സിന്ദൂരചാർത്ത്

തെറ്റാണെന്ന് അറിഞ്ഞിട്ടും ഞാൻ നിന്നോട് പറയാതെ പ്രണയിക്കുന്നത് നീ എന്റെ ശരിയായതുകൊണ്ടാണ്. ഈ യാത്ര ഒരുപക്ഷേ, നിന്റെ ഓർമകളെ എന്നിൽ നിന്നും മായ്ക്കനുള്ളൊരു ഒളിച്ചോട്ടമായിരിക്കാം. ഞാൻ പട്ടാമ്പിക്ക് പോകുകയാണ്. തിരക്കുള്ള ഈ ബസിലിരിക്കുമ്പോഴും എന്റെ ഉള്ളിന്റെ ഉള്ളിൽ എന്തൊ ഒന്ന് മറന്ന് വെച്ചപോലെ ഒര് തോന്നൽ.

കൊച്ചിയിൽ നിന്നും ഞാൻ ബസിൽ കയറുമ്പോൾ നല്ല തിരക്ക് ഉണ്ടായിരുന്നു. മുൻകൂട്ടി റിസർവേഷൻ ചെയ്തത് കൊണ്ട് ഇരിക്കാൻ ഇടം കിട്ടി. ഈ നഗരത്തിന്റെ ബ്ലോക്കിൽ പെട്ട് ബസിൽ ഇരിക്കുമ്പോഴും യാത്രക്കാരിൽ പലരും പിറുപിറുക്കുന്നുണ്ട്.
എന്നാൽ ഞാനോ..?
ആരെയും കുറ്റപ്പെടുത്താനോ, സ്വയം പിറുപിറുക്കാനോ ഉദ്ദേശിക്കുന്നില്ല. എന്റെ ശരീരവും, മനസും രണ്ടിടത്തായാണ് ഇപ്പോ നിലകൊള്ളുന്നത്. ശരീരം യാത്രയിലും.., മനസ് നിന്റെ ഓർമകളുടെ ഉള്ളറയിലും.

ഈ ഉച്ചവെയിലിൽ വഴിയോരകാഴ്ചകളെ ഞാൻ വെറുക്കുന്നു. ആ ചൂടുള്ള കാറ്റേറ്റ് എന്റെ കണ്ണുകളിപ്പോൾ വരൾച്ചയുടെ വക്കിലെത്തി. കണ്ണടച്ച് ഉറങ്ങാനൊര് ശ്രമം നടത്തുന്നതാകും ഇനി ഉത്തമം… കണ്ണുകളെ അടച്ചുകൊണ്ട് ഞാനൊന്ന് മയക്കത്തിലേക്ക് ശ്രമിച്ചു. ബസ് കുറെ ദൂരം മുന്നോട്ട് പോയി. ആരോ എന്റെ തോളിൽ കൈവെച്ചു വിളിച്ചു.

“ടിക്കറ്റ്‌..? “

കണ്ണുതുറന്ന് നോക്കിയതും കണ്ടക്ടർ എനിക്ക് അരികിൽ വന്ന് കൈനീട്ടി നിൽക്കുന്നു. ഉടനെ ഞാൻ പോക്കറ്റിൽ ഉണ്ടായിരുന്ന റിസർവേഷൻ ടിക്കറ്റെടുത്ത് കാട്ടി. അതിനെ പരിശോദിച്ചശേഷം അയാളതിൽ ഒപ്പിട്ട് തിരികെ തന്നു. ടിക്കറ്റ് പോക്കറ്റിലേക്കിട്ടേച്ച് വീണ്ടും പഴയപോലെ ഉറക്കം നടിച്ച് ഞാൻ കിടന്നു. റോഡിന്റെ ഓരോ വളവും, ചരിവും എന്റെ നാടകീയമായ ഉറക്കത്തെ ഉണർത്തികൊണ്ടിരുന്നു.

ബസ് ചാലക്കുടി കഴിഞ്ഞെന്ന് തോന്നുന്നു. ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നു. ബസ് പതിയെ ഒരിടത്തു നിർത്തി. ഞാൻ കണ്ണുകൾ തുറന്നൊന്നു നോക്കി. അതുവരെ എന്റെ കൂടെ ഉണ്ടായിരുന്ന സഹയാത്രികനും ആ സ്റ്റോപ്പിൽ ഇറങ്ങി. ആ സ്റ്റോപ്പിൽ നിന്നും ബസിലേക്ക് ഒരാൾ കയറി. യാത്രക്കാർ ഏവർക്കും അവരിലേക്ക്‌ ശ്രദ്ധിച്ചു. ഒരു ട്രാൻസ്‌ജെന്റർ ആയിരുന്നു അത്. ചുവന്ന സാരി ഉടുത്ത്, തോളിൽ ഒരു കറുത്ത ഹാൻബാഗുമേന്തി, കൈയിൽ മടക്കിയ നീല പൂക്കളുള്ള കുടയുമായി.. കണ്മഷി എഴുതിയ കണ്ണുകൾ കൊണ്ട് അവരാ ബസിൽ എന്തിനെയോ തിരഞ്ഞു. അവരുടെ പക്കൽ ചെന്ന് മനസില്ലമനസോടെ ആ കണ്ടക്ടർ ടിക്കറ്റ് എടുപ്പിച്ചു. അവരെ കണ്ടവരൊക്കെയും മുഖം തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ബസ്സിൽ ഓരോ സീറ്റിലും ഓരോരുത്തർ വീതമായിരുന്നു അപ്പോൾ ഇരുന്നിരുന്നത്. ബസിൽ ഉണ്ടായിരുന്ന ആരുംതന്നെ അവരെ കൂടെ ഇരുത്താൻ താല്പര്യപെട്ടില്ല. ചിലർ കൈവശം ഉണ്ടായിരുന്ന വസ്തുക്കൾ സീറ്റിൽ വെച്ച് അവരെ അവഗണിച്ചു. മറ്റുചിലർ പുറകിൽ പോയിരിക്കാൻ അവരോട് ആവശ്യപെട്ടു. അവർ എങ്ങും ചെന്നിരിക്കാതെ കുറെ നേരം ഒരേ നിൽപ്പങ്ങ് നിന്നു. എനിക്ക് അത് സഹിച്ചില്ല. ഞാൻ എഴുന്നേറ്റു ചെന്ന് അവരോട് ചോദിച്ചു.

” ഹലോ..
ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ സീറ്റിൽ ഇരിക്കുന്നോളു..?
എന്റെ കൂടെ.. “

ഞാൻ അവരോട് ചോദിക്കേണ്ട താമസം, അവരെന്നെ നോക്കിയൊന്ന് ചിരിച്ചു. എന്നിട്ട് എന്റെ കൂടെ വന്നിയിരുന്നു. യാത്രക്കാരെല്ലാവരും എന്നെ തന്നെ നോക്കി. അവർ എന്തോക്കെയോ പിറുപിറുക്കുന്നതായി എനിക്ക് തോന്നി. ഞാൻ ആരെയും നോക്കാനോ, അവരുടെ വാക്കുകൾക്ക് ചെവികൊടുക്കാനോ പോയില്ല. അതുവരെ ബസിൽ ഉണ്ടായിരുന്ന ആ ചൂട് കാറ്റിന് ഒര് തണുപ്പ് അനുഭവപ്പെടുന്നതായി എനിക്ക് തോന്നി… പ്രകൃതിയുടെതായ തണുപ്പ്… കുറച്ചു ദൂരം ബസ് മുന്നോട്ട് പോയി. ഞാൻ അവരോട് ചോദിച്ചു.

“എവിടെക്കാണ് പോകുന്നത്..? “

അവരെന്നെയൊന്ന് നോക്കിട്ട് പറഞ്ഞു.

“പട്ടാമ്പിയ്ക്ക്.. !
നിങ്ങളോ..? “

“ഞാനും പട്ടാമ്പിക്കാണ്..!,
എന്താ പേര്..? “

” യാഴിനി..!
തന്റെയോ..? “

“ഞാൻ മുരളി കൃഷ്ണൻ..! “

ഒരു ചിരികൊടുത്തുകൊണ്ട് മനോഹരമായ വഴിയോര കാഴ്ചകളിലേക്ക് എന്റെ കണ്ണുകൾ പോയി. അപ്പോഴാണ് യാഴിനിയുടെ ഒര് ചോദ്യം എനിക്ക് നേരെ വന്നത്.

“മുരളി…!
ഒര് കാര്യം ചോദിച്ചോട്ടെ..? “

“ചോദിച്ചോളൂ…”

“ഈ ബസിൽ ഇത്രെയും ആളുകൾ ഉണ്ടായിട്ടും അവരാരും എന്നെ അവരുടെ കൂടെ ഇരുത്താൻ താല്പര്യപെട്ടില്ല.
എന്നാൽ..,
മുരളിയെന്നെ കൂടെ ഇരുത്തി.
അതെന്തുകൊണ്ടാ..? “

“എന്നിൽ മനുഷ്യത്വം ഉള്ളത് കൊണ്ട്…! “

ചിരിച്ചു കൊണ്ടുള്ള എന്റെ മറുപടി കേട്ടതും യാഴിനിയുടെ ചുണ്ടുകളും പുഞ്ചിരിയാൽ വിടർന്നു.

ഞാൻ ഇവരോട് മനസുതുറക്കണോ..?
വേണ്ടയോ..?
എന്ന ആശയക്കുഴപ്പം എന്റെ മനസ്സിൽ കിടന്ന് പുകഞ്ഞു. ഒരു നിമിഷം മൗനമായി ആലോചിച്ച ശേഷം പതിയെ അവരോട് ഞാൻ ചോദിച്ചു.

“യാഴിനി..!
എനിക്ക് നിങ്ങളെപ്പോലൊരു സുഹൃത്ത് ഉണ്ടായിരുന്നു.
ശ്യാം..! “

അത് കേട്ടതും ഒര് അതിശയഭാവം അവരുടെ മുഖത്ത് നിറഞ്ഞുനിന്നത് ഞാൻ ശ്രദ്ധിച്ചു, അവരെന്നോട് ചോദിച്ചു.

