Sunday Sermon Mk. 16, 9-20 | Syro-Malabar

കാറും കോളും നിറഞ്ഞ നടുക്കടലിൽ പെട്ടുപോയ ഒരവസ്ഥയിലാണ് ലോകം ഇന്ന്! എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് മനുഷ്യരെല്ലാം. കോവിഡിന്റെ വേഷം മാറലുകളിൽ ഞെട്ടുകയാണ് നാം. നമ്മുടെയൊക്കെ സാമ്പത്തിക സ്ഥിതി വളരെ പരുങ്ങലിലായിരിക്കുന്നതുകൊണ്ട് ഉള്ളിൽ ഒരു ആന്തലുമുണ്ട്! അറബിക്കടലിലെ ന്യൂനമർദ്ദം മൂലമുണ്ടായ മഴ കണ്ടിട്ട് മെയ് മാസത്തിലും ഇങ്ങനെ മഴയോ എന്ന് അതിശയിച്ചുപോകുന്ന കാലം! വെള്ളപ്പൊക്കം കഷ്ടത്തിലാക്കുന്ന ജീവിതങ്ങളെ ടിവിയിൽ കാണുമ്പോൾ മനസ്സിലെവിടെയോ ഒരു നൊമ്പരം! അതിലും ഭീകരമായിരുന്നു ഇസ്രായേലിലെ യുദ്ധ കാഴ്ച്ച! മുസ്‌ലിം തീവ്രവാദികൾ നടത്തിയ റോക്കറ്റാക്രമണം മനുഷ്യത്വഹീനമായ പ്രവർത്തിതന്നെയാണ്.

നാമെല്ലാവരും ഇത്തരത്തിലുള്ള ചിന്തകളുമായാണ് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. നമുക്ക് ദൈവത്തിന്റെ പക്കലേക്ക് കരങ്ങളുയർത്താം, ഹൃദയഭാരമുള്ള നമ്മുടെ ജീവിതത്തെ അൾത്താരയിൽ സമർപ്പിക്കാം.

ജീവിത സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും ക്രൈസ്തവ ജീവിതങ്ങളെ മനോഹരമാക്കിക്കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ് ഈ ഞായറാഴ്ചയിലെ സുവിശേഷം നമ്മോട് പറയുന്നത്. അങ്ങനെ മാത്രമേ മഹാമാരികളെയും മറ്റും അതിജീവിക്കുവാനുള്ള ദൈവകൃപയിൽ ജീവിക്കുവാൻ കഴിയൂ എന്ന് ഈശോ ഓർമപ്പെടുത്തുകയാണ്. ഇന്നത്തെ സുവിശേഷ സന്ദേശമിതായിരിക്കട്ടെ: ക്രൈസ്തവരെല്ലാം അവരുടെ ജീവിതത്തിൽ, വാക്കിലും, ചിന്തയിലും, പ്രവർത്തിയിലും ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കണം; ദൈവികത, ദൈവിക പുണ്യങ്ങൾ കതിരിട്ടു നിർത്തുന്ന ജീവിതം നയിക്കണം.

വ്യാഖ്യാനം

ക്രിസ്തുവിനു ശിഷ്യന്മാർ ഒരുതരത്തിൽ, വെറും മാനുഷികമായി ചിന്തിച്ചാൽ, എന്നും ഒരു ബാധ്യതയായിരുന്നു. അവിടുത്തെ പഠനങ്ങൾ മനസ്സിലാക്കുവാൻ മാത്രം അറിവുള്ളവരായിരുന്നില്ല അവർ. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളുമായിരുന്നില്ല. അല്പം സ്വാധീനമുള്ള വ്യക്തി എന്ന് പറയാവുന്നത് യൂദാസ് മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് സമൂഹത്തിന്റെ മുൻപിൽ തീവ്രവാദി എന്ന ലേബലായിരുന്നു. ക്രിസ്തുവിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നെങ്കിലും, ഈശോയുടെ അറസ്റ്റ്, വിചാരണ, കുരിശുചുമക്കൽ, മരണം തുടങ്ങിയ critical situations ൽ അവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയി. ഇന്നത്തെ സുവിശേഷത്തിലെ, “ഉയിർപ്പിക്കപ്പെട്ടതിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസരാഹിത്യത്തെയും, ഹൃദയകാഠിന്യത്തേയും ഈശോ കുറ്റപ്പെടുത്തി” (മർക്കോ 16, 14) എന്ന വചനം ഈശോയുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നതാണ്.

