരിൽ പേടിക്കുന്നവരും, പേടിപ്പിക്കുന്നവരും, നരകത്തെ ലേശം ഭയമില്ലാത്തവരും ഉണ്ട്. അതുകൊണ്ടു ഒരു സംവാദത്തിനുള്ള വിഷയമല്ല നരകം. സംവദിച്ചാൽ അഭിപ്രായപ്രളയംതന്നെയുണ്ടാകും. കത്തോലിക്കാസഭ നരകം ഉണ്ടെന്നു പഠിപ്പിക്കുന്നുണ്ട്. എന്നാൽ നരകം എവിടെയാണെന്നും എങ്ങിനെ ആയിരിക്കുമെന്നും വ്യകതമായൊന്നും സഭ വിശദീകരിക്കുന്നില്ല. ചിലർ തങ്ങളുടെ ഭാവനയനുസരിച്ചു നരകത്തെ ചിത്രീകരിക്കുന്നു. അവരുടെ ഭാവനകൾ ശരിയാകണമെന്നുമില്ല.

നരകവും സ്വർഗ്ഗവും എന്തെന്ന് ദൈവം ഓരോരുത്തരുടെയും ഉള്ളിൽ (ഹൃദയത്തിൽ) വെളിപാട് നൽകുമെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ഈ വെളിപാട് പുറത്തുപറയാനുള്ളതല്ല. അവനവനുവേണ്ടി മാത്രം ദൈവം തന്റെ ഓരോ പുത്രനും പുത്രിക്കും വളരെ വ്യക്തിപരമായി ആ വ്യക്തിക്കുവേണ്ടി മാത്രം നൽകുന്ന വെളിപാട്. അവിടെയാണ് ദൈവവിശാസത്തിന്റെ മഹനീയത. അത് പറഞ്ഞറിയിക്കാനുള്ളതല്ല. അനുഭവിക്കാനുള്ളതാണ്. അനുഭവിക്കാൻ മാത്രം. അത് ഒരുതരം വ്യക്ത്തിഗത ആദ്ധ്യാത്‌മികതയാണ്. എന്നാലിത് എന്റെ വ്യക്തിപരമായ ചിന്ത മാത്രമാണ്. സഭ അങ്ങനെ പഠിപ്പിക്കുന്നില്ല.

എന്നാൽ ദൈവത്തിന്റെ നിത്യമായ, നിലക്കാത്ത സ്നേഹത്തെക്കുറിച്ചു കത്തോലിക്കാസഭ പഠിപ്പിക്കുന്നു. കാരുണ്യമൂർത്തിയായ ദൈവത്തെക്കുറിച്ചാണ് സഭ പഠിപ്പിക്കുന്നത്. ദൈവം കരുണാമയനായ പിതാവും സ്‌നേഹം തന്നെയും ആണെന്നും സഭ പഠിപ്പിക്കുന്നു.
എല്ലാവരെയും രക്ഷിക്കാനും പരിപാലിക്കാനുമുള്ള ദൈവത്തിന്റെ പ്രാപഞ്ചിക സ്നേഹത്തെക്കുറിച്ചും ഇശ്ചാശക്ത്തിയെക്കുറിച്ചും സഭ പഠിപ്പിക്കുന്നു. ദൈവം എല്ലാവരെയും രക്ഷിക്കണമെന്നാഗ്രഹിക്കുന്നുവെന്നാണ് സഭയുടെ ദർശനം. അങ്ങനെയെങ്കിൽ നരകം ഉണ്ടെന്നും സഭ പഠിപ്പിക്കുന്നതെന്തുകൊണ്ട് എന്ന് ചോദിക്കുന്ന വിശ്വാസിക്കളും ധാരാളമുണ്ട്. ആ ചോദ്യത്തിന് തൃപ്തമായ ഉത്തരം നൽകാൻ സഭക്ക്‌ / സഭാനേതൃത്വത്തിന് പലപ്പോഴും കഴിയാറില്ല. ഉത്തരമില്ലാത്ത ഒരു ചോദ്യമാണിതെന്ന് എന്നാൽ എനിക്കഭിപ്രായമില്ല.

അതുപോലെതന്നെ എല്ലാ ചോദ്യങ്ങൾക്കും അന്തിമമായ ഉത്തരം നൽകലല്ല സഭയുടെ ധർമം. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകുന്ന മെഷീനല്ല സഭ. എന്നാൽ സഭയെ ഒരു യന്ത്രമനുഷ്യപ്പോലെ കാണാനാണ് പലർക്കും ഇഷ്ടം. കൃത്യമായ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകുന്ന ഒരു യന്ത്രമനുഷ്യൻ. ചില സഭാപ്രേമികളാകട്ടെ എല്ലാത്തിനും ഒരു യന്ത്രമനുഷ്യൻ അഥവാ ഒരു കംപ്യൂട്ടർ ഉത്തരം നല്കുന്നതുപോലെ തെറ്റായതും സഭയുടേതല്ലാത്തതുമായ ഉത്തരങ്ങൾ സഭയുടെ പേരിൽ നൽകി സഭയെത്തന്നെ പ്രതിരോധത്തിലാക്കുന്നു.

വിശാസികളെ ദൈവാനുഭവത്തിലേക്ക് നയിക്കുകയും ദൈവാരാജം സ്ഥാപിക്കാൻ സഹായിക്കുകയുമാണ് സഭയുടെ ധർമമം. ദൈവാനുഭവം ഉണ്ടാകുകയും ദൈവരാജ്യം സ്ഥാപിതമാകുകയും ചെയ്താൽ മറ്റ് എല്ലാ ചോദ്യങ്ങളും അപ്രസക്ത്തമാകും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ചോദ്യകർത്താവിനു സ്വയം ലഭിക്കും. ദൈവസ്നേഹവും ദൈവാരാജ്യവുമാണ് എല്ലാറ്റിലും പ്രധാനം. നരകം ഇല്ലാത്തതും നരകം ആർക്കും വേണ്ടാത്തതും നരകം ആവശ്യമായി വരാത്തതുമായ ഒരു ലോകമാണ് സഭ / ക്രിസ്തു സ്വപ്നം കാണുന്നത്. എന്നാൽ ചിലർക്കാകട്ടെ നരകം സൃഷ്ടിച്ചാൽ മാത്രമേ സമാധാനമുണ്ടാകുകയുള്ളു. നരകം ജീവിച്ചിരിക്കുമ്പോൾ തന്നെ അനുഭവിച്ചെങ്കിലേ അവർക്കൊരു സുഖമുള്ളൂ. അതുകൊണ്ടാണ് കത്തോലിക്കർക്കും അകത്തോലിക്കർക്കും വ്യത്യസ്തങ്ങളായ നരകങ്ങൾ ഉണ്ടെന്ന ഭാവനാസമ്പുഷ്ടവും രസകരങ്ങളുമായ കഥകൾ ഉടലെടുക്കുന്നതും ശ്രദ്ധിക്കപ്പെടുന്നതും. അതായതു കഠിനപീഡനങ്ങളുള്ള അഗ്നികുണ്ഡമായ നരകവും ചൂടും തീയും പുകയും ഇല്ലാത്ത നരകവും.


ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