“ആണോ..?
തന്റെ സുഹൃത്ത് ഇപ്പോ എന്തുചെയ്യുന്നു..? “

“എനിക്ക് അറിയില്ല…പ്രീഡിഗ്രിയ്ക്ക് പഠിച്ചപ്പോ കണ്ട ഓർമയെ ഉള്ളു. അവനെക്കുറിച്ചു ഒര് വിവരവുമില്ല പിന്നെ.. എവിടെ വച്ചെങ്കിലും കാണുമെന്ന് പ്രതീക്ഷിക്കുന്നു. കണ്ടാൽ, എനിക്ക് അവനോട് മിണ്ടണം. ഒര് അടയാളം പറയാൻ…അവന്റെ ഇടത് കൈയിൽ ആറ് വിരലുകളുണ്ട്. അത് മാത്രേ ഞാൻ ഓർക്കുന്നുള്ളു ഇപ്പൊ. “

നിസ്സഹായതയോടെയുള്ള എന്റെ മറുപടി കേട്ടു യാഴിനിയും മൗനം പാലിച്ചു. ബസ് കുറെ ദൂരം മുന്നോട്ട് പോയി. എനിക്ക് മനസ്സ് പിടിച്ചു നിർത്താൻ ആയില്ല. ഞാൻ യാഴിനിയോട് ചോദിച്ചു.

” യാഴിനി..!
ഒന്നും തോന്നരുത്..!
ഒര് കാര്യം ചോദിച്ചോട്ടെ.,? “

” ചോദിച്ചോളൂ… “

അൽപം പരുങ്ങലോടെ ഞാനത് പറഞ്ഞു.

“അതായത്,,
നിങ്ങളെ പോലെയുള്ളവരെ മറ്റുള്ളവർ വിവാഹം കഴിച്ചതായി എനിക്ക് അറിയില്ല. അങ്ങനെ വിവാഹം കഴിക്കാറുണ്ടോ..? “

യാഴിനി എന്റെ വാക്കുകളെ ശ്രദ്ധയോടെ കേട്ടിട്ട് എന്നോട് പറഞ്ഞു.

“സുഹൃത്തേ…
രണ്ട് പേർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ ആർക്കും, ആരെയും വിവാഹം കഴിക്കാമെന്നാണ് നിയമം..അത് അറിയാമോ..? “

“അല്ല…യാഴിനി ഞാൻ ഉദേശിച്ചത്‌
ട്രാൻസ്ജെറ്റർസ്നെ മറ്റൊരാൾക്ക്‌ വിവാഹം കഴിക്കാമോ എന്നാണ്..? “

“അതെ.., കഴിക്കാം…!
അതിനെന്താ..? “

ആ മറുപടി എന്റെ മനസിലെ മരുഭൂമിയിൽ പനിനീർ മഴയായി വന്ന് പതിച്ചു. ഞാൻ ചോദിച്ചു…

“ആണോ യാഴിനി..?
അതിൽ തെറ്റില്ലെ..? “

“മിസ്റ്റർ മുരളി..
അതിൽ ഒരു തെറ്റുമില്ല. “

ഞാൻ മനസിനെ ദൃഢമാക്കികൊണ്ട് ചോദിച്ചു.

“യാഴിനി വിവാഹിതയാണോ..? “

“അല്ല..!!”

“എങ്കിൽ, ഞാൻ നിങ്ങളെ വിവാഹം കഴിച്ചോട്ടെ..?
ഞാൻ അതിന് തയ്യാറാണ്… “

പെട്ടെന്നുള്ള എന്റെ ആ ചോദ്യം കേട്ട് പകച്ചുപോയ യാഴിനി എന്നെ കണ്ണെടുക്കാതെ ഒന്ന് നോക്കി.

“മുരളി…!
അതിന്, നമ്മുക്ക് പരസ്പരം അറിയില്ലല്ലോ..? “

“അതെ…!
ശരിയാണ് പറഞ്ഞത്.
നമുക്ക് പരസ്പരം അറിയില്ല.
ഈ ഒര് ബസിൽ കണ്ട എന്നെ നിങ്ങൾ എങ്ങനെ വിവാഹം കഴിക്കും..?
നിങ്ങളുടെ ചോദ്യം ന്യായമായതാണ്.
പക്ഷേ..,
നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്, അതും, ദൂരെ നിന്ന്…എനിക്ക് നിങ്ങളെ നല്ലോണം അറിയാം. നേരിട്ട് സംസാരിച്ചിട്ടില്ല എന്ന് മാത്രം. “

യാഴിനി എന്നോട് ദൃഢമായി പറഞ്ഞു,

“എന്നാൽ, ഞാൻ നിങ്ങളെ മനസിലാക്കിയിട്ടില്ല മുരളി..!
നിങ്ങളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല..! “

“എന്നാൽ, ഞാൻ നിങ്ങളെ മനസിലാക്കിയവനാണ് യാഴിനി..!
നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം..! “

നിശബ്ദമായ ബസ് യാത്രയുടെ ഇടയിൽ എന്റെ സ്വരം ഒരൽപം ഉയർന്നു കേട്ടു. മറ്റുള്ളവർ ഞങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു തോന്നൽ എന്റെ ഉള്ളിൽ ഉടനെ വന്നു. ഞാൻ സ്വരം താഴ്ത്താൻ ശ്രമിച്ചു. ഞാൻ യാഴിനിയെ തന്നെ നോക്കിയിരുന്നു. പരിഭ്രമിച്ച ഭാവത്തോടെ യാഴിനി എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഉടനെ കണ്ണുകൾ താഴത്തേക്ക് നോക്കാൻ ശ്രമിച്ചു. ഞാൻ വീണ്ടും തുടർന്നു.

“യാഴിനി…!
എനിക്ക് നിങ്ങളെ അറിയാം..
ഒര് കാര്യത്തിന് ഉത്തരം തരു..
നിങ്ങളുടെ യഥാർത്ഥ പേര് പറയാമോ..? “

യാഴിനി വീണ്ടും ഉത്തരം നൽകാതെ അതെ മൗനം പാലിച്ചു. അവരുടെ വളയിട്ട കൈകൾകൊണ്ട് സീറ്റിലെ ഇരുമ്പ് കമ്പിയെ മുറുക്കുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും യാഴിനിനോട് തുടർന്നു…

“എന്നാൽ ഞാൻ പറയാം..!
ശ്യാം..!!
അതാണ്‌ നിന്റെ യഥാർത്ഥ പേര്.
നീയാണ് എന്റെ ആ പഴയ സുഹൃത്ത്. നിന്റെ ഇടത് കൈയിൽ ആറ് വിരലുകളുണ്ട്, ഞാൻ കണ്ടതാണ്. “

യാഴിനി ഇടത് കൈയിൽ പിടിച്ച് നോക്കി. ആ ആറ് വിരലുകളെ അവൾ പരിഭ്രമത്തോടെ മറക്കാൻ ശ്രമിച്ചു. ഞാൻ എന്റെ വാദം തുടർന്നു.

“ഈ വേഷത്തിൽ എനിക്ക് നിന്നെ മനസിലാവില്ലയെന്നു കരുതേണ്ട ശ്യാമേ.. ഇപ്പോൾ വരെ നീ എന്നോട് എല്ലാം മറയ്ക്കുന്നു. എന്നാൽ എനിക്ക് നിന്നെ അറിയാം.
ഞാൻ മുരളി കൃഷ്‌ണനാണെന്നും നിനക്കും അറിയാം..!
നമ്മൾ ഒരുമിച്ചാണ് പഠിച്ചതൊക്കെ നീ മറന്നുപ്പോയോ..? എന്തിന് വേണ്ടിയാണ് എന്നോട് ഇപ്പോവരെ ഈ നാടകം. എപ്പോഴോ നിന്റെ ശരീരത്തിൽ ഇങ്ങനെയോര് മാറ്റം ഉണ്ടാകുന്നത് ഞാനും ശ്രദ്ധിച്ചതാണ്. എല്ലാവരും നിന്നെ അകറ്റിനിർത്തിയപ്പോഴും ഞാൻ അങ്ങനെ നിന്നെ കണ്ടിരുന്നില്ല ശ്യാമേ…
സോറി…
യാഴിനി…!
എല്ലാരേയും പോലെ നീ എന്നെയും കണക്കാക്കി. എവിടേക്കോ പോയി.. പിന്നീട് നിന്നെ ഞാൻ കാണുന്നത് കൊച്ചിയിൽ വെച്ചാണ്, എന്റെ ജോലി തിരക്കിനിടയിൽ. പരിചയമുള്ള നിന്റെ ആ മുഖം ഞാൻ എങ്ങനെ മറക്കും..?
അവിടെ എത്ര ചായം തേച്ചാലും എനിക്ക് മനസിലാകും. “

എന്റെ വാക്കുകളെ ക്ഷമയോടെ അരികിലിരുന്ന് യാഴിനി കേട്ടു. അവന്റെ മനസിനെ വായിച്ചെടുക്കാൻ ഇപ്പോൾ എനിക്ക് കഴിയില്ല. കാരണം, അവൻ പെണ്ണായി മാറിയിരിക്കുന്നു. ശരീരം കൊണ്ട് മാത്രമല്ല, മനസ്സുകൊണ്ടും… അവനിപ്പോൾ പെണ്ണാണ്…
യാഴിനി…!
ഞാൻ വീണ്ടും ചോദിച്ചു.

“എന്നോട് എന്തെങ്കിലും പറ യാഴിനി…
ഇപ്പോ ഇങ്ങനെ ഒര് മൗനത്തിന്റെ ആവിശ്യമില്ല…
ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ..? “

യാഴിനി പതിഞ്ഞ സ്വരത്തിൽ തലതാഴ്ത്തി പറഞ്ഞു.

“അതെ, സത്യമാണ്.. “

യാഴിനിയുടെ കണ്ണിൽ നിന്നും ഉതിർന്നുവീണ ചൂട് കണ്ണീർതുള്ളികൾ അവൾ ഉടുത്തിരുന്ന ചുവന്ന സാരിയിലേക്കു പതിച്ചു.

ഞാൻ വീണ്ടും തുടർന്നു..

“കഴിഞ്ഞ ആറുമാസമായി ഞാൻ കൊച്ചിയിൽ തന്നെയാണ് താമസം. നിന്നെ പലപ്പോഴും കാണാറുണ്ട്. നിന്റെ ഓരോ ചാരിറ്റി പ്രവർത്തനങ്ങളും. അതൊക്കെ എനിക്ക് ഇഷ്ടമായിരുന്നു. എനിക്കും അതൊരു നല്ല ആശയമായി തോന്നി. നിന്റെ കൂടെകൂടി പ്രവർത്തിക്കണമെന്നും തോന്നി. നിന്നെ വെറുത്തവർക്കും, ഒറ്റപെടുത്തിയവർക്കും വേണ്ടി പ്രവൃത്തിക്കുന്ന നിന്റെ വലിയ മനസിനോട് എനിക്ക് ആദരവ് തോന്നി. അത് പിന്നെ എപ്പോളോ പ്രണയമായി മാറി. ആദ്യോക്കെ നിന്റെ അടുത്തുവന്നു സംസാരിക്കണമെന്ന് ഉണ്ടായിരുന്നു..എന്റെ ആ പഴയ സുഹൃത്തിനോട് എന്നപോലെ. പക്ഷേ, നീ എന്നെ നേരിട്ട് കണ്ടിട്ടും കാണാത്ത ഭാവം നടിച്ചു, അപരിചിതനെ പോലെ… അന്നൊക്കെ നിന്റെ കൂടെ ഒരുപാട് പേരുണ്ടായിരുന്നു. ഇന്ന് നീ തനിച്ചാണ്, ഇതിനേക്കാൾ വലിയൊരു സന്ദർഭം എനിക്കിനി കിട്ടിയെന്ന് വരില്ല.. “

മനസുതുറന്നു ഞാൻ എല്ലാം പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ആ വലിയ ഭാരം ഇറങ്ങി പോയി. ഞാൻ യാഴിനിയുടെ വളയിട്ട കൈകളിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു.