എങ്കിലും ഉത്ഥാനാനന്തരം ഈശോ വീണ്ടും വീണ്ടും ശ്രമിക്കുകയാണ് അവരെ ബോധ്യപ്പെടുത്താൻ, താൻ ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന ദൈവമാണെന്ന്! മഗ്ദലേന മറിയത്തിനും, (യോഹ 20, 11-18) എമ്മാവൂസിലേക്കു പോയ ശിഷ്യർക്കും, (ലൂക്ക 24, 13-35) ശിഷ്യന്മാർ ഒരുമിച്ചുകൂടിയിരുന്നപ്പോഴും (യോഹ 21, 19 -23) ഈശോ നടത്തിയ പ്രത്യക്ഷീകരണങ്ങൾ (Apparitions) ഈ ഉദ്യമത്തിന്റെ ഭാഗമായിരുന്നു. പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് ഈശോയ്ക്ക് ഉറപ്പായിരുന്നു, ശിഷ്യന്മാർ സർവസജ്ജരായി ലോകം മുഴുവനും സുവിശേഷം പ്രഘോഷിക്കുമെന്ന്. ഇതാണ് ഇന്നത്തെ സുവിശേഷത്തിന്റെ emotional background. അങ്ങനെയാണ് ഈശോ സ്വർഗാരോഹണത്തിനു മുൻപ് തന്റെ സുവിശേഷദൗത്യദർശനം, മിഷനറി പ്രവർത്തന ദർശനം, എല്ലാറ്റിലുമുപരി, തന്റെ ശിഷ്യർക്കുണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ അവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനത്തിൽ പരമപ്രധാനമായത് സുവിശേഷ പ്രഘോഷണമാണ്. ഈശോ അവർക്ക് കൊടുക്കുന്ന, ലോകാവസാനം വരെയുള്ള ഈശോയുടെ ശിഷ്യർക്കെല്ലാവർക്കും കൊടുക്കുന്ന mandate ഇതാണ്: “നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ.” (മർക്കോ16,15) ഈ സുവിശേഷ പ്രഘോഷണത്തിന്റെ അടിസ്ഥാനമാകട്ടെ, ദൈവരാജ്യം ആയിരുന്നു. ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനത്തിൽ ദൈവരാജ്യ പ്രഘോഷണമായിരുന്നു കാതലായ ഭാഗം. വിശുദ്ധ മാർക്കോസ് ഇക്കാര്യം തന്റെ സുവിശേഷത്തിന്റെ തുടക്കത്തിലേ പറഞ്ഞു വയ്ക്കുന്നുണ്ട്: “യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയയിലേക്ക് വന്നു. അവൻ പറഞ്ഞു: ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ.” (മർക്കോ 1, 14-15) ഇതാണ് the essence of his Gospel message – “ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”

ലോകം മുഴുവനുമുള്ള ദൈവമക്കളെ സുവിശേഷ പ്രഘോഷണം വഴി സുവിശേഷത്തിൽ, ദൈവരാജ്യത്തിൽ വിശ്വസിക്കുവാനും, അതിൽ സ്നാനം സ്വീകരിച്ചു ക്രിസ്തുമാർഗത്തിൽ എത്തിക്കാനുമുള്ള പ്രവർത്തനമാണ് ക്രിസ്തുവിന്റെ മിഷനറി പ്രവർത്തനദർശനം. ക്രിസ്തുവിന്റെ രക്ഷയിലേക്ക്, സന്തോഷത്തിലേക്ക്, സമാധാനത്തിലേക്ക് എല്ലാ ദൈവമക്കളെയും, വർഗ വർണ ജാതി വ്യത്യാസമില്ലാതെ കൊണ്ടുവരിക എന്നതാണ് ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിന്റെ കാതൽ.

