പുരോഹിതൻ പരാജയപ്പെട്ട രാത്രി

ഒരു കൊച്ചു പട്ടണത്തിൽ ഒരു പുരോഹിതൻ സ്ഥലം മാറി വന്നു. അധികം വിശ്വാസികൾ വിശുദ്ധ ബലി അർപ്പണത്തിനു വരുന്ന സ്ഥലമായിരുന്നില്ല അത്. വിശുദ്ധ കുർബാനയോടു അതിരറ്റ ഭക്തി ഉണ്ടായിരുന്ന ആ കൊച്ചച്ചൻ വിശ്വാസികളെ അതിലേക്കു കൊണ്ടുവരുന്നതിനായി തന്നാൽ കഴിയും വിധം പരിശ്രമിച്ചു. ഒരു മാസം കഴിഞ്ഞു. അന്നു വൈകിട്ടാണ് വിശുദ്ധ കുർബാന. ഇന്നെങ്കിലും കുറെ ആളുകൾ വന്നിരുന്നെങ്കിൽ എന്നദ്ദേഹം ആശിച്ചു. ആളുകൾ വരാത്തതിനാൽ പതിനഞ്ചു മിനിറ്റു കഴിഞ്ഞാണ് ദിവ്യബലി ആരംഭിച്ചത്.ആദ്യം മൂന്നു കുട്ടികൾ വന്നു, അഞ്ചു മിനിറ്റിനു ശേഷം രണ്ടു യുവാക്കളും ദൈവാലയത്തിലേക്ക് വന്നു. അഞ്ചു പേരുമായി ആ വൈദീകൻ കുർബാന ആരംഭിച്ചു. കുർബാനക്കിടയിൽ ഒരു ഭാര്യയും ഭർത്താവും ദൈവാലയത്തിലേക്കു വന്നു അവസാന നിരയില ബഞ്ചിൽ രണ്ടറ്റത്തുമായി അവർ ഇരിപ്പുറപ്പിച്ചു. അല്പ സമയത്തിനു ശേഷം വചന സന്ദേശം നൽകുന്നതിനിടയിൽ മുഷിഞ്ഞ വേഷം ധരിച്ച ഒരു മനുഷ്യൻ കൈയ്യിൽ ഒരു കയറു പള്ളിയിലേക്കു വരുന്നത് വൈദികൻ പ്രത്യേകം ശ്രദ്ധിച്ചു. ആളുകൾ കുറവായിരുന്നതിൻ്റെ നിരാശ മുഖത്തുണ്ടായിരുന്നെങ്കിലും ആ കൊച്ചച്ചൻ ഭക്തിപൂർവ്വം ബലി അർപ്പിക്കുകയും തീക്ഷ്ണണമായി പ്രസംഗിക്കുകയും ചെയ്തു.

ആ രാത്രിയിൽ പള്ളിമുറിയിൽ രണ്ടു കള്ളന്മാർ അതിക്രമിച്ചു കയറി അച്ചനെ അടിച്ചു വീഴ്ത്തി, ബൈബിളും കുരിശു രൂപമുൾപ്പെടെ വിലപ്പെട്ട സാധനങ്ങൾ കവർന്നെടുത്തു.ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന ആ വൈദീകൻ ആ ദിനത്തെ കുറിച്ചു മൂന്നു വരികൾ മാത്രം ഡയറിയിൽ എഴുതി.എൻ്റെ ജീവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ ദിവസംഎൻ്റെ അജപാലന ജീവിതത്തിൽ ഏറ്റവും പരാജയപ്പെട്ട ദിനംഎൻ്റെ കരിയറിലെ ഏറ്റവും ഫലശൂന്യമായ ദിവസം വർഷങ്ങൾ കടന്നു പോയി കൊച്ചച്ചൻ വല്യച്ചനായി രൂപാന്തരം പ്രാപിച്ചു. പുതിയ ഇടവകയിൽ വർഷങ്ങൾക്കു മുമ്പ് തനിക്കുണ്ടായ അനുഭവം ഒരു വിശുദ്ധ ബലി മധ്യേ അദ്ദേഹം പങ്കുവച്ചു.