“യാഴിനി..
ഈ ബസിൽ ഇത്രയും യാത്രക്കാർ ഉള്ളപ്പോഴും ഞാൻ നിന്നെ എന്റെ കൂടെ ഇരുത്തിയതിനു കാരണം ഇപ്പോൾ നിനക്ക് മനസ്സിലായോ..? അവരെപ്പോലെ ഞാൻ നിന്റെ ശരീരത്തെയല്ല നോക്കുന്നത്, നിന്റെ ഉള്ളിലെ നന്മയുള്ള മനസിനെ മാത്രമാണ്.
അതെനിക്ക് മനസിലാകും…! എനിക്ക് മാത്രം..!
എന്നെ നീയും മനസിലാക്കണം…! “

യാഴിനി നിറഞ്ഞകണ്ണുകളോടെ എന്നെ ഒന്ന് നോക്കി. അവൾക്ക് എന്തോ എന്നോട് പറയാൻ ഉള്ളതുപോലെ, അവൾ പതിഞ്ഞ സ്വരത്തിൽ എന്നോട് പറഞ്ഞു.

” മുരളിയുടെ വീട്ടിൽ സമ്മതിക്കമോന്ന് തോന്നുന്നുണ്ടോ..?
അവർ എതിർക്കില്ലേ ഈ വിവാഹത്തിന്..?”

“യാഴിനിയ്ക്ക് ഞാനുമായുള്ള വിവാഹത്തിന് സമ്മതമാണോ..? ആദ്യം അത് പറ..! “

“പെട്ടെന്ന് എനിക്ക് മുരളിയെ വിവാഹം കഴിക്കാൻ ആവില്ല.. എനിക്ക് മുരളിയെ മനസിലാക്കണം. പെട്ടെന്ന് ഒര് തീരുമാനം എടുക്കാനും ഇപ്പൊ പറ്റില്ല..!
അതിന് എനിക്ക് സമയം വേണം.. ഇത് നമ്മുടെ രണ്ടാളുടെയും ജീവിതമാണ്. ജീവിതത്തിൽ ഒരുപാട് പരിഹാസം നേരിട്ടവളാണ് ഞാൻ. അത് മുരളിയ്ക്കു പിന്നീട് നേരിടേണ്ടിയതായി വരും. അപ്പോളൊന്നും മനസ്സ് പതറരുത്. അതിന് കഴിയുമോ മുരളിക്ക്..? “

യാഴിനിയുടെ ആ ചോദ്യം എന്നെ ഏറെ ചിന്തിപ്പിച്ചു. ഞാൻ പതിയെ അവളുടെ കൈകളിൽ നിന്നും എന്റെ പിടിവിട്ടു. കുറച്ച് നിമിഷങ്ങൾ മൗനമായി ഇരുന്ന ഞാൻ ഒരു പക്വതയാർന്ന മറുപടിക്കായി തയ്യാറെടുത്തു. അവളുടെ വളയിട്ട കൈകളെ വീണ്ടും മുറുക്കെ പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.

“യാഴിനി..
ഞാൻ വീണ്ടും പറയുന്നു…,
ഈ യാത്രയിൽ എനിക്ക് നിന്നെ എന്റെ കൂടെ ഇരുത്താമെങ്കിൽ..! എന്റെ ജീവിതത്തിലും കൂടെ കൊണ്ടുനടക്കാൻ എനിക്ക് കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു..! “

“എന്നാൽ,
മുരളിയോട് ഞാൻ ഒര് കാര്യം പറയാം. “

“പറഞ്ഞോ യാഴിനി..! “

“ഇപ്പോഴുള്ള മുരളിയുടെ ചിന്തകൾ നാളെ ഒരുപക്ഷേ മാറിയേക്കാം. മനുഷ്യനാണ്… അതുകൊണ്ട്, നമ്മൾ പരസ്പരം ആദ്യം മനസിലാക്കാൻ ശ്രമിക്കാം. പരസ്പരം മനസിലാക്കിയാൽ മുരളിയുടെ ഇഷ്ടം പോലെ ഞാനും വിവാഹത്തിന് സമ്മതിക്കാം. ആ തീരുമാനമാകും ഉചിതം.. “

യാഴിനിയുടെ ആ പക്വതയാർന്ന മറുപടികേട്ട എന്റെ മനസിനെ തൽകാലം ഞാൻ പിടിച്ചു നിർത്തി. അവൾ പറയുന്നതിൽ എന്തോക്കെയോ ജീവിത യാഥാർഥ്യങ്ങൾ ഉള്ളതായി എനിക്ക് തോന്നി. അവൾ നേരിടുന്ന സമൂഹമല്ല, ഞാൻ നേരിടുന്ന സമൂഹം. അവൾ പൊരുതിയ വഴികൾ വേദനയുടെതായിരുന്നു. ഒര് പെണ്ണായി മാറുമ്പോൾ അവൾ അനുഭവിച്ച മാനസിക, ശാരീരിക വേദനകൾ എനിക്ക് ഒരിക്കലും പറയാനാകില്ല. ആ ദുരിതപൂർണമായ ജീവിതത്തിൽ അവൾ ഒരുപാട് അനുഭവിച്ചു. ഇനിയുള്ള അവളുടെ ജീവിതത്തിൽ കൂടെ നിൽക്കാൻ എനിക്ക് കഴിയും, അവൾക്കൊപ്പം..!

അതെ..
ഇത് എന്റെയും, യാഴിനിയുടെയും ജീവിതമാണ്. ഒര് വിവാഹമെന്നത് ശരീരം കൊണ്ട് മാത്രമല്ല, പരസ്പരം മനസ്സുകൊണ്ടും ഒന്നിക്കുന്ന ഒന്നാണ്. ഇനിയുള്ള യാഴിനിയുടെ ജീവിതത്തിൽ ഞാനുമുണ്ടാവും കൂടെ…
അവളുടെ തിരുനെറ്റിയിൽ സിന്ദുരം ചാർത്താനായി. അവളെന്നെ പൂർണമായും മനസിലാക്കും…
അതിനായി ഞാൻ കാത്തിരിക്കും…

ഞങ്ങളുടെ ബസ് പട്ടാമ്പിയെത്താറായി, ഞങ്ങൾക്ക് ഇനി ഇറങ്ങേണ്ടതുണ്ട്. ഞങ്ങളുടെ ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല…
ഇനിയാണ് തുടങ്ങുന്നത്… ഇനിയങ്ങോട്ട് ഒരുമിച്ചുള്ള ജീവിത യാത്രയാണ്… പരസ്പരം മനസിലാക്കാനുള്ള ജീവിതയാത്ര…!
യാഴിനിയും, ഞാനുമായുള്ള ജീവിത യാത്ര..!

# മുരളി.ആർ.

Murali R

ചുവന്ന പുടവ

“മോളേ… ഇവിടെ സാരി വെച്ചിട്ടുണ്ട്, അതെടുത്തുടുക്ക്…”
വളരെ വിഷമത്തോടെയാണേലും അമ്മയെന്നോടത് പറഞ്ഞിട്ട് മനസില്ലാമനസോടെ മുറിയിൽ നിന്നും ഇറങ്ങി പോയി. അതുവരെ ഏതോ ഓർമകളിൽ മുഴുകിയ ഞാൻ പെട്ടെന്ന് അതിൽ നിന്നെല്ലാം പടിയിറങ്ങി വന്നു. അമ്മ എനിക്ക് അരികിൽ ഒരു പൊതി വെച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ അത് പതിയെ തുറന്നു. അതെ, സാരി തന്നെ… വർണങ്ങളോ, പൂക്കളോ ഇല്ലാത്ത സാരി. ഒരേ ഒരു നിറം, അത് വെളുപ്പായിരുന്നു. ഞാൻ അതിനെ കൈയിലെടുത്ത് നോക്കി. ആ വെളുപ്പ് എന്റെ ഉള്ളിലുള്ള വിഷമത്തെ പുറത്തേക്ക് കൊണ്ടുവന്നു. എനിക്ക് അതിനെ പിടിച്ചു നിർത്താൻ ആയില്ല. ആ സാരിയെ എന്റെ മുഖത്തോട് ഞാൻ ചേർത്ത് വെച്ച് കരഞ്ഞു. ഏറെ നേരം ഞാൻ കരഞ്ഞു. എന്റെ കണ്ണീരിനാൽ ആ വെളുത്ത സാരിയാകെ നനഞ്ഞു. എനിക്ക് കരയാനെ ഇനി നിർവാഹമുള്ളൂ. അതും ഈ മുറിക്കുള്ളിൽ ഇരുന്ന് ഒതുങ്ങിക്കൂടി കരയാൻ മാത്രം. ഇപ്പോൾ എന്റെ ശരീരം ചുവന്ന പുടവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. അത് അഴിച്ചുമാറ്റാൻ നേരമായിരിക്കുന്നു. ഈ ചുവപ്പാണ് തെറ്റ്. ഞാൻ ചുവന്നതാണ് തെറ്റ്. ഞാൻ ചുവക്കാരുതായിരുന്നു ഒരിക്കലും. പെണ്ണായാൽ ചുവക്കണം, ചമയണം, ചുമക്കണം, ഒടുവിൽ ചാവണം... ഞാനും ചുവന്നു ഒരിക്കൽ... അത് പ്രായത്തിന്റെ ചുവപ്പായിരുന്നു. അത് ആനന്ദത്തിന്റെ ചുവപ്പായി കണ്ടു പലർക്കും. എന്നാൽ, എനിക്കത് ദുഃഖത്തിന്റെയും. ഓരോ മാസങ്ങൾ തോറുമുള്ള ചുവപ്പ്. ആ ചുവപ്പെന്നെ വേട്ടയാടി. ബാല്യം കഴിഞ്ഞതും വേട്ടയാടി. ആ ചുവന്ന വേട്ടയ്ക്ക് ഇപ്പോൾ പാതി അറുതി വന്നു. ഇന്ന് ചുവപ്പ് എനിക്ക് അന്യമാകുന്നു. എന്നിൽ നിന്നും അകന്ന് പോകുന്നു. എനിക്ക് ചുവപ്പിനെ ഇഷ്ടമായിരുന്നു. ഞാൻ ആ ചുവപ്പിനെ സ്നേഹിച്ചു, അതിയായി സ്നേഹിച്ചു. ഞാനും ചുവപ്പിനെ തേടി നടന്നു, ഒരുപാട് നടന്നു... ബാല്യത്തിലെ മഞ്ഞാടിയുടെ ചുവപ്പിനെ... കൗമാരത്തിലെ പ്രണയത്തിന്റെ ചുവപ്പിനെ... യൗവനത്തിലെ കുങ്കുമത്തിന്റെ ചുവപ്പിനെ... ചുവപ്പ് അതിമനോഹരമായിരുന്നു എന്റെ കാഴ്ചയ്ക്ക്. ചുവപ്പ് എന്റെ ജീവിതത്തിൽ ഉടനീളെ പടർന്നു. എന്നാൽ, അതിൽ ഒര് ദുഃഖം ഉണ്ട്. ആ ചുവപ്പ് നമുക്ക് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന മനസിന്റെ തീരാദുഃഖം. അത് അനുഭവിച്ചവർക്കെ അറിയൂ. ഇന്നത് എനിക്ക് നഷ്ടമാകുന്നു. ഞാൻ ഉടുത്ത ചുവന്ന പുടവ അഴിച്ചുമാറ്റാൻ സമയമായിരിക്കുന്നു. എന്നാൽ എന്റെ ഉള്ളിലുള്ള ചുവപ്പ് മായുന്നില്ല ഒരിക്കലും. അതിനെ ആർക്കും മായ്ക്കാൻ ആവില്ല ഒരിക്കലും. അതെന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ചുവപ്പാണ്. എന്റെ പ്രാണന്റെ ഉള്ളിലുള്ള ചുവപ്പ്. പറമ്പിൽ എരിഞ്ഞിരുന്ന ഏട്ടന്റെ ചിതയിപ്പോൾ കെട്ടടങ്ങി മണ്ണോട് മണ്ണായി മാറി. ഏട്ടനുമായുള്ള എന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതെ ഉള്ളു. രാത്രിയിലെ ഉറക്കമില്ലാത്ത യാത്ര എന്റെ ഏട്ടനെ എന്നിൽ നിന്നും എന്നന്നെക്കുമായി അകറ്റി.