ക്രിസ്തുവിന്റെ ദൈവരാജ്യ സങ്കല്പങ്ങളെ അവതരിപ്പിക്കുന്ന, ക്രിസ്തുവാണ് ഏകരക്ഷകനെന്ന് ജീവിതംകൊണ്ട് പ്രഘോഷിക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ ക്രിസ്തുവിന്റെ മിഷനറി ദർശനത്തിന്റെ പ്രതിഫലനങ്ങളാകുകയുള്ളു. അല്ലാത്തവയൊന്നും, എത്രവലിയ കോർപ്പറേറ്റ് മാനേജ് മെന്റ് സംവിധാനങ്ങളായാലും, ലോകത്തിലെ മറ്റു പ്രസ്ഥാനങ്ങളെ വെല്ലുന്നവയായാലും, ക്രിസ്തുവിന്റെ മിഷനറി ദർശനത്തിന്റെ പ്രകാശനങ്ങളാകുകയില്ല. മാത്രമല്ല,

ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതത്തിന്റെ structure, ഘടന എങ്ങനെയായിരിക്കണമെന്നുള്ളത് രൂപപ്പെട്ടുവരേണ്ട ഒന്നാണെന്ന് ഈശോയ്ക്കറിയാമായിരുന്നു. ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ സമൂഹത്തിനു ഭാവിയിൽ ഒരു ഭരണക്രമം വേണ്ടിവന്നാൽ അത് എങ്ങനെയായിരിക്കണം? ഈശോ അത് പറഞ്ഞിട്ടില്ല. അത് ഇന്നത്തെപ്പോലെ ഹയരാർക്കിക്കൽ ആകണോ, ജനാധിപത്യപരമാകണോ എന്നൊന്നും ഈശോ അവതരിപ്പിച്ചിട്ടില്ല. എന്നാൽ രണ്ടു കാര്യങ്ങൾ വളരെ വ്യക്തമാണ്. ഒന്ന്, രൂപപ്പെട്ടുവരേണ്ട ജീവിതത്തിന്റെ ഘടന ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിന് അനുസൃതമായിരിക്കണം. രണ്ട്, ക്രിസ്തുമാർഗ്ഗത്തിലേക്കു വരുന്നവർക്ക് സവിശേഷ ഗുണങ്ങൾ ഉണ്ടായിരിക്കണം.

ക്രിസ്തു മാർഗത്തിൽ വരുന്നവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ ഇവയാണ്:

‘ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതം, പ്രവർത്തനങ്ങൾ പൈശാചികമായിരിക്കില്ല. മാത്രമല്ല, അവരുടെ ജീവിതം വഴി, തിന്മയെ, പൈശാചികതയെ ഇല്ലാതാക്കാൻ അവർക്കു സാധിക്കും. അവർ, തങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളെ, സമൂഹങ്ങളെ വിശുദ്ധീകരിക്കുന്നവരാകും. അവർ പുതിയ ഭാഷകൾ, സ്നേഹത്തിന്റെ, കരുണയുടെ, വിശ്വസ്തതയുടെ, നീതിയുടെ ഭാഷകൾ സംസാരിക്കുന്നവരാകും. സർപ്പങ്ങളെപ്പോലെ വിഷം നിറഞ്ഞ മനസ്സുകളെ അവർ വിമലീകരിച്ചു നിഷ്കളങ്ക മനസ്സുള്ളവരാക്കും. മാരകമായതൊന്നും അവരെ ഉപദ്രവിക്കുകയില്ല. ജീവിതത്തിൽ വേദനകളുണ്ടെങ്കിലും, മുറിവുകളുണ്ടെങ്കിലും, അവർ ഉള്ളിൽ, മനസ്സിൽ, ഹൃദയത്തിൽ സൗഖ്യമുള്ളവരാകും. അവർ മറ്റുള്ളവർക്ക് സൗഖ്യം, സന്തോഷം നല്കുന്നവരായിരിക്കും.’