വിശുദ്ധ കുർബാനയ്ക്കു ശേഷം ഒരു വൃദ്ധ ദമ്പതികൾ അച്ചനെ സന്ദർശിക്കാൻ വന്നു. വർഷങ്ങൾക്കു മുമ്പ് ആ ദൈവാലയത്തിൽ ഏറ്റവും പിറകിലത്തെ ബഞ്ചിലിരുന്ന ദമ്പതികൾ ഞങ്ങളാണ്. പല അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായിരുന്നു. വിവാഹ മോചനത്തിൻ്റെ വക്കിലെത്തിയിരുന്നു ഞങ്ങളുടെ ദാമ്പത്യം. അവസാന പരീക്ഷണം പോലെ ഒരുമിച്ചു ഒന്നു പ്രാർത്ഥിക്കാനാണ് അന്നു ആ ദൈവാലയത്തിൽ ഞങ്ങൾ എത്തിയത്. അന്നത്തെ അച്ചൻ്റെ വചന സന്ദേശം ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഞങ്ങൾ പരസ്പരം പങ്കുവയ്ക്കുവാനും ക്ഷമിക്കാനും തുടങ്ങി. അതു ഞങ്ങളെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. ഞങ്ങളുടെ ദാമ്പത്യ വിജയത്തിൻ്റെ അടിസ്ഥാനം , അച്ചനു ഏറ്റവും സങ്കടം സമ്മാനിച്ച ദിവസത്തിൽ അച്ചൻ അർപ്പിച്ച ദിവ്യബലിയും നൽകിയ വചന സന്ദേശവുമാണ്.

വൃദ്ധ ദമ്പതികളോടു സംസാരിച്ചുകൊണ്ടിരിക്കേ , ആ പള്ളിയെ വളരെക്കാലമായി സഹായിച്ചുകൊണ്ടിരിക്കുന്ന ഒരു ബിസനസുകാരൻ അവിടെ എത്തി. ദൈവമേ സ്തുതി എന്നു പറഞ്ഞു ആ മാന്യദേഹം സംസാരം ആരംഭിച്ചു.അച്ചാ അച്ചൻ പറഞ്ഞ കഥയിൽവചന സന്ദേശത്തിനടയ്ക്ക് കയ്യിൽ ഒരു കയറുമായി മുഷിഞ്ഞ വേഷം ധരിച്ച് പള്ളിയിലേക്കു കയറി വന്ന ഭ്രാന്തനായ ആ മനുഷ്യൻ ഞാനാണ്. ബിസനസിൽ പരാജയപ്പെട്ട് , സാമ്പത്തിക ബാധ്യത കൂടപ്പിറപ്പായപ്പോൾ, മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടി. പീഢനം സഹിക്കാനാവാതെ ഭാര്യയും മക്കളും എന്നെ വിട്ടു പോയി. ആത്മഹത്യ ചെയ്യുന്നതിനായി ഞാൻ ഒരു മരത്തിൽ തൂങ്ങി, നിർഭാഗ്യമെന്നു പറയട്ടെ കയർ പൊട്ടി ഞാൻ നിലത്തു വീണു. എന്നിട്ടും ദൈവത്തിൻ്റെ കരുതൽ മനസ്സിലാകാത്ത ഞാൻ, വീണ്ടും സ്വയം മരണത്തിനു കീഴടങ്ങാൻ കയർ വാങ്ങി തിരിച്ചു വരുമ്പോഴാണ് വഴിയരികിലെ ദൈവാലയത്തിൽ കയറാൻ ഒരു ഉൾപ്രേരണ ഉണ്ടായത്. അപ്പോൾ അങ്ങ് വചനം പങ്കു വയ്ക്കുകയായിരുന്നു ,ആ വാക്കുകൾ ഓരോന്നും എനിക്കു വേണ്ടി മാത്രം പറയുന്നതായി അനുഭവപ്പെട്ടു. ഹൃദയംനൊന്തു കരഞ്ഞുകൊണ്ട് അന്നു ഞാൻ പള്ളിയിൽ നിന്നിറങ്ങി. അതെൻ്റെ രണ്ടാം ജന്മമായിരുന്നു. മദ്യവും മയക്കുമരന്നും ഞാൻ ഉപേക്ഷിച്ചു. ഭാര്യയോടും മക്കളോടും ക്ഷമ പറഞ്ഞു, തിരികെ വീട്ടിലേക്കു കൂട്ടികൊണ്ടുവന്നു. ചെറിയ തോതിൽ പുനരാരംഭിച്ച ബിസനസ് ദൈവകൃപയാൽ ഇന്നു നല്ല നിലയിലെത്തി. അച്ചാ, അജപാലന ശുശ്രൂഷയിൽ അച്ചൻ ഏറ്റവും പരാജയപ്പെട്ട ദിനം എൻ്റെ രണ്ടാം ജന്മദിനമാണച്ചാ.