ആ വലിയ ദുരന്തം എന്റെ മനസ്സിൽ കനൽ പോലെ എരിയുന്നു. ആഗ്രഹങ്ങളും, ആശകളും ഒരുപാട് നെയ്തുകൂട്ടിയ എന്റെ ജീവിതം പാതിവഴിയിലായി ഇപ്പോൾ. എനിക്കിനി എന്ത് ചെയ്യാനാകും..? പെട്ടെന്ന് പുറത്തുനിന്നും എന്തോ ശബ്ദം കേട്ടു. എന്റെ മുറിയിലേക്ക് കണ്ണൻ വേഗത്തിൽ വന്നു പറഞ്ഞു.

“ചേച്ചി ഈ വെള്ള സാരി ഉടുക്കണ്ട… ഞാനാ പറയുന്നത്. ചേച്ചിയ്ക്കു അതിന് മാത്രം പ്രായമൊന്നും ആയിട്ടില്ല. ഇവരൊന്നും പറയുന്നപോലെയല്ല… എന്റെ ചേച്ചിയെ ആരുടെയും മുന്നിൽ കോലം കെട്ടിയ്ക്കാൻ ഞാൻ വിടില്ല… “ അവനത് കരഞ്ഞുകൊണ്ട് ദേഷ്യത്തിൽ പറഞ്ഞപ്പോൾ അമ്മയും മുറിയിലേക്ക് കടന്നു വന്നു. ഉടനെ കണ്ണൻ എന്റെ കൈയിലെ വെള്ള സാരി പിടിച്ചു വാങ്ങിച്ചു. അമ്മ അവനോട് ദേഷ്യത്തിൽ ചോദിച്ചു.

“നീയെന്താ കണ്ണാ ഈ കാണിയ്ക്കുന്നത്..?”

“അമ്മ ഒന്നും പറയണ്ട… എനിക്ക് അറിയാം എല്ലാം. ഈ വെള്ള സാരി ഉടുപ്പിച്ച് വീട്ടില് ഒതുങ്ങി കൂടാൻ എന്റെ ചേച്ചിയെ ഞാൻ വിടില്ല. അവൾക്കധികം പ്രായം ആയിട്ടില്ല. ഇനിയും കെട്ടാം… ഞാൻ കെട്ടിക്കും എന്റെ ചേച്ചിയെ… “ ദേഷ്യത്തോടെ അവനത് പറഞ്ഞേച്ചും ആ വെളുത്ത സാരിയുമായി മുറിയിൽ നിന്നും ഇറങ്ങി പോയി. അമ്മ കരഞ്ഞുകൊണ്ട് എന്നെ നോക്കി. ഒന്നും അമ്മക്ക് അവനോട് മറുത്ത്‌ പറയാൻ ഉണ്ടായിരുന്നില്ല. ഞാനും നിസ്സഹായയായി ആ കട്ടിലിൽ തന്നെ ഇരുന്നു. ഇനിയും എനിക്ക് ചുവക്കാൻ കഴിയുമോ എന്നറിയില്ല. എന്നാൽ, എന്റെ കണ്ണൻ ഇപ്പോൾ എനിക്കൊരു വാക്ക് തന്നിട്ടുണ്ട്. അവനെ ഞാൻ വിശ്വസിക്കുന്നു. അവനെന്നെ ചുവപ്പിയ്ക്കും. ഇനിയും ഞാൻ ചുവക്കുമെന്ന വിശ്വാസം എന്റെ മനസ്സിലേക്ക് അവൻ പകർന്നു തന്നു. ഈ മുറിയിൽ ഞാൻ ചടഞ്ഞു കൂടുവാനുള്ളതല്ല, ആത്മവിശ്വാസത്തോടെ പ്രവൃത്തിയ്ക്കാനുള്ളതാണ്. ഇനിയുമൊരു ജീവിതം എനിക്കുണ്ടാകും. അത് ആ ചുവപ്പ് കലർന്നതും, ചമയങ്ങളോട് കൂടിയതുമാകും. ഞാൻ ഉടുത്തിരിക്കുന്ന ഈ ചുവപ്പ് അഴിക്കാനുള്ളതല്ല.. എന്നിലേക്ക് പടരാനുള്ളതാണ്...!

# മുരളി.ആർ.

Murali R

ചട്ടന്റെ ഭാര്യ

“നീ എന്താടി രാവിലെ അവന്മാരോട് പറഞ്ഞത്…? “
വീട്ടിലേക്ക് കേറി വന്നപാടെ ഏട്ടൻ എന്നെ നോക്കി ദേഷ്യത്തിൽ ചോദിച്ചു. കുറച്ച് നേരം മൗനം പാലിച്ച ഞാൻ. ടിവി ഓഫാക്കിട്ട് അടുക്കളയിലേക്ക് പോയി. ഏട്ടൻ അടുക്കളയിലേക്ക് വന്നേച്ചും, എന്റെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് വീണ്ടും ചോദിച്ചു.

“നിന്നോട് അല്ലെ ചോദിച്ചത്…?
നിനക്കെന്താടി ചെവി കേൾക്കില്ലേ…?” അലറിക്കൊണ്ട് പറഞ്ഞതും എന്റെ കൈയിൽ ഉണ്ടായിരുന്ന ചോറോട് കൂടിയ പാത്രം മൊത്തത്തോടെ താഴേക്ക്‌ വീണു. ആ ചൂട് ചോറൊക്കെ നാലുപാടും വീണുചിതറി. അതുകണ്ട ഞാൻ ദേഷ്യത്തോടെ ഏട്ടനോട് ചോദിച്ചു.

“ഏട്ടനെന്തിന്റെ സൂക്കേടാ…? എല്ലാം താഴെ പോയില്ലേ ഇപ്പോ… രാത്രിക്കിനി എന്ത് വെച്ച് കഴിക്കും…? “ എന്റെ ചോദ്യം ശ്രദ്ധിയ്ക്കാതെ താഴെ വീണ ചോറും, പാത്രവും ഏട്ടൻ കൈകൊണ്ട് എടുക്കാൻ തുടങ്ങി. അത് കണ്ടതും എനിക്ക് വീണ്ടും കലി കേറി. ദേഷ്യത്തിൽ ഞാൻ ഏട്ടനോട് പറഞ്ഞു.

“ഈ അടുക്കളേന്ന് ഒന്ന് പോയെ… എനിക്ക് അറിയാം ചെയ്യാൻ. “ അതെല്ലാം താഴെ തന്നെ വച്ചേച്ചും ഒന്നും മിണ്ടാതെ ഏട്ടൻ അവിടുന്ന് ദേഷ്യത്തിൽ പുറത്തേക്കിറങ്ങി. ബൈക്ക് എടുത്ത് എങ്ങോട്ടെന്നറിയതെ ഒര് പോക്ക് പോയി. ഞാൻ ആ ചോറൊക്കെ വരിയെടുത്ത് മുറ്റത്ത്‌ കുരച്ചുകൊണ്ടിരുന്ന ജിമ്മിയുടെ പാത്രത്തിലേക്ക് കൊണ്ടിട്ടു. അത്രേം ചോറ് ഒരുമിച്ച് കണ്ടതും കുരനിർത്തിയ ജിമ്മി എന്നെയൊന്ന് നോക്കി. ദേഷ്യത്തിൽ ഞാൻ ജിമ്മിയോടും പറഞ്ഞു.

“വേണേ തിന്നാ മതി, ദിവസോം ഇങ്ങനെ കിട്ടില്ല. “
എന്നും പറഞ്ഞ് വീട്ടിലേക്ക് കേറി ഞാൻ വാതിലടച്ചു. ഏറെ നേരം മേശമേൽ തല വെച്ച് കിടന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല. കഴിക്കാതെ ഇരിക്കുന്നത് കൊണ്ട് നല്ല വിശപ്പുമുണ്ട്. മുറ്റത്ത്‌ ബൈക്കിന്റെ ശബ്ദം കേട്ടതും ഞാൻ ഉണർന്നു. വാതില് തുറന്ന് അകത്തേക്ക് കേറിയ ഏട്ടൻ, എന്റെ മുന്നിലേക്ക് ഒര് പൊതി കൊണ്ട് വെച്ചു. മനസില്ലമനസോടെ എന്നെ ഒന്ന് വിളിച്ചു.