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ മാത്രം നാം വായിക്കുന്ന ഈ സവിശേഷ ഗുണങ്ങൾ ആദിമക്രൈസ്തവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷമാണ് ആദ്യം രചിക്കപ്പെട്ടത്. അന്നുണ്ടായിരുന്ന ക്രിസ്തുവിന്റെ ശിഷ്യരുടെ ആദിമക്രൈസ്തവരുടെ ജീവിതത്തിൽ അദ്ദേഹം ഈ ഗുണങ്ങളെല്ലാം കണ്ടിട്ടുണ്ടാകണം. ക്രിസ്തുവിന്റെ വചനങ്ങളുടെ നേർസാക്ഷ്യങ്ങളായി ആദിമക്രൈസ്തവർ ജീവിച്ചിരുന്നു എന്ന് ചരിത്രവും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനം, മിഷനറി പ്രവർത്തന ദർശനം, എല്ലാറ്റിലുമുപരി, തന്റെ ശിഷ്യർക്കുണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഒരുമിച്ചു ചേരുന്നതാണ് ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം. ഇത് വൈദികർക്ക്, സന്യസ്തർക്ക് മാത്രമുള്ളതല്ല. ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ ആണ്. എല്ലാ ക്രൈസ്തവരും ലോകമെങ്ങുപോയി, തങ്ങൾ ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ്. എല്ലാ ക്രൈസ്തവരും മിഷനറി പ്രവർത്തനം നടത്തേണ്ടവരാണ്. തങ്ങളുടെ മുൻപിൽ വരുന്നവരെ ക്രിസ്തു വിശ്വാസത്തിലേക്ക്, ക്രിസ്തു രക്ഷയിലേക്ക് നയിക്കേണ്ടവരാണ്. എല്ലാ ക്രൈസ്തവർക്കും ഈശോ പറയുന്ന സവിശേഷ ഗുണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അങ്ങനെ ലോകത്തിന്റെ മുൻപിൽ, ഞാൻ ക്രിസ്തുവിന്റെ മകളാണ്, മകനാണ് എന്ന് ധൈര്യത്തോടും, വിശ്വാസത്തോടുംകൂടി പ്രഖ്യാപിക്കുവാൻ കഴിയത്തക്ക ആർജവം നേടിയെടുക്കാനാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. ഉറപ്പുള്ള നട്ടെല്ലോടെ ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ ശോഭയിൽ, ക്രിസ്തു പറയുന്ന സവിശേഷഗുണങ്ങളുടെ തിളക്കത്തിൽ നിൽക്കുവാൻ കഴിയുമ്പോഴാണ് നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നത്. കാലുകൾ കൃത്യസ്ഥലത്തെന്നു ഉറപ്പാക്കിക്കൊണ്ട്, കാലുകൾ ക്രിസ്തുവിൽ ആണെന്ന്, ക്രിസ്തുവിന്റെ സുവിശേഷ മൂലങ്ങളിൽ ആണെന്ന് ഉറപ്പാക്കിക്കൊണ്ട് നിവർന്ന് ദൃഢതയോടെ നിന്ന് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നവരാകണം നാം ക്രൈസ്തവർ! ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന, ജീവിതംകൊണ്ട് ക്രിസ്തുവിലേക്ക് അനേകായിരങ്ങളെ ആകർഷിക്കുന്ന ക്രൈസ്തവവ്യക്തിത്വങ്ങൾക്ക് ഉടമകളാകുമ്പോൾ സ്നേഹമുള്ളവരേ, നമ്മുടെ ഓരോ വാക്കും, നോട്ടവും, ഓരോ ചുവടും മിഷനറി പ്രവർത്തന ചൈതന്യമുള്ളതാകും. വിടർന്നു വിലസുന്ന ഒരു റോസാപ്പൂവിന്റെ മനോഹാരിത ആർക്കെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? ആ പൂവിന്റെ അസ്തിത്വം തന്നെ അതിന്റെ സാന്ദര്യം പ്രഘോഷിക്കുകയല്ലേ?

വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 7 ൽ സ്നാപകയോഹന്നാന്റെ ശിഷ്യന്മാർ വന്നു ഈശോയുടെ ചോദിക്കുന്നുണ്ട്, നീ തന്നെയാണോ മിശിഹായെന്ന്. ചോദ്യം ഇങ്ങനെ മനസ്സിലാക്കാം. ദൈവരാജ്യം പ്രഘോഷിക്കാൻ വന്ന, ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കാൻ വന്ന മിശിഹാ നീയാണോ? ഈശോ രണ്ടാമതൊന്നു ആലോചിക്കാൻ നിൽക്കാതെ പറഞ്ഞു, ‘പോയി നിങ്ങൾ കാണുന്ന എന്റെ ജീവിതം, എന്റെ പ്രവർത്തനങ്ങൾ എന്തെന്ന് സ്നാപകയോഹന്നാനോട് പറയുക.’ ഈശോക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടായിരുന്നു. കാരണം, ദൈവികത, ദൈവരാജ്യം കതിരിട്ടു നിന്ന, നിറഞ്ഞു നിന്ന, ഫലം ചൂടി നിന്ന ജീവിതമായിരുന്നു ക്രിസ്തുവിന്റേത്.