ഈ സംസാരത്തിനിടയിൽ സങ്കീർത്തിയിൽ നിന്നു ഒരു ഡീക്കൻ വിളിച്ചു പറഞ്ഞു. അച്ചൻ്റെ ജീവിത കഥയിലെ വില്ലൻ ഞാനാണച്ചാ. അന്നു പള്ളിമുറിയിൽ കവർച്ച ചെയ്യാൻ കയറിയവരിൽ ഒരുവനാണ് ഞാൻ. അന്നു രാത്രിയിലെ രണ്ടാമത്തെ മോഷണശ്രമത്തിനിടയിൽ എൻ്റെ കൂട്ടുകാരൻ കൊല്ലപ്പെട്ടു. പിന്നിടുള്ള ജീവിതയാത്രയിൽ അന്നു അച്ചൻ്റെ മുറിയിൽ നിന്നു മോഷ്ടിച്ച ബൈബിളായിരുന്നു എൻ്റെ ജീവ താളം. തിരുവചനം എന്നെ ദൈവത്തോടും സഭയോടും അടുപ്പിച്ചു. അച്ചൻ്റെ കരിയറിലെ ഏറ്റവും ഫലശൂന്യമായ ദിവസമാണ് എനിക്കു ദൈവത്തെയും സഭയേയും തന്നത്. കരയനല്ലാതെ മറ്റൊന്നിനും ആ പുരോഹിതു സാധിച്ചില്ല.

അന്നു രാത്രി ആ വല്യച്ചൻ തൻ്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചു. തോൽവികൾ എന്നു കരുതി ഞാൻ കരഞ്ഞ രാത്രികളിലായിരുന്നു കിരീടുവമായി എൻ്റെ ദൈവം എന്നെ സന്ദർശിച്ചത്. ഓ പുരോഹിതാ നിൻ്റെ തോൽവികൾ പലതും അപരനു സൗഖ്യം നൽകുന്ന ലേപനങ്ങളാണ്. നിൻ്റെ കണ്ണീർ തുള്ളികൾ ദൈവ തിരുമുമ്പിലുള്ള പുണ്യപുഷ്പങ്ങളാണ് ആരും ഗ്രഹിക്കാത്ത നിൻ്റെ തീവ്ര വേദനകൾ അനേകർക്കു പുതു വെളിച്ചം നൽകിയ രാവുകളായിരുന്നു.

NB : ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയൽ പ്രചരിച്ച ഒരു സ്പാനിഷ് കഥയുടെ സ്വതന്ത്രാവിഷ്കാരമാണിത്.

ഫാ. ജയ്സൺ കുന്നേൽ mcbs.