“വിചിത്രേ… ടി…” കേട്ട ഭാവം നടിക്കാതെ ഞാൻ കമിഴ്ന്നു തന്നെ കിടന്നു. കുറച്ച് നേരം ഏട്ടൻ മൗനമായി ഇരുന്നിട്ട് ആ പൊതി അഴിച്ച് ഒരു പാത്രത്തിലേക്ക് ഇട്ടു. ചൂട് ബോറോട്ടയും, ബീഫും... നല്ല വിശപ്പ്‌ ഉള്ളത് കൊണ്ട് എന്റെ നാവിൽ വെള്ളം ഊറി. നോക്കി ഇരിക്കാൻ മനസുവന്നില്ല. പതിയെ എണിറ്റ്പോയി കൈ കഴുകിയെച്ചും, വന്നിരുന്നു ഞാൻ കഴിച്ചു തുടങ്ങി. അത് കണ്ട ഏട്ടൻ എന്നോട് ചോദിച്ചു.

“ഇപ്പോളെങ്കിലും പറയടി… എന്താ ഉണ്ടായെ…? “ വായിൽ തിരുകി കെറ്റിയ പൊറോട്ട പതിയെ ചവച്ചിറക്കികൊണ്ട് ഞാൻ പറഞ്ഞു.

“അതുപിന്നെ…
ഞാൻ റോഡിലൂടെ പോയപ്പോ അവമ്മാരെന്നെ “ചട്ടന്റെ ഭാര്യ പോണു.. ” എന്ന് പറഞ്ഞു. അതെനിക്ക് പിടിച്ചില്ല. എന്നെ പറഞ്ഞ ഞാൻ ക്ഷമിക്കും.! ഏട്ടനെ പറഞ്ഞപ്പോ എനിക്ക് കൊണ്ടു. ഏട്ടന് ചെറിയ ചട്ടുണ്ടേൽ അത് ഞാൻ സഹിച്ചാൽ പോരേ…? അവന്മാർക്കെന്നാന്നെ…? ഞാൻ കണക്കിന് മുഖത്തടിച്ചപോലെ കുറേ പറഞ്ഞു അവനോടൊക്കെ…” അത് കേട്ടതും ഏട്ടൻ ആ കസേരയിൽ ഇരുന്ന് ചിരിയോട് ചിരി... ഞാൻ ഏട്ടനോട് ചോദിച്ചു..

“അത് പോട്ടെ… ഏട്ടനോട് അവമ്മാരെന്താ പറഞ്ഞെ…? അത് പറ… “

“എന്റെ ഭാര്യക്ക് നാക്കിന് ഒരൽപ്പം നീളം കൂടുതലാണെന്ന്… ” ഏട്ടൻ അത് പറഞ്ഞ് വീണ്ടും ചിരിച്ചു. ഞാൻ ഏട്ടനോട് പറഞ്ഞു.

“കുറച്ച് നാക്കൊക്കെ വേണം ഏട്ടാ… ഇല്ലേൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ പാടാ… അവമ്മാര് ഇനി അങ്ങനെ വിളിക്കില്ല ഏട്ടനെ… അതും എന്റെ മുന്നിൽ വെച്ച്. “ ബോറോട്ടയും ബീഫും കഴിച്ചിട്ട് ഞാനാ പാത്രം എടുത്തോണ്ട് അടുക്കളയിലേക്ക് പോയി.

( ആരും ഒരിക്കലും പൂർണ്ണരല്ല… ഓരോരുത്തർക്കും ഓരോരോ വൈകല്യങ്ങളും, വീഴ്ചകളും ഉണ്ടാകാം. അതിനെ മുതലെടുപ്പ് നടത്താതിരിക്കുക. ഇതുപോലെ ഒര് നാവ് നമുക്കെതിരെയും ഒരുനാൾ ഉയരും. ഓർമ ഇരിക്കട്ടെ…! )

# മുരളി.ആർ.

Murali R

നന്ദിത

“എന്താ നന്ദിതേ ഒന്നും മിണ്ടാതെ നിൽക്കണേ…? നീ പോയി കണ്ടോ..? “
ഏട്ടൻ എന്റെ മുഖത്ത്‌ നോക്കി ചോദിച്ചു. സങ്കടം ഉള്ളിലൊതുക്കികൊണ്ട് ഞാൻ ഒന്നും പറയാൻ പോയില്ല. മുറിയ്ക്കകത്തെക്ക് കേറി കട്ടിലിൽ ചെന്ന് ഇരുന്നു. എന്റെ ആ മൗനം കണ്ടതും ഏട്ടനും എന്റെ ഒപ്പം വന്നിരുന്നിട്ട് ചോദിച്ചു.

“എന്താടി…എന്താ നീയൊന്നും മിണ്ടാത്തെ…?” ഏട്ടൻ എന്റെ കൈകളിൽ പിടിച്ചപ്പോ ഞാൻ അറിയാതെ ഏട്ടനെ ഒന്ന് നോക്കിപോയി. ഏട്ടന്റെ ആ നോട്ടം എന്റെ മനസിലെ വിഷമത്തെ ആഴത്തിൽ തൊട്ടുണർത്തി. എന്റെ കണ്ണുകളിൽ നിന്നും എന്നെ അറിയാതെ തന്നെ ചൂട് കണ്ണീർ കവിളിലൂടെ ഏട്ടന്റെ കൈലേക്ക് പതിച്ചു.

“എന്താടി…എന്തിനാ നീ ഇപ്പോ കരയണേ..? കാര്യം പറ..! ” ഞാൻ ഒന്നും മിണ്ടാതെ ഏട്ടന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു.

പതറിയ സ്വരത്തിൽ ഞാൻ പറഞ്ഞു.

“ഈശ്വരനെന്താ ഏട്ടാ നമുക്ക് മാത്രം കുട്ടികളെ തരാതെ…? “

“അത് പിന്നെ…”
എന്റെ ആ ചോദ്യത്തിന് ഏട്ടൻ ഒരു നിമിഷം മൗനം പാലിച്ചു. ഏട്ടനെന്നോട് വീണ്ടും ചോദിച്ചു.

“നീ അവിടെ പോയിട്ട് എന്തായി..?
ആരേലും വെല്ലോം പറഞ്ഞോ..? “

ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

“ഇല്ല…
അവരെന്നെ ആ കുഞ്ഞിനെ ഒര് നോക്ക് പോലും കാണിച്ചില്ല.. ഞാനല്ലേ ഏട്ടാ അശ്വതിടെ കൂടെ ചെക്കപ്പിനൊക്കെ പോയേ…
എന്നിട്ടിപ്പോ എനിക്ക് ആ കുഞ്ഞിന്റെ മുഖമോന്ന് കാണാൻ പോലും യോഗ്യത ഇല്ലേ…? “ എന്റെ മനസ്സ് ആകെ തകർന്നു പോയ നിമിഷം. ഉള്ളിലെ വിഷമം കണ്ണീരായി പുറത്തേക്ക് വന്നു. ഏട്ടൻ വീണ്ടും ചോദിച്ചു.

“ആരാ പറഞ്ഞത് നിനക്ക് യോഗ്യത ഇല്ലന്ന്…? “

“ആരും പറഞ്ഞില്ല…”

“പിന്നെ എന്താടി അവിടെ ഉണ്ടായേ…? “

“എന്നെ കണ്ടതും അശ്വതിടെ അമ്മ എനിക്ക് കുട്ടിയെ തരാതെ മുറിയിലേക്ക് എടുത്തോണ്ട് പോയി…” അത് കേട്ടതും, കുറച്ച് നേരം ഏട്ടൻ ഒന്നും മിണ്ടാതെ ഇരുന്നു. എന്റെ കണ്ണീരിനാൽ ഏട്ടന്റെ ഷർട്ടാകെ നനഞ്ഞു. എന്റെ തലയിൽ തടവിക്കൊണ്ട് ഏട്ടൻ പറഞ്ഞു.

“എടി പെണ്ണേ…
നമുക്കെന്തിനാ കുഞ്ഞ്…?
ഈ വീട്ടിലെ കുഞ്ഞ് നീയല്ലേ…?” ഏട്ടൻ അങ്ങനെ പറയുമ്പോഴും... ആ സ്വരം ഇടറുന്നതായി എനിക്ക് മനസിലായി. ഏട്ടന്റെ കുഞ്ഞായി ആ ചൂട് പറ്റി ഞാൻ ഇരുന്നു. അപ്പോഴതാ പുറത്ത് നിന്നും ഒര് വിളി കേട്ടു.

“നന്ദിതേച്ചി…” ഏട്ടൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിയുടെ വാതില് പോയി തുറന്നതും...ആ കാഴ്ച കണ്ട് അതിശയഭാവത്തോടെ ഏട്ടൻ എന്നെയും വിളിച്ചു.

“നന്ദിതേ…” ഞാനും കൂടെ പോയി നോക്കിയതും...കൈകുഞ്ഞുമേന്തി അശ്വതി ഞങ്ങൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു. ഉടനെ അവൾ എന്നോട് ചോദിച്ചു.

“അതെന്താ നന്ദിതേച്ചി കുഞ്ഞിനെ കാണാൻ വന്നിട്ട് കാണാതെ പോയത്…? എന്റെ അമ്മ വെല്ലോം ചേച്ചിയെ പറഞ്ഞോ..? “

“ഇല്ല മോളേ…
പെട്ടെന്ന് ഒര് തല വേദന പോലെ തോന്നി…അതാ ഞാനിങ് പൊന്നേ…”
ആ മറുപടി കൊടുത്തതും ഏട്ടൻ എന്നെ ഒന്ന് നോക്കി. അശ്വതി കൈക്കുഞ്ഞിനെ എനിക്ക് തരാനായി നീട്ടി…ഏട്ടൻ എന്നെ നോക്കി പറഞ്ഞു.

“നോക്കിനിൽകാതെ കുഞ്ഞിനെ വാങ്ങടി…”
ഏട്ടൻ അങ്ങനെ പറഞ്ഞപ്പോ ഞാനൊന്ന് പതറി… എന്റെ വിറയ്ക്കുന്ന കൈകളിലേക്ക് അശ്വതി ആ കുഞ്ഞിനെ തരുമ്പോ… ആ കുഞ്ഞൊന്ന് ചെറുതായി ചിണുങ്ങി കരഞ്ഞു… ആ കരച്ചിലിൽ “അമ്മേ…” എന്നോര് ശബ്ദം മാത്രം എന്റെ കാതുകളിലേക്ക് വന്ന് പതിച്ചു. ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ നനയുന്നുണ്ടായിരുന്നു. ഏട്ടൻ എന്നെ ചിരിച്ചുകൊണ്ട് ഒന്ന് നോക്കി… ഞാൻ പതിയെ കുഞ്ഞിന്റെ ആ ചുവന്ന് തുടുത്ത കവിളിലേക്ക് ഒരു ചുംബനം കൊടുത്തു. ആ നിമിഷം ഞാൻ എന്നെയറിയാതെ തന്നെ അമ്മയായി…
നൊന്ത് പ്രസവിക്കാത്ത അമ്മ…!
അമ്മയെന്ന ഭാവത്തെ ഞാനെന്റെ ഉള്ളുകൊണ്ട് തൊട്ടറിഞ്ഞു…

# മുരളി.ആർ.

Murali R

ആയിരം

“എത്രായടി..? “
കുറച്ച് ഗൗരവഭാവത്തോടെ ആണേലും ഞാൻ അവളോട്‌ ചോദിച്ചു.