ഫ്രഞ്ച് തത്വ ചിന്തകനായ ജാക്വെസ് ദെറീദ (Jacques Derrida 1930-2004) യുടെ Deconstruction theory യിൽ, അപനിർമാണ സിദ്ധാന്തത്തിൽ പറയുന്നതിനെ ഇതോടു ചേർത്ത് പ്രതിപാദിക്കാവുന്നതാണ്. അദ്ദേഹം പറയുന്നത്, the essence is to be found in the appearance എന്നാണ്. ഏതെങ്കിലും വസ്തുവിന്റെയോ, വ്യക്തിയുടെയോ സത്ത, essence വസ്തുക്കളുടെ, വ്യക്തികളുടെ ഉള്ളിൽ മാത്രമല്ല അവയുടെ അസ്തിത്വം മുഴുവനും നിറഞ്ഞു നിൽക്കും. മാത്രമല്ല, അവ അത് കാണിക്കുകയും ചെയ്യും. ഒരു കല്ല് ആ കല്ലിന്റെ സത്തയെ, essence നെ മുഴുവൻ വെളിപ്പെടുത്തും. അത് കല്ലാണെന്നും, പരുപരുത്തതാണെന്നും, ഭാരമുള്ളതാണെന്നും … അങ്ങനെ അതിന്റെ സത്തയെ വെളിപ്പെടുത്തിക്കൊണ്ടാണ് അത് ഈ ഭൂമിയിൽ കാണപ്പെടുന്നത്. അതായത്, ദൈവരാജ്യമെന്ന, സുവിശേഷ പ്രഘോഷണമെന്ന ക്രിസ്തുമതത്തിന്റെ സത്ത essence അതിന്റെ പ്രവർത്തനങ്ങളാകുന്ന, ജീവിതമാകുന്ന appearance ൽ നിറഞ്ഞു നിൽക്കണം. അല്ലെങ്കിൽ രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കും, തികച്ചും വൈരുധ്യങ്ങളിലൂടെ. Essence ഉം appearance ഉം വൈരുധ്യം നിറഞ്ഞതായാൽ വളരെ വികൃതമായിരിക്കും ആ അവസ്ഥ!

ഒന്ന് ഭാവന ചെയ്യുക. ഒരു അക്രൈസ്തവൻ നമ്മുടെ അടുത്ത് വരുന്നു. അയാൾ ചോദിക്കുന്നു: ” സുഹൃത്തേ, നിങ്ങളുടെ ക്രൈസ്തവ ജീവിതം എന്ന് പറഞ്ഞാൽ എന്താണ്? ശരിക്കും ഒരു ക്രിസ്ത്യാനി ആരാണ്?” നിങ്ങൾക്ക് നിങ്ങളിൽ തന്നെ വിശ്വാസമുണ്ടെങ്കിൽ, പറയാൻ ധൈര്യമുണ്ടെങ്കിൽ നിങ്ങൾ പറയും: സുഹൃത്തേ, നീ എന്റെ ജീവിതം, ഞങ്ങൾ ക്രൈസ്തവരുടെ ജീവിതം, പ്രവർത്തനങ്ങൾ നോക്കൂ… അതിൽ കതിരിട്ടു നിൽക്കുന്ന ക്രിസ്തുവിനെ നിനക്ക് കാണാൻ കഴിയും.” അപ്പോൾ ആ സഹോദരൻ തനിക്കുചുറ്റും കാണുന്ന ക്രൈസ്തവ സാന്നിധ്യങ്ങളെ നിരീക്ഷിക്കും. ആ സഹോദരൻ, ക്രൈസ്തവ ജീവിതങ്ങളിൽ, ക്രൈസ്തവ സ്ഥാപനങ്ങളിൽ, കോളേജുകളിൽ, ക്രൈസ്തവ കുടുംബങ്ങളിൽ, മിഷനറി പ്രവർത്തനങ്ങളിൽ കതിരിട്ടു നിൽക്കുന്ന ദൈവരാജ്യ മൂല്യങ്ങൾ കാണും. അവയിൽ, നിറഞ്ഞു നിന്ന് പുഞ്ചിരിക്കുന്ന ക്രിസ്തുവിനെ കണ്ടു പുളകമണിയും. (pause)

അങ്ങനെ പുളകമണിയണമെങ്കിൽ അയാൾ കണ്ണ് പൊട്ടനായിരിക്കണമെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? സ്നേഹമുള്ളവരേ, അങ്ങനെ ഒരാൾ വന്നു ചോദിച്ചാൽ എന്ത് ഉത്തരം ഞാൻ കൊടുക്കും? (pause) ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം, സുവിശേഷ ദർശനം പ്രാവർത്തികമാക്കാൻ നാം പരാജയ പെട്ടെന്നാണോ?

എങ്കിൽ ഒരു പൊളിച്ചെഴുത്തിനുള്ള സമയമായി. രണ്ടു കാര്യങ്ങളെ ഈശോ പറയുന്നുള്ളു. ഒന്ന്, എന്ത് പ്രഘോഷിക്കണം. രണ്ട്, എങ്ങനെ പ്രഘോഷിക്കണം. ഒന്ന് നമ്മുടെ സുവിശേഷ ദൗത്യം. രണ്ട്, നമ്മുടെ ജീവിതം, സഭയുടെ പ്രവർത്തനരീതികൾ. ഒരു കഥയിങ്ങനെയാണ്.

ഉയർന്ന ഒരു ഉദ്യോഗസ്ഥന്റെ പുത്രൻ യു പി സ്‌കൂളിൽ പഠിക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥന്റെ വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്‌. മകനെ സ്‌കൂളിൽ കൊണ്ടുപോയി ആക്കുന്നത് ഓരോ ദിവസവും ഓരോ ജോലിക്കാരന്റെയും കടമയാണ്. ഒന്നാമൻ കുട്ടിയെ സ്കൂളിൽ കൊണ്ട് പോകുന്നത് വളരെ അലസമായ രീതിയിലായിരുന്നു. അയാൾ കുട്ടിയുടെ കൈ പിടിച്ചു ഗെയ്റ്റ് വരെ നടക്കും. അത് കുട്ടിയുടെ അച്ഛനമ്മമാരെ കാണിക്കാനായിട്ടാണ്. പിന്നീട് അയാൾ വളരെ അലക്ഷ്യമായി നടക്കും. കുട്ടിയോട് വളരെ ദേഷ്യത്തിൽ തന്റെ കൂടെ വരുവാൻ ആജ്ഞാപിക്കും. വഴിയിൽ വച്ചയാൾ സിഗരറ്റു കത്തിച്ചു വലിയ്ക്കും; ആളുകളെ ചീത്തപറയും. ഇതെല്ലാം കുട്ടി കാണുന്നുണ്ട്. വഴിയിൽ നായകളെ കാണുമ്പോൾ കുട്ടിക്ക് പേടിയാണ്. അപ്പോൾ കുട്ടി അയാളോട് ചേർന്ന് നടക്കും. സ്‌കൂൾ മുറ്റത്തെത്തിയപ്പോൾ അയാൾ പുറകിലേക്ക് നോക്കും. കുട്ടി സ്‌കൂൾ മുറ്റത്തു കയറിയെന്നു കാണുമ്പോൾ യാത്രപോലും പറയാതെ അയാൾ മടങ്ങിപ്പോകും. അയാൾ ജോലി ചെയ്തില്ല എന്ന് പറയുവാൻ പറ്റില്ല. പക്ഷെ ചെയ്യേണ്ട വിധം ചെയ്തുവോ?