“ഞാൻ ആദ്യേ പറഞ്ഞതല്ലേ സാറെ, ആയിരം തന്നെ വേണം..!
എന്തെ…കാര്യം കഴിഞ്ഞപ്പോ സാറ് മറന്നോ..? “

“മറന്നതൊന്നുമല്ല..,നീ ഒന്ന് പെറ്റതല്ലേ…? അതുകൊണ്ട് ചോദിച്ചതാ…”
അവജ്ഞയോടെയുള്ള എന്റെ മറുപടി കേട്ടതും അവളൊന്ന് ചൂടായി പറഞ്ഞു.

“സാറെന്തിനാ അതറിയുന്നേ…?
സാറിന്റെ കാര്യം കഴിഞ്ഞില്ലേ…?
കാശ് തന്നിട്ട് സ്ഥലം വിട്…” എന്റെ കൈയിൽ ഉണ്ടായിരുന്ന കാശ് പിടിച്ചു വാങ്ങിട്ട് അവളാ മുറിയിൽ നിന്നും പുറത്തിറങ്ങി. കൂടുതലൊന്നും സംസാരിച്ചു സമയം കളയാതെ ഞാനും ഇറങ്ങി. മുറി പൂട്ടി താക്കോലുമായി ഞങ്ങൾ റിസെപ്ഷനിലേക്ക് ചെന്നു. അവിടെ ഉണ്ടായിരുന്ന പയ്യനെന്നെ നോക്കിട്ട് ചെറുതായൊന്ന് ചിരിച്ചു. താക്കോല് ഞാൻ ഏൽപ്പിച്ചപ്പോൾ നൂറ് രൂപ തിരികെ തന്നു. അതുവാങ്ങി എന്റെ കാലി പേഴ്സിലേക്ക് വെച്ചു. ആകെ ഇനി ഇത് മാത്രേ ഉള്ളു ബാക്കി. ഞാൻ പുറക് തിരിഞ്ഞ് നോക്കിയതും അവള് അവിടെന്ന് പോയി. ബൈക്ക് സ്റ്റാട്ടാക്കി ഞാൻ അവിടെ നിന്നും ഇറങ്ങി. രാത്രി ആയത്കൊണ്ട് ടൗണിലെങ്ങും അധികം തിരക്ക് അനുഭപ്പെട്ടില്ല. എന്റെ ഫോണിലേക്ക് നന്ദിത മൂന്ന് തവണ വിളിച്ചിരുന്നു. ഞാൻ വീട്ടിലേക്ക് വരാൻ വൈകിയത് കൊണ്ടാവണം അവളിങ്ങനെ തെരുതെരെ എന്നെ വിളിക്കുന്നത്. നല്ല വിശപ്പ്‌ ഉള്ളതുകൊണ്ട് വേഗത്തിൽ വണ്ടി ഓടിച്ച് ഞാൻ വീട്ടിലെത്തി. തലയിലെ ഹെൽമറ്റ് ഉരുംമുമ്പേ അശ്വതി മോള് എനിക്ക് അരികിലേക്ക് ഓടിയെത്തി.

“അച്ഛാ…! “

“അശ്വതികുട്ടി…എന്റെ പൊന്ന് കഴിച്ചോ…? “
മോളേ ഒക്കതേടുത്ത്‌ വെച്ച് ഞാൻ ചോദിച്ചു.

“കഴിച്ചു…!” ആ പിഞ്ചു മൊഴികേട്ടപ്പോ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് വീട്ടിലേക്ക് ഞാൻ കേറിചെന്നു. പതിവ് സീരിയല് പോലും കാണാതെ ടിവി ഓഫാക്കി നന്ദിത വലിയ ആലോചനയിൽ മുഴുകിയിരിക്കുന്നു. അവളുടെ അടുത്തുചെന്ന് ഞാൻ കാര്യം തിരക്കി.

“എന്താടി…എന്താ ഇത്ര ആലോചന..? “

“ഏട്ടാ…നാളെ മോൾക്ക് ഫീസ് കൊടുക്കണം. പ്ലേ സ്കൂളിന്ന് ടീച്ചർ വിളിച്ചിരുന്നു..മാത്രല്ല, ചിട്ടി പൈസ കൊടുക്കേണ്ടതും നാളെയാ..” സങ്കടത്തോടെ അവളത് പറഞ്ഞപ്പോ ഞാനുമൊന്ന് മൗനം പാലിച്ചു. എന്നിട്ട് നന്ദിതയോട് ചോദിച്ചു.

“നീയെന്ത ഇത് നേരത്തെ പറയാഞ്ഞേ…? “

“ഞാൻ ഒരുപാട് വിളിച്ചതാ ഏട്ടനെ…ഏട്ടനാ ഫോൺ എടുക്കാതെ… “

“അത് ഞാൻ… കുറച്ച് തിരക്കായിപ്പോയി…”
പതറിയ സ്വരത്തിൽ തലതാഴ്ത്തികൊണ്ട് ഞാൻ മറുപടി പറഞ്ഞു.

നന്ദിതയോട് ഞാൻ എങ്ങനെ സത്യം പറയും..? മറ്റൊര് മേച്ചിൽ പുറം തേടിയ എനിക്ക് സത്യം പറയാൻ യോഗ്യത ഉണ്ടോ..? എന്റെ ഇഷ്ടങ്ങൾക്ക് പുറകെ ഞാൻ പോകുമ്പോ, എന്നെ പ്രതീക്ഷിക്കുന്ന ഒര് കുടുംബമുണ്ടെന്ന ചിന്ത ലേശമെങ്കിലും എന്റെ ഉള്ളിൽ ഉണ്ടായിരുന്നോ..?
കുടുംബ ജീവിതം പരസ്പരം ഒര് വിശ്വാസമാണ്…! അതാണ്‌ ഞാൻ ഇന്ന് തകർത്തെറിഞ്ഞത്. ഇനി എങ്കിലും ഞാനത് തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതാണ്. എനിക്ക് ഒര് കുടുംബമുണ്ട്…!

# മുരളി.ആർ.

Murali R

ഞായർ

“മനസിലാക്കാൻ പറ്റാത്ത ഒന്നേയുള്ളു…
അത് പെണ്ണാ…! “
അവളെന്നെയൊന്ന് ദേഷ്യത്തിൽ നോക്കി.

“എന്നെ നീ തുറിച്ച് നോക്കണ്ട…ഞാനൊള്ളതാ പറഞ്ഞത്. “ അവള് ദേഷ്യത്തിൽ എന്നോട് പറഞ്ഞു.

“ദേ ഏട്ടാ…
എന്നെ പറയുമ്പോ എന്നെ മാത്രം പറഞ്ഞ മതി. പെണ്ണുങ്ങളെ മൊത്തത്തിൽ പറയേണ്ടാവശ്യം ഏട്ടനില്ല.. “

” പറഞ്ഞ നീ എന്ത് ചെയ്യുടി…? “

“ഇനി പറ.. ഞാൻ കാണിച്ചു തരാം..!” അവള് ദേഷ്യത്തിൽ കൈ ചുരുട്ടി കട്ടിലിൽ നിന്നും എഴുന്നേറ്റു. ഞാൻ കൂടുതൽ ഒന്നും മിണ്ടാൻ ഒരുങ്ങിയില്ല. ഞങ്ങള് രണ്ടാളും കട്ടിലിന്റെ രണ്ട് മൂലയ്ക്കായി മാറി ഇരുന്നു. കുറച്ച് നേരം കഴിഞ്ഞതും ഞാൻ വീണ്ടും തുടങ്ങി.

“രാവിലെ മുതലേ തുടങ്ങിയ വഴക്കാ…ഇവളോട് ഒന്ന് നേരത്തെ എണീക്കാൻ പറഞ്ഞതാ എന്റെ കുഴപ്പം..അവൾക്ക് ഉറങ്ങണം അത്രേ…എനിക്ക് ഡ്യൂട്ടിയ്ക്ക് പോകേണ്ടതാണെന്ന് അറിയാല്ലോ..? അല്ലാത്ത നേരം നിനക്ക് പകല് ഉറങ്ങാല്ലോ..? “ അവള് പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.

” ഇന്ന് ഞായറാഴ്ചയാ…! ഇന്നെങ്കിലും എനിക്ക് ഒരു റസ്റ്റ് ഉണ്ടോ…?
എല്ലാ ദിവസവും മേശമേൽ വിളമ്പി വെയ്ക്കുന്നത് ഞാൻ പകല് കിടന്ന് ഉറങ്ങിട്ടല്ല. ഈ വീട്ടിൽ നൂറ്കൂട്ടം പണിയുണ്ടെനിക്ക്. അമ്മയ്ക്ക് വയ്യാത്തതാ..അതുകൊണ്ട് ഞാൻ ഒറ്റക്ക് വേണം എല്ലാം ചെയ്യാൻ. നിങ്ങള് ഇതുവരെ ഒരുനോക്ക് അടുക്കളയിൽ കേറി നോക്കിട്ടുണ്ടോ…? പോട്ടേ…എനിക്ക് വെല്ലോം ബുദ്ധിമുട്ട് ഉണ്ടൊന്നെങ്കിലും ചോദിച്ചിട്ടുണ്ടോ..? “

“അത് പിന്നെ ഞാൻ ജോലി തിരക്കല്ലേ…ശമ്പളം തരുന്നുണ്ടല്ലോ കൃത്യായിട്ട്. നിനക്ക് ആവിശ്യമുള്ളതൊക്കെ നീ വാങ്ങിച്ചോണം, കൂടെ വീട്ടിലേക്കുള്ളതും. അത്രോക്കെ എനിക്ക് പറ്റൂ…ഞാൻ നല്ലരീതിയിൽ തന്നെയാ കുടുംബം നോക്കുന്നത്. “ ഞാനത് പറഞ്ഞു തീർന്നതും പെട്ടന്നായിരുന്നു അമ്മയുടെ വരവ്.

“നന്ദിതേ…!
ഞാനതവിടെ വാങ്ങിച്ചു വെച്ചിട്ടുണ്ട്‌. നിനക്ക് എന്തെങ്കിലും വേണേൽ ഇനി എന്നോട് പറഞ്ഞാൽ മതി ഇവനോട് ഒന്നും പറയാൻ നിൽക്കണ്ട. ശരി, നീ ചെല്ല്..! “ അവള് പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു മുറിയ്ക്ക് പുറത്തിറങ്ങി. അമ്മയെന്നെ നോക്കിട്ട് പറഞ്ഞു.

“എടാ…
ഞാൻ ഇവിടെ ജീവനോടെ തന്നെയുണ്ട്. എന്തെങ്കിലും വേണേൽ എന്നോട് പറഞ്ഞാമതി. അവക്കിപ്പോ വയ്യാ…നിന്റെ അച്ഛൻ ഇങ്ങനെ ഒന്നും അല്ലായിരുന്നില്ല ട്ടോ…എനിക്ക് വയ്യെങ്കിൽ അങ്ങേര് അതറിഞ്ഞു ചെയ്യും…! നീ എന്തൊരുത്തനാടാ…? ” അമ്മയെന്നോട് പറഞ്ഞിട്ടങ് പോയി. എനിക്ക് ഉത്തരം മുട്ടിപോയ നിമിഷമായിരുന്നു അത്. അമ്മ അവൾക്ക് അമ്മായിയമ്മ ആയിരുന്നില്ല, അമ്മയായിരുന്നു..!

എന്നാൽ ഞാനോ…? എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു.
ഒര് പെണ്ണിനെ യഥാർത്ഥത്തിൽ മനസിലാക്കാൻ ആണിനേക്കാൾ കൂടുതൽ പെണ്ണിനെ കഴിയൂ എന്ന സത്യം ഞാൻ വൈകിയാണ് മനസിലാക്കിയത്, അതും അമ്മയിലൂടെ…!

# മുരളി.ആർ.

Murali R

ഭദ്ര

“എന്താ ഭദ്രേ വൈകിയേ…?
എത്ര നേരാ ഞാനി ഇരിപ്പ് ഇരിക്കണേ…വീട്ടിൽ ആരൂല്ല, വേഗം വാ…”
മുഖത്ത് നിറഞ്ഞ ചിരിയോടെ ഭദ്രയെ ഞാൻ അകത്തേക്ക് വിളിച്ചു. അവൾ ചുറ്റുമൊന്നു നോക്കിട്ട് വാതിൽ പടിയിൽ ചവിട്ടി അകത്തേക്ക് കേറി നിന്നു. ആരേലും കാണുമോന്ന പേടി ഞങ്ങൾക്ക് രണ്ടാൾക്കും നല്ലോണമുണ്ട്. ഞാനുമൊന്ന് ചുറ്റും കണ്ണോടിചോന്ന് നോക്കി, ആരുമില്ല…
ആരേലും കണ്ട വലിയ പ്രശ്നാകും. മുറപ്പെണ്ണിനെ വേളി കഴിക്കുംമുന്നേ ആരോരുമില്ലാത്ത നേരം നോക്കി ഇല്ലത്തു കയറ്റിയാൽ ആൾക്കാർ ഓരോന്നു പറയും. ഇവളെന്താ നിന്നു പരിങ്ങണെ..?
ഞാൻ അവളെ പതിയെ വിളിച്ചു.

“ഭദ്രേ…
നീ എന്താ നോക്കണേ…?
ആരൂല്ല വേഗം വാ…” അവള് പാവാട പൊക്കി പിടിച്ചോണ്ട് നടന്നു. പതിയെ വരാന്തയിലൂടെയുള്ള അവളുടെ നടത്തം കാണുമ്പോ നല്ല ചേലാണ്. അപ്പോഴത ഞാൻ വാങ്ങി കൊടുത്ത വെള്ളിപാദസരം ആ കാലിൽ കിടന്ന് കിലുങ്ങുന്നു. ആ ശബ്ദം പുറത്തേക്ക് വരാത്ത പരുവത്തിനു അവൾ തീർത്തും പതിയെ നടന്നു.

കുളിച്ചിട്ട് വിരിച്ചിട്ട നനവാർന്ന മുടിയും, നെറ്റിയിലെ ആ വലിയ കുങ്കുമ പൊട്ടും, ആ നടൻ ദാവണിയും എന്നെ വല്ലാതെ അവളിൽ പ്രണയം ജനിപ്പിച്ചു.
ഇപ്പോ എന്റെ ഭദ്രയെ കണ്ടാൽ, സാക്ഷാൽ ശ്രീഭദ്രയാണെന്നേ തോന്നു…!!
എന്റെ മുന്നിലേക്ക്‌ അവൾ വന്നു നിന്നതും, ആരോ പുറത്തു നിന്നും വരുന്ന ശബ്ദം ഞാൻ കേട്ടു. അത് ആരാണെന്ന് ഞാൻ നോക്കാൻ എഴുന്നേറ്റതും ഭദ്ര അവിടുന്ന് വേഗം ഓടി.

“ഭദ്രേ.. നീ നിക്ക്… ആരൂല്ല…!” അവളോട്‌ എത്ര പറഞ്ഞിട്ടും അവള് കേട്ടമട്ടില്ല. ഓടിച്ചെന്ന് വരാന്തയിലെ തൂണിൽ ചാരി എന്നെ ഒറ്റക്കണ്ണിട്ടൊന്ന് നോക്കി. ആ നോട്ടം മതി അവളിലെ പ്രണയത്തെ ആഴത്തിൽ മനസിലാക്കാൻ. ഞാനവളെ വീണ്ടും വിളിച്ചു.

“ഭദ്രേ…
വാ വേഗം…” അവള് വരാതെ ആ തൂണിന് പിറകിൽ ഒളിച്ചിരുന്നു. ഞാൻ ശബ്ദം ഉയർത്തി വിളിച്ചു...

“ഭദ്രേ…!! “ ആരോ എന്റെ തോളിൽ കൈവെച്ചു വിളിച്ചു.

“മോനെ…!
എന്താ പറ്റിയെ…? ആരെയ നീ വിളിയ്ക്കണേ…? “

” അമ്മേ…!!
ഭദ്രയെ…!! “ അമ്മ എന്റെ തലയിൽ തടവികൊണ്ട് പറഞ്ഞു.

“ഭദ്ര വരില്ലടാ മോനെ…”

“അല്ല..!!
അവളിപ്പോ വന്നല്ലോ..?
ഞാൻ കണ്ടതാ…!
എന്റെ ഭദ്രയെ..,
അമ്മ വന്നപ്പോ അവളോടി. “

“ന്റെ കുട്ടിക്ക് തോന്നിയതാ,
ഭദ്ര ഇനി വരില്ല…!
ഒരിക്കലും വരില്ല…!! “

” അല്ലമ്മേ..!
ഭദ്ര വന്നൂന്നെ..!!
ഞാൻ കണ്ടതാ..!!! “ ഞാൻ അമ്മയോട് തർക്കിച്ചു കൊണ്ട് പറഞ്ഞു.

“ന്റെ നാരായണാ…!
ന്റെ കുട്ടിക്ക് ഈ ഗതി വന്നൂല്ലോ…!!
ഇത്ര പെട്ടെന്ന് നീയെന്തിനാ അവളെ വിളിച്ചേ… “

“അമ്മയെന്താ ഈ പറയണേ…? “ ഞാൻ അമ്മയോട് ദേഷ്യപെടുമ്പോഴും അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഒന്നും മനസിലാകാതെ ഞാൻ ചോദിച്ചു.

” അമ്മേ…!
അമ്മയെന്തിനാ കരയണേ…? എനിക്കെന്താ പറ്റിയെ…? “

“ഒന്നുല്ല…!
ന്റെ കുട്ടിക്ക് ഒന്നുല്ല…!
ന്റെമോൻ കിടന്നോ..” അമ്മയെന്നെ തറയിൽ കിടത്തി. അമ്മയുടെ മടിയിൽ തലവെച്ചു ഞാൻ കിടന്നു. കണ്ണടക്കാൻ ആവുന്നില്ല, ഉറക്കം ഒട്ട് വരുന്നുമില്ല.

എന്റെ ചെവികളിൽ ഭദ്രയുടെ പാദസരത്തിന്റെ കിലുക്കം കേൾക്കാം.
അവളാ തൂണിന് പിറകിൽ തന്നെയുണ്ട്…
അവള് അമ്മയറിയാതെ ഒളിച്ചിരിക്കുവാ…
അമ്മ പോയിക്കഴിയുമ്പോ ഭദ്രയെ ഒന്നുടെ വിളിക്കണം.
കുറെ നേരതേക്ക് ഞാൻ ഉറക്കം നടിച്ചു കിടന്നു. കിടക്കുമ്പോഴും എന്റെ കാലിലെ ഈ നീണ്ട ചങ്ങല മുറുകുന്നുണ്ട്. അതെനിക്കൊരു ബുദ്ധിമുട്ടായി തോന്നുന്നു. അവള് വരുമ്പോ കൂടെ പോണം…ഞങ്ങളുടെതായ ലോകത്തേയ്ക്ക്…
ഇതെന്റെ കാലിലിങ്ങനെ കിടന്നാൽ ഞാനെങ്ങനെ പോകും…?

# മുരളി.ആർ.

Murali R

എഴുത്തുകാരി

“ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല…!
ഇങ്ങനെയൊക്കെ എനിക്ക് എഴുതാൻ ഒക്കു… സൗകര്യമുണ്ടെങ്കിൽ വായിച്ചാ മതി.”

എഴുതി പകുതിയാക്കിയതും തർക്കിച്ചു കൊണ്ട് ആ പേപ്പറു ചുരുട്ടി അവന്റെ മോന്തക്ക് ഒര് ഏറ് വെച്ച് കൊടുത്തു.
അവനെന്നെ അമ്പരപ്പോടെ നോക്കികൊണ്ട് ഇരുന്നു.

“എടി പാർവ്വതി…!!”

“ഒന്ന് പോടാ..
ധൈര്യമുണ്ടെങ്കിലെ പ്രേമിക്കാവു… ഈ കത്തെഴുത്തൊക്കെ പഴഞ്ചൻ ഏർപ്പാടാ…”

“എടി അങ്ങനെ പറയല്ലേ..! “

“നിനക്ക് അവളെ ഇഷ്ടാണേൽ നേരിട്ട് പോയി പറയടാ…
അല്ലാതെ എന്നെകൊണ്ട് കത്തെഴുതിക്കാൻ നോക്കണ്ട…!
എനിക്ക് അതൊന്നും പറ്റില്ല. “

ദേഷ്യത്തോടെ ഞാൻ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റു. അവനെന്റെ കൈയിൽ കയറി പിടിച്ചിട്ട് പറഞ്ഞു.

“പോവല്ലെടി…
നീയല്ലേടി എന്റെ ചങ്കത്തി..!
പ്ലീസ്… “ അവന്റെ ആ വളിച്ച ചിരി അപ്പോളാ ആ മുഖത്ത് തെളിഞ്ഞു വന്നത്. വീണ്ടും ഒരു പേപ്പർ എടുത്ത് ആ കത്ത് എഴുതി പൂർത്തിയാക്കി. അവനെന്നെ സന്തോഷത്തോടെ ഒന്ന് നോക്കി. ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചിട്ട് കത്തും വാങ്ങി ക്ലാസ്സ്‌ മുറിയിൽ നിന്നും അവനിറങ്ങിയോടി. അവന് പുറകെ ഞാനും ആ രംഗം കാണാൻ ചെന്നു. ദൂരെ നിന്നാണെങ്കിലും എനിക്ക് ആ കാഴ്ച കാണാൻ പറ്റി. അവളാ കത്തുവായിച്ചിട് അവന്റെ മുഖത്തേക്കെറിഞ്ഞത്...! ആ കത്തും എടുത്തോണ്ട് ഒരക്ഷരം പോലും മറുത്ത് പറയാതെ ആശാനെന്റെ അടുത്തേക്ക് വന്നു. ഈ ലോകത്തെങ്ങും ഇല്ലാത്ത പ്രണയ നൈരാശ്യം അവന്റെ മുഖത്തുനിന്നും ഞാൻ വായിച്ചെടുത്തു. അവനെ അടുത്തിരുത്തികൊണ്ട് ഞാൻ പറഞ്ഞു.

“പോട്ടെടാ…
അല്ലേലും മുറ്റത്തെ മുല്ലക്ക് മണമുണ്ടാവില്ല… “

“അതിനെന്താടി അർഥം..? “

” അതൊരു പഴഞ്ചോല്ലാടാ…
അതൊന്നും ഇപ്പോ പറഞ്ഞ മനസിലാവില്ല… “ ഒന്നും പറയാതെ എന്റെ മുന്നിൽ അവൻ ഇരിക്കുമ്പോഴും ചെറുതായൊന്ന് മനസ്സിൽ ചിരിക്കുന്നുണ്ട് ഞാൻ. അവനുള്ള ധൈര്യം പോലും എനിക്ക് ഇല്ലാതെ പോയല്ലോ എന്നോർത്ത് സങ്കടവുമുണ്ട്. ഒന്നും പറയാനാകുന്നില്ല അവനോട്.

ഒരുപക്ഷേ,
ചങ്കത്തിയായി കണ്ട എന്നെ കാമുകിയായി അവൻ എങ്ങനെ കാണും..?
സൗഹൃദത്തിൽ പ്രേമം കലർത്തിയാൽ ആ സൗഹൃദത്തിന് അർഥമില്ലാതെ പോകുമോ എന്നൊരു തോന്നൽ. ഇന്നല്ലേൽ നാളെ ഈ എന്നെ മനസിലാക്കുമെന്ന വിശ്വാസത്തോടെ അവന്റെ ചങ്കത്തിയായി ഞാനെന്നും കൂടെ കാണും.

# മുരളി.ആർ.

Murali R

ജാതിക്ക

“ഡോക്ടറെ…
അച്ഛനെ എപ്പോ ഡിസ്ചാർജ്
ആക്കും..? “ ആ മകന്റെ ചോദ്യം വിശമം കലർന്നതായിരുന്നു. ഒരാഴ്ച്ചത്തെ ആശുപത്രിവാസവും, അലച്ചിലും അതിലടങ്ങിയതായി എനിക്ക് തോന്നി. ചിരിച്ചുകൊണ്ട് ഞാൻ കഞ്ഞികുടിച്ചുകൊണ്ടിരുന്ന അച്ഛനെയൊന്ന് നോക്കി പറഞ്ഞു.

“വേദന കുറഞ്ഞെങ്കിൽ, അച്ഛനെ ഇന്നുതന്നെ ഡിസ്ചാർജ് ആക്കാം.” എന്റെ മറുപടികേട്ടതും അവരുടെ മുഖത്ത്‌ എന്തോ വലിയ സന്തോഷം ഞാൻ വായിച്ചെടുത്തു. വീണ്ടും ആ മകൻ ആവർത്തിച്ചു ചോദിച്ചു.

“ഇനിയെപ്പൊള ഡോക്ടറേ അച്ഛനെ കൊണ്ട് വരേണ്ടത്..? “

“അടുത്ത ആഴ്ച..!,
അന്ന്‌ അച്ഛന്റെ സ്റ്റിച്ച് എടുക്കാൻ കൊണ്ട് വരണം. “ മറുപടി കൊടുത്തുകൊണ്ട് ഞാനാ അച്ഛന്റെ കഞ്ഞി പാത്രത്തിലേക്കൊന്ന് നോക്കി. കഞ്ഞിയ്ക്കരികിൽ ഒര് അച്ചാറ് ഇരിക്കുന്നു. ഞാൻ ആ മകനോട് ചോദിച്ചു.

“ഇത് എന്ത്‌ അച്ചാറാണ്…? “

“ജാതിയ്ക്ക അച്ചാറാണ് ഡോക്ടർ..!
വീട്ടിൽ ഉണ്ടാക്കിയതാ… “ ഒരു ചിരി അവർക്ക് മറുപടിയായി കൊടുത്തുകൊണ്ട് ഞാൻ അടുത്ത ബെഡിലെ രോഗിയെ നോക്കാൻ തിരിഞ്ഞു. അപ്പോഴാണ് എന്റെ ചെവിയിൽ ആ അച്ഛൻ മകനോട് ചോദിച്ചത് കേട്ടത്.

“മുരളിയെ…
ഈ ഡോക്ടറെതാ ജാതി..? “

“അച്ഛനോന്ന് മിണ്ടാതെ ഇരിക്ക്, ഡോക്ടർ കേക്കും..! “ ഞാൻ പുറക് തിരിഞ്ഞൊന്ന് നോക്കി. എന്നിട്ട്, ആ അച്ഛന് മറുപടി കൊടുത്തു.

” മനുഷ്യ ജാതിയാ അച്ഛാ..! “ ചിരിച്ചു കൊണ്ടുള്ള എന്റെ മറുപടി കേട്ടതും ആ മകൻ എന്റെ അടുത്തുവന്നു പറഞ്ഞു.

“ക്ഷമിക്കണം ഡോക്ടർ, അച്ഛൻ അങ്ങനെയാ…”

“അത് സാരമില്ല..!
ഈ ജാതിയ്ക്ക അച്ചാറ് അധികം അച്ഛന് കൊടുക്കണ്ട, കുട്ടികൾക്ക് ഒട്ടും കൊടുക്കണ്ട. “ ആ മകനെന്നെ ഒന്ന് നോക്കി. വീണ്ടും ഒരു ചിരി കൊടുത്തു കൊണ്ട് ഞാൻ അടുത്ത രോഗിയെ കാണാനായി പോയി.

എന്റെ നിഘണ്ടുവിൽ ആ ജാതിയ്ക്ക അധികം കഴിക്കുന്നത് ശരീരത്തിനുമാത്രമല്ല, മനസിനും നല്ലതല്ലയെന്ന് തോന്നിച്ചു.

# മുരളി.ആർ.

Murali R

പരിപ്പുവട

“എടി അസത്തെ…! “
എന്നും പറഞ്ഞു അമ്മയെന്റെ തോളിൽ ആഞ്ഞൊരടി വെച്ചുതന്നു. അപ്പോളേക്കും ഞാനാ പരിപ്പുവട എടുത്ത് മുറ്റത്തെയ്ക്ക് വലിച്ച് എറിഞ്ഞിരുന്നു. അമ്മ വേഗം പോയി മണൽ തറയിൽ കിടന്നിരുന്ന ആ പരിപ്പുവട കൈകൊണ്ടെടുത്തു. എന്നിട്ട്, എന്നെയൊന്ന് തുറിച്ചുനോക്കി കൊണ്ട് ചോദിച്ചു.

“എന്തിനാടി ഇത് വലിച്ചെറിഞ്ഞത്..?”

“അതിൽ കല്ല് ഉണ്ടായിരുന്നു.. അമ്മേ..!! “

അടിയുടെ വേദന സഹിച്ചുകൊണ്ട് ഞാൻ ഉറക്കെ പറഞ്ഞു. അമ്മയെന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.

” ഇതിൽ ഒര് കല്ലല്ലേ ഉണ്ടായിരുന്നുള്ളു..!
അതിനാണോ നീ ഇത് വലിച്ചെറിഞ്ഞത്.
ആ മനുഷ്യൻ ഇതെന്റെ കൈയിൽ തന്നപ്പോ ഉച്ചക്കത്തെ ചോറ് പോലും ഉണ്ടില്ല, അറിയാവോ നിനക്ക്..?
ഇത് വെറും പരിപ്പുവടയല്ല, നിന്റെ അച്ഛന്റെ വിയർപ്പാ…!! “ എന്നും പറഞ്ഞു അമ്മ ആ പരിപ്പുവടയിലെ മണൽ തരികൾ തൂത്തെടുത്തു. എന്നെ തുറിച്ചു നോക്കികൊണ്ട് അത് സാരിത്തുമ്പിൽ പൊതിഞ്ഞു അടുക്കളയിലേക്ക് പോയി. ഒന്നും മിണ്ടാനാവാതെ ഞാനാ കസേരയിൽ ഇരിക്കുമ്പോ പാലും വാങ്ങി അച്ഛൻ വന്നു. നിറഞ്ഞ കണ്ണീരിനെ ഉള്ളിൽ അടക്കികൊണ്ട് ഞാനൊന്നും മിണ്ടാൻ പോയില്ല. അച്ഛൻ അമ്മയെ നീട്ടി വിളിച്ചു.

“രാധികേ..!!
മോള് പരിപ്പുവട കഴിച്ചോടി..? “

അടുക്കളയിൽ നിന്നും പുറത്തേക്ക് വരാതെ അമ്മ ആ നുണ പറഞ്ഞു.

“അവള് കഴിച്ചു ഏട്ടാ..! “

” എന്നാ നീ ഈ പാലും കൂടി കൊടുക്ക്‌, വളരണ കുട്ടിയല്ലേ..!! “

എന്നും പറഞ്ഞ് അച്ഛൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് തിണ്ണമേൽ പാൽവെച്ചിട്ട് പുറത്തേക്കിറങ്ങി.

അടുക്കളയിലെ അമ്മയുടെ ആ നുണയും, അച്ഛന്റെ മുഖത്തെ ചിരിയും പരിപ്പുവടയിൽ തറച്ച കല്ലുപോലെ എന്റെ മനസിലും മായാതെ കിടക്കുന്നു.

# മുരളി.ആർ.

Murali R