രണ്ടാമത്തെ ദിവസം ആ കുട്ടി രണ്ടാമത്തെ ജോലിക്കാരനോടൊപ്പമാണ് ജോലിക്കു പോയത്. വീട്ടിൽ നിന്ന് അയാൾ കുട്ടിയുടെ കയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങി. പിന്നീട് ആ കൈ വിട്ടത് സ്‌കൂളിൽ എത്തിയ ശേഷമാണ്. വഴിയിൽ കുട്ടിക്ക് നായയെ പേടിക്കേണ്ടി വന്നില്ല. വഴിയിൽ വെച്ച് ഒന്ന് സ്വതന്ത്രനായെങ്കിൽ എന്ന് കുട്ടി ആഗ്രഹിച്ചു. പക്ഷെ അയാൾ പിടി വിട്ടില്ല. വഴിയരുകിൽ കണ്ട ഒരു മനോഹരമായ പുഷ്പം പറിച്ചു തരാവോയെന്ന് ചോദിച്ചപ്പോഴും അയാൾ സമ്മതിച്ചില്ല. ആ പൂവിന്റെ പേരെന്തെന്നു കുട്ടി ചോദിച്ചു. അതും തന്റെ ദൗത്യമല്ലെന്നു അയാൾ കരുതി. അങ്ങോട്ടും ഇങ്ങോഒട്ടും നോക്കാതെ നേരെ നടക്കുവാൻ അയാൾ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി നിശ്ശബ്ദനായി നടന്നു സ്‌കൂളിലെത്തി.

പിറ്റേന്ന് കുട്ടി മൂന്നാമത്തെ ജോലിക്കാരന്റെ കൂടെയാണ് സ്‌കൂളിൽ പോയത്. കുട്ടിയുടെ കൈ പിടിച്ചു സഹായിക്കേണ്ട സമയങ്ങളിൽ മാത്രം അയാൾ കൈ പിടിച്ചു. അല്ലാത്തപ്പോൾ സ്വതന്ത്രനായി നടക്കാൻ അനുവദിച്ചു. നായകളെ കണ്ടപ്പോൾ ജാഗ്രതയോടെ നിലകൊണ്ടു. നടന്നുപോകും വഴി കുട്ടി ഒരു പാട്ടു പാടിയപ്പോൾ

അയാൾ അവനെ പ്രോത്സാഹിപ്പിച്ചു. വഴിവക്കിൽ കണ്ട പൂക്കളുടെയും പൂമ്പാറ്റകളുടെയും, കായ്കനികളുടെയും പേരുകൾ കുട്ടി ചോദിച്ചുകൊണ്ടിരുന്നു. ചോദ്യങ്ങളേയും ആകാംക്ഷകളെയും തല്ലിക്കെടുത്താൻ അയാൾ ശ്രമിച്ചില്ല. ജിജ്ഞാസയുടെ അഗ്നി ആളിക്കത്തിക്കുന്ന വിറകുകൊള്ളിയായിരുന്നു അയാളുടെ ഓരോ മറുപടിയും. കഥപറയാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ഒരു കഥയും പറഞ്ഞു. അന്ന് കുട്ടി സ്‌കൂളിൽ എത്തിയത് അറിഞ്ഞതേയില്ല.

മൂന്ന് ജോലിക്കാരും ഒരുപോലെ ശമ്പളം വാങ്ങുന്നവരായിരുന്നു. മൂന്നുപേരും അവരുടെ ജോലി നിർവഹിക്കുകയും ചെയ്തു. എന്നാൽ, എങ്ങനെ?

സമാപനം

സ്നേഹമുള്ളവരെ, നമ്മുടെ സുവിശേഷ ദൗത്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുമ്പോൾ ധാരാളം implications ഉള്ള, ധാരാളം പ്രത്യാഘാതങ്ങളും പ്രതിഫലനങ്ങളും ഉള്ള കഥയാണിത്. ഈ ലോകത്തെ ക്രിസ്തുവിലേക്കു നയിക്കുവാനുള്ള നമ്മുടെ ദൗത്യം ഏതു രീതിയിലാണ് നമ്മുടെ ജീവിതത്തിലൂടെ നിർവഹിക്കപ്പെടുന്നത് എന്ന് ചിന്തിക്കാൻ നമുക്കാകണം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുന്ന മനുഷ്യർക്ക് ക്രിസ്തുവിന്റെ മുഖമാകാൻ നാമെല്ലാവരും മുന്നിട്ടിറങ്ങിയിരിക്കുന്നത് ആശാവഹമാണ്. ഒരു പള്ളിയുടെ മുൻപിൽ കുറെ ഭക്ഷ്യവിഭവങ്ങൾ വച്ചിട്ട് അവിടെ എഴുതിവച്ചിരിക്കുകയാണ് “ഇത് നിങ്ങൾക്കുള്ളതാണ്, ആവശ്യക്കാർക്ക് ഉള്ളതാണ്.” ക്രിസ്തുവിന്റെ ഹൃദയമാണത്. ധാരാളം പള്ളികളും സന്യാസ സ്ഥാപനങ്ങളും, ധാരാളം ക്രൈസ്തവർ വ്യക്തിപരമായും സ്നേഹമേകാൻ, സൗഖ്യമേകാൻ, സാന്ത്വനമേകാൻ അങ്ങനെ ക്രിസ്തുവിനെ നൽകാൻ തയ്യാറായി വരുന്നത് കാണുമ്പോൾ ക്രിസ്തു ഇന്നത്തെ സുവിശേഷത്തിൽ പറഞ്ഞ സവിശേഷഗുണങ്ങളുള്ള ക്രൈസ്തവരായി നാം മാറുകയാണ്. ദൈവത്തിന് സ്തുതി!

സ്നേഹമുള്ളവരേ ഓർക്കുക, നമുക്കെതിരെ വരുന്ന ശത്രുക്കളെ നമ്മുടെ നല്ല ക്രൈസ്തവജീവിതംകൊണ്ട്, ക്രിസ്തു പറയുന്ന സവിശേഷ ഗുണങ്ങളാൽ നിറഞ്ഞ ജീവിതംകൊണ്ട് മാത്രമേ തോൽപ്പിക്കുവാൻ സാധിക്കൂ, അത് മഹാമാരികളായാലും മുസ്‌ലിം തീവ്രവാദ രാഷ്ട്രീയമായാലും, വർഗീയ രാഷ്ട്രീയമായാലും.

ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, ആകാംക്ഷയോടെ ക്രിസ്തുവിനെ അറിയുവാൻ വരുന്നവർക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുക്കുവാൻ നമുക്ക്, നമ്മുടെ കുടുംബങ്ങൾക്ക്, സഭയ്ക്ക് കഴിയട്ടെ. അതാണ് ഇന്നത്തെ നമ്മുടെ ചലഞ്ച്! ഈ വിശുദ്ധ കുർബാന അതിനായി നമ്മെ ശക്തിപ്പെടുത്തട്ടെ. ആമേൻ!

https://sajuspai.wordpress.com/2021/05/15/sunday-sermon-mk-16-9-20-2/

മരണമെൻ കൈപിടിച്ച് Maranamen Kaipidichu…Kester

മരണത്തിന്റെ തീവ്ര അനുഭവങ്ങളിലൂടെ കടന്നുപോയ മനസ്സിന്റെ മരണാനുഭവക്കാഴ്ചകൾ… സ്വർഗീയ ദർശനങ്ങൾ…
ഞാനും നീയും ഏതു നിമിഷവും അഭിമുഖീകരിക്കേണ്ട മരണമെന്ന ജീവിത സത്യത്തിൽ മനസ്സുപതറാതെ കരുത്തരായി മുന്നോട്ടു നീങ്ങുവാൻ ഈ ഗാനം പ്രചോദനമാകട്ടെ….

Lyrics : James Kunnumpuram
Music : Edwin Karikkampillil
Singer : Kester
Chorus: Sneha and Sonya
Audio – Visual Direction & Editing :Fr. Xavier Kunnumpuram mcbs
Orchestration and Mixing : Pradeep Tom
Voice Recording :Lal Studio, EKM
Published by Tone of Christ Media
Production : JMJ CANADA INC

Lyrics:

മരണമെൻ കൈപിടിച്ചകലുന്ന നേരം

ദേഹമെൻ ദേഹിയെ പിരിയുന്ന നേരം,

ഇഹലോക ചിന്തകൾ വെടിയുന്ന യാമം,

ഞാനൊരുപുതുഗേഹം അണയും മുഹൂർത്തം.

ആത്മാക്കൾ നിഴലായ് നിർവൃതിയടയുന്ന

വേറിട്ട രൂപങ്ങൾ കണ്ടുനിൽക്കേ,

മാലാഖയൊരു പുസ്തകത്താളിനുള്ളിൽ

അതിഥിയായെന്റെയും പേരുചേർത്തു.

ഇനിയില്ലാ എന്നുടെ പഴമകൾ

ഏതുമേ പുതുമകൾ ആണെന്റെ നാഥനൊപ്പം

സുഖമുള്ളൊരോർമയായ് വീടുവിട്ട്

എൻ നാഥനൊപ്പമൊന്നുറങ്ങിടട്ടെ